ജില്ലാ ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി
ജയപ്രകാശ് വണ്ടൂര്‍
വണ്ടൂര്‍: കുട്ടി ശാസ്ത്രജ്ഞന്‍മാരുടെ കണ്ടുപിടുത്തങ്ങള്‍ക്ക് താത്കാലിക ഇടവേള നല്‍കി വണ്ടൂരില്‍ നടന്ന ജില്ല ശാസ്‌ത്രോത്സവത്തിന് സമാപനം. സംസ്ഥാന ശാസ്‌ത്രോത്സവം 23, 24, 25 ദിവസങ്ങളില്‍ കണ്ണൂരില്‍ നടക്കും. വണ്ടൂര്‍ വി.എം.സി ഹയര്‍സെക്കന്‍ഡറി, എറിയാട് എ.യു.പി സ്‌കൂള്‍, തിരുവാലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വണ്ടൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു മത്സരങ്ങള്‍ നടന്നത്.
17 ഉപജില്ലകളില്‍ നിന്നുള്ള ആറായിരത്തിലധികം വിദ്യാര്‍ഥികളാണ് രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയില്‍ പങ്കെടുത്തത്. സയന്‍സ് മേള വണ്ടൂര്‍ ഗേള്‍സിലും പ്രവൃത്തി പരിചയമേള വണ്ടൂര്‍ ബോയ്‌സിലും ഗണിത ശാസ്ത്ര മത്സരങ്ങള്‍ തിരുവാലിയിലും സാമൂഹ്യ ശാസ്ത്രമേള എറിയാട് എ.യു.പി സ്‌കൂളിലും നടന്നു.
ആദ്യ ദിനത്തില്‍ വണ്ടൂര്‍ വി.എം.സി സ്‌കൂളില്‍ നടന്ന ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ സമാപന ദിനത്തില്‍ എവിടെയും പരാതികള്‍ ഉയര്‍ന്ന് കേട്ടില്ല.
തീവണ്ടി ശുചീകരണത്തിന് പുതിയ കണ്ടുപിടിത്തം
വണ്ടൂര്‍: വൃത്തിഹീനമായ റെയില്‍വേ ട്രാക്കും തീവണ്ടികളും ഇനി മറക്കാം. വര്‍ധിച്ചു വരുന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരം. ചെലവു കുറഞ്ഞ മാതൃക ഒരുക്കി കുട്ടികള്‍. വണ്ടൂര്‍ ഗേള്‍സ് സ്‌കൂളില്‍ നടത്തിയ ജില്ലാ ശാസ്‌ത്രോത്സവം സയന്‍സ് വര്‍ക്കിങ് മോഡല്‍ ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ വേങ്ങര എ.ആര്‍ നഗര്‍ ഹൈസ്‌കൂളിലെ കെ. മുഹമ്മദ് ഹാരിസും പി. ഷിഹാനയുമാണ് ശുചീകരണത്തിന് പുതിയ മോഡല്‍ ഒരുക്കിയത്.
മാലിന്യം സ്വയം ശുചിയാക്കുന്ന യന്ത്രത്തില്‍ ശേഖരിക്കുന്ന മാലിന്യം ബയോഗ്യാസാക്കി ഉപയോഗിക്കാനും സൗകര്യങ്ങളുണ്ട്.
റോക്കറ്റ് വിക്ഷേപിച്ച് തിരുവാലി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍
വണ്ടൂര്‍: ശാസത്രോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ താരങ്ങളായത് തിരുവാലി ഹൈസ്്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ കൃഷ്ണപ്രസാദും മായികാ ബസന്ദിയും. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സയന്‍സ് വര്‍ക്കിങ് മേളയിലാണ് കുട്ടികള്‍ കാണികളില്‍ വിസ്മയം പടര്‍ത്തി റോക്കറ്റ് വിട്ടത്. ക്ലാസ് മുറിയില്‍ വച്ച് നിര്‍മിച്ച റോക്കറ്റ് ജഡ്ജിങിന് ശേഷമാണ് വിദ്യാലയമുറ്റത്ത് വച്ച് വിക്ഷേപിച്ചത്. ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തെ അടിസ്ഥാനമാക്കിയണ് റോക്കറ്റ് നിര്‍മിച്ചത്.
പൊട്ടാസ്യം നൈട്രേറ്റ്, പഞ്ചസാര, പിവിസി പൈപ്പ്, കാര്‍ഡ് ബോര്‍ഡ് എന്നിവയാണ് നിര്‍മാണ വസ്തുക്കള്‍. ഒന്നര മീറ്റര്‍ ഉയരവും മൂന്ന് കിലോ ഭാരവുമുള്ളതാണ് റോക്കറ്റ്. 150 മീറ്റര്‍ ഉയരത്തില്‍ റോക്കറ്റ് ഉയര്‍ന്ന് പൊങ്ങി. സ്വിച്ച് ഓണ്‍ ചെയ്യുന്നതോടെ മോട്ടോറിനുളളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കുകയും പൊട്ടാസ്യം നൈട്രേറ്റിനും പഞ്ചസാരക്കും തീപിടിക്കുകയും ഇതിലൂടെ ലഭിക്കുന്ന ഊര്‍ജവുമാണിതിന് പിന്നില്‍.
പ്ലാസ്റ്റികില്‍നിന്നു വൈദ്യുതി ഉണ്ടാക്കി മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ് സ്‌കൂള്‍
വണ്ടൂര്‍: പ്ലാസ്റ്റികില്‍നിന്നു വൈദ്യുതി ഉണ്ടാക്കുന്ന ഇന്‍സിനറേറ്റര്‍ കം ജനറേറ്ററുമായി മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ് സ്‌കൂള്‍ കുട്ടികള്‍. വര്‍ധിച്ചുവരുന്ന മാലിന്യം ഒഴിവാക്കി മണ്ണിനേയും മനുഷ്യനേയും സുരക്ഷിതമാക്കുക എന്ന ലക്ഷ്യമായിരുന്നു കണ്ടുപിടുത്തത്തിന് പിന്നില്‍.
ചുരുങ്ങിയ ചെലവില്‍ പഴയ കന്നാസും പൈപ്പുകളും ഇരുമ്പ് കമ്പികളും കൂട്ടിയോജിപ്പിച്ചാണ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഇ. മഹമ്മദ് റസീന്‍,കെ. ഷിഫാ ഷെറിന്‍ എന്നിവര്‍ ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പുതിയ രീതി കണ്ടെത്തിയത്.
പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടായിരുന്നു യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ള പ്രധാന മാര്‍ഗം. തുടര്‍ന്ന് സമീപത്തെ ടാങ്കില്‍ നിന്നും പൈപ്പിലൂടെയെത്തുന്ന വെള്ളത്തില്‍ നിന്നുള്ള നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ കറങ്ങി ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതോടെയാണ് വൈദ്യുതി ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."