കലക്ടര്‍ തിരുത്തി; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമുള്ള സെല്‍ഫി ഇനി വേണ്ട
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാന്‍ അവര്‍ക്കൊപ്പം നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുത്ത് അയക്കണമെന്ന നിര്‍ദേശം കലക്ടര്‍ തിരുത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീട്ടില്‍ എത്തുന്ന അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സെല്‍ഫി എടുക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കലക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍ദേശം നല്‍കി.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ജീവിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ ഇവര്‍ക്കൊപ്പം നിന്നുള്ള സെല്‍ഫി എടുക്കണമെന്ന് കലക്ടര്‍ ജില്ലാ എന്‍ഡോസള്‍ഫാന്‍ സെല്‍ വഴി കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദേശം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നടപടിയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും നടത്തി. ഇന്നലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് സെല്‍ഫി നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ നേരിട്ട് തന്നെ ദുരിതബാധിതരെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കേണ്ടതാണെന്നും അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരും ഇതൊരു അറിയിപ്പായി കണക്കാക്കി ഭാവി പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞകാലത്ത് അഞ്ചു മാസത്തോളം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയതായി മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. പിന്നീട് ഈ പ്രശ്‌നം പരിഹരിക്കുകയും എല്ലാ ദുരിതബാധിതര്‍ക്കും പെന്‍ഷന്‍ നല്‍കുകയും ചെയ്തു. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഭാവിയില്‍ ഇത്തരം പരാതികള്‍ ഇല്ലാതിരിക്കാനുമാണ് സൂപ്പര്‍വൈസര്‍മാര്‍ നിര്‍ബന്ധമായും ഭവന സന്ദര്‍ശനം നടത്തുകയും ഇത് ഉറപ്പുവരുത്തുന്നതിന് ഭവനത്തിനു മുന്നില്‍ നിന്നുള്ള സെല്‍ഫി എടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ ചില വീഴ്ചകള്‍ ഉണ്ടായതായി മാധ്യമങ്ങളില്‍നിന്ന് അറിഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."