വിലയുണ്ട്; പറിച്ചെടുക്കാന്‍ പൈങ്ങയില്ല
മീനങ്ങാടി: 76 ദിവസം നിന്ന് പെയ്ത മഴയില്‍ കാര്‍ഷിക മേഖലക്ക് ഏറ്റ തിരിച്ചടിയില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെട്ട് വയനാടന്‍ വ്യാപാര മേഖല.
പൈങ്ങയും, കാപ്പിയും കര്‍ഷകന്റെ പ്രതീക്ഷകള്‍ക്കൊപ്പം പൂത്ത് പാകമാകുന്നതിന് മുമ്പെയാണ് പ്രതീക്ഷകളെ തകിടം മറിച്ച് മഴ എത്തിയത്. വാര്‍ഷിക വിളകളായ കുരുമുളക്, കാപ്പി, പൈങ്ങ എന്നിവയാണ് കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ കനത്ത മഴയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ കവുങ്ങിന് ചുവട്ടില്‍ മഹാളി പിടിച്ച് കൊഴിഞ്ഞ് വീണ പൈങ്ങകളാണ് ഒട്ടുമിക്ക കൃഷിയിടങ്ങളിലും കാണുന്നത്. ഒന്നും, രണ്ടും, മൂന്നും പറികളിലായി മൂപ്പിനുസരിച്ച് പൈങ്ങ പറിച്ചെടുത്ത് വിപണിയിലെത്തിച്ചിരുന്ന കര്‍ഷകന് ഒറ്റപ്പറിക്കുള്ള പൈങ്ങ മാത്രമെ ഇപ്പോള്‍ അവശേഷിക്കുന്നുള്ളു. പറിക്കുന്നതിനുള്ള കൂലിയും, പൊളിക്കുന്നതിനുള്ള കൂലിയും കഴിച്ചാല്‍ കര്‍ഷകന് ഒന്നും കിട്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്. കുരുമുളക് തോട്ടങ്ങള്‍ ഇല്ലാതായതോടെ കാപ്പിയും പൈങ്ങയും മറ്റു കൃഷിരീതികളുമായി പിടിച്ച് നില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മഴ വില്ലനായത്. ശരാശരി ഒരു ടൗണില്‍ നിന്നും നൂറും, നൂറ്റന്‍പതും ടണ്‍ പൈങ്ങ കയറ്റി വിടുന്നിടത്താണ് 20 ഉം 50 ഉം ടണ്ണായി കുറഞ്ഞത്. പൈങ്ങ കിലോക്ക് 130 ല്‍ താഴാതെ 'വില' തുടക്കം മുതല്‍ ലഭിച്ചതാണ് കര്‍ഷകന് അല്‍പ്പമെങ്കിലും അശ്വാസം നല്‍കുന്നത്. എന്നാല്‍ കര്‍ണാടകയില്‍ ഉല്‍പ്പാദനം സാധാരണ നില തുടരുന്നതിനാല്‍ മാര്‍ക്കറ്റ് വില കുത്തനെ കുറയാനും സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. വയനാട്ടിലെ പൈങ്ങയുടെ സീസണ്‍ സാധാരണ ഫെബ്രുവരിയിലാണ് അവസാനിക്കാറ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തിലേ സീസണ്‍ കഴിയുകയുള്ളൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്. മഴ കാരണം മൂപ്പെത്താന്‍ വൈകുന്നതാണ് കാരണമായി പറയുന്നത്.
കര്‍ണാടകയിലെ ചാമരാജ് നഗര്‍, അള്ളി മൈസൂര്‍, അരദനഹള്ളി, ആന്ദ്ര ബോര്‍ഡിലെ പാവ് കട എന്നിവിടങ്ങളിലേക്കാണ് പൈങ്ങ കയറ്റി വിടുന്നത്. ആദ്യകാലങ്ങളില്‍ പെയിന്റില്‍ ചേര്‍ക്കുന്നതിനുപയോഗിച്ചിരുന്ന പൈങ്ങക്ക് പകരം അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയതോടെ ഇപ്പോള്‍ പാന്‍ മസാലകള്‍ക്ക് മാത്രമായാണ് പൈങ്ങ ഉപയോഗിക്കുന്നത്. ഇതോടെ പൈങ്ങയുടെ വിപണനം പ്രതിസന്ധി നേരിടുകയാണ്. ജില്ലയിലെ പൈങ്ങ സംസ്‌കരണ യൂനിറ്റുകള്‍ മിക്കതും സീസണില്‍ പ്രവൃത്തിക്കാതെ അടച്ചിടേണ്ട അവസ്ഥയിലാണുള്ളത്. കര്‍ഷകരിലേക്ക് ഇത്തരത്തിലുള്ള വരുമാനങ്ങള്‍ കുറഞ്ഞതോടെ ഒട്ടുമിക്ക ടൗണുകളിലെയും മറ്റ് വ്യാപാര കേന്ദ്രങ്ങളിലും പ്രതിസന്ധി നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."