മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം
ടി.വി അബൂബക്കര്‍
കൂറ്റനാട്: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം പെരുകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. നൂറുകണക്കിന് തൊഴിലാളികളാണ് ലോഡ്ജുകളിലും കോര്‍ട്ടേഴ്‌സുകളിലും വീടുകളിലുമായി തങ്ങിവരുന്നത്. കൃത്യമായ മേല്‍വിലാസമോ രേഖകളോ ഇല്ലാത്തവരാണ് ഏറിയ ആളുകളും.
ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്നും പശ്ചിമബംഗാള്‍, അസം, ഒറിസ, യു.പി, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുവരെയുള്ള ആളുകള്‍ ഇവിടെ തങ്ങുന്നുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായുള്ളവരും ലഹരിമരുന്ന് കടത്തുന്നവരും വരെ ഇക്കൂട്ടത്തില്‍ ഉള്ളതായാണ് അറിവ്. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഉടമസ്ഥര്‍ ഇവര്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നത്. ഒരു റൂമില്‍ 10 പേര്‍വരെ താമസിപ്പിക്കുകയും തലയെണ്ണി വാടക വാങ്ങുകയുമാണ് ഉടമസ്ഥര്‍ ചെയ്യുന്നത്.
താമസിക്കുന്ന തൊഴിലാളികളുടെ യഥാര്‍ഥ വിവരങ്ങള്‍ അതത് പൊലിസ് സ്റ്റേഷനില്‍ അറിയിക്കാനും കെട്ടിട ഉടമസ്ഥര്‍ ശ്രമിക്കാറില്ല. മാത്രമല്ല ഇത്രയും ആളുകള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പോലും കുറവായതിനാല്‍ പാതയോരങ്ങളും പുഴയോരങ്ങളും പൊതുസ്ഥലങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിനാല്‍ അന്തരീക്ഷം വൃത്തിഹീനമായി മാറുകയും താമസസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളും ഉടലെടുക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇതരസംസ്ഥാന തൊഴിലാളികള്‍ മദ്യപിച്ചും ലഹരി ഉപയോഗിച്ചും നടത്തുന്ന അടിപിടിയും കൈയേറ്റങ്ങളും ടൗണില്‍ നിത്യസംഭവങ്ങളാണ്.
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പരിശോധിച്ചു ഉറപ്പ് വരുത്താനും ഇവരുടെ രേഖകള്‍ അതത് പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കി കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുവാനും പൊലിസും ഉദ്യോഗസ്ഥരും തയാറാകണമെന്നും ഇവരുടെ താമസയിടങ്ങളില്‍ ശുചിത്വം പാലിക്കുന്നതിനും മാലിന്യം സംസ്‌കരിക്കുന്നതിനും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും മറ്റും സൗകര്യങ്ങള്‍ ഒരുക്കി കൊടുത്ത് പരിസരം വൃത്തിയുള്ളതാക്കാന്‍ കെട്ടിട ഉടമസ്ഥര്‍ തയാറാകണമെന്നും നിശ്ചിത സംഖ്യയില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നത് കണ്ടെത്തി അവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസ് തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."