പ്രളയാനന്തരം ലഭിച്ച വീടിന്റെ ആദ്യഗഡു തട്ടിയെടുത്തെന്ന് പരാതി
ആലത്തൂര്‍: പ്രളയാനന്തരം ലഭിച്ച വീടിന്റെ ആദ്യഗഡു ബന്ധുവായ റവന്യൂ ഉദ്യോഗസ്ഥന് തട്ടിയെടുത്തതായി പരാതി. എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കുളിയാട്ടിലാണ് വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കുള്ള പുനര്‍നിര്‍മാണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കൂളിയാട്ടില്‍ തങ്കന്റെ ഭാര്യ നാണിയുടെ പേരിലാണ് റവന്യൂ ജീവനക്കാരനായ ബന്ധു ആനുകൂല്യം ലഭ്യമാക്കിയെടുത്തിട്ടുള്ളതെന്ന് പരാതി.
നാണിക്ക് സ്വന്തമായി സ്ഥലമോ, വീടോ ഇല്ലെന്നാണ് പറയുന്നത്. ഇവരുടെ ചെറുമകനായ സര്‍ക്കാര്‍ ജീവനക്കാരന്റെ പേരിലുള്ള സ്ഥലമാണ് നാണിയുടെതായി കാണിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം. റവന്യുവകുപ്പിലെ ജോലിക്കാരനായതുകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിഷമം നേരിട്ടില്ലെന്നും വീട് തകര്‍ന്നതിന്റെ പേരിലുള്ള സഹായത്തിന്റെ ആദ്യ ഗഡു കൈപ്പറ്റിയെന്നും ആക്ഷേപമുണ്ട്.
സംഭവം പുറത്തായതോടെ എരിമയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.എന്‍ മുരളീധരന്, മണ്ഡലം പ്രസിഡന്റ് പി.പി ഗോപാലന്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വി. സുദര്ശന്, കുനിശ്ശേരി മണ്ഡലം പ്രസിഡന്റ് ഉണ്ണികുമാരന്‍, മുന്‍ പ്രസിഡന്റ് കെ.സി ചെന്താമരാക്ഷന് സംസാരിച്ചു. മണ്ഡലം കമ്മിറ്റി പാലക്കാട് എ.ഡി.എമ്മിന് ഇതു സംബന്ധിച്ച് പരാതിയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."