ആനക്കൊമ്പ് കേസ്: പ്രതിയെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ പിടിയിലായ കടവന്ത്ര സ്വദേശി മനീഷ്‌കുമാര്‍ ഗുപ്തയെ കോടതി മൂന്നുദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ക്ക് ആനക്കൊമ്പ് നല്‍കിയ അങ്കമാലി സ്വദേശി ജോസിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവത്തിനുശേഷം മുങ്ങിയ ജോസിനെ പിടികൂടാന്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.
ഇന്നലെ വൈകിട്ട് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കോടനാട് റെയ്ഞ്ച് ഓഫിസര്‍ നല്‍കിയ അപേക്ഷ അംഗീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. ആനക്കൊമ്പ് കടത്താനുപയോഗിച്ച വാഹനം കണ്ടെത്താനുണ്ടെന്നും കള്ളക്കടത്തുകാരുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വനംവകുപ്പ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. മനീഷ് ഗുപ്തക്കുവേണ്ടി കൊച്ചിയില്‍ നിന്നുള്ള ഒരു അഭിഭാഷകനും ഹാജരായിരുന്നു. തുടര്‍ന്ന് പ്രതിയെ മേക്കപ്പാലം പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി. ഇന്നുമുതല്‍ വനംവകുപ്പ് ഇയാളെ ചോദ്യംചെയ്യും.
ആനക്കൊമ്പും മാന്‍കൊമ്പും സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ നല്‍കിയിട്ടുള്ള മൊഴി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. അങ്കമാലി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള ഏഴുവര്‍ഷം മുന്‍പ് ചരിഞ്ഞ ആനയുടെ കൊമ്പുകളാണിതെന്നും സൂക്ഷിക്കാനായി തന്നെ ഏല്‍പ്പിച്ചതാണെന്നും നിയമപ്രകാരം ഇതിന് കരാറുണ്ടാക്കിയിട്ടുണ്ടെന്നുമാണ് മനീഷ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. തെളിവായി ഹാജരാക്കിയ ഉടമ്പടി വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ആനക്കൊമ്പ് പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ മനീഷിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളാരോ ആണ് ഇത്തരമൊരു ഉടമ്പടി ഉണ്ടാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ജോസും മനീഷും ഒപ്പുവച്ചിട്ടുള്ള ഈ ഉടമ്പടി വ്യാജമാണെന്ന് തെളിഞ്ഞാല്‍ വ്യാജരേഖയുണ്ടാക്കിയതിനും ഇയാള്‍ക്കെതിരേ കേസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."