പ്രസ്ഥാനത്തിന്റെ 'അഭിഭാഷകന്‍'; അമ്പൊഴിയാത്ത ആവനാഴി
#ഇ.പി മുഹമ്മദ്
രാഷ്ട്രീയ തന്ത്രങ്ങളുടെ ചടുലനീക്കങ്ങളിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന മിടുക്ക് എം.ഐ ഷാനവാസ് എന്ന നേതാവിനെ എന്നും വേറിട്ടു നിര്‍ത്തി. പ്രശ്‌ന സങ്കീര്‍ണമായ വിഷയങ്ങളെപ്പോലും ആഴത്തിലും പരപ്പിലും പ്രതിരോധിച്ച് പ്രസ്ഥാനത്തിന് എന്നും ഊര്‍ജമേകാന്‍ എക്കാലും മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു.
ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ കത്തിപ്പുകയുന്ന ഇന്ത്യ-അമേരിക്ക ആണവ കരാര്‍ വിവാദം; എല്‍.ഡി.എഫും ബി.ജെ.പിയും ഒരുപോലെ യു.പി.എയെ അക്രമിക്കുന്നു. ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചാപരമ്പരകള്‍. പ്രതിരോധത്തിന്റെ പരിചയും അക്രമണത്തിന്റെ ചുരികയുമായ് വാര്‍ത്താചാനലുകളില്‍ നിറഞ്ഞുനിന്നത് ഷാനവാസെന്ന മുഖമായിരുന്നു.
എം.ഐ എന്ന രാഷ്ട്രീയ തന്ത്രജ്ഞനെ കേരളം ഏറ്റെടുക്കുകയായിരുന്നു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ മാറ്റുരച്ചപ്പോള്‍ ഭൂരിപക്ഷം ഒന്നര ലക്ഷത്തിലേറെ; കോണ്‍ഗ്രസിന്റെ പ്രതിരോധജിഹ്വയ്ക്ക് ജനകീയ അംഗീകാരം. അത്രയും ഭൂരിപക്ഷം നല്‍കി അനുഗ്രഹിച്ച ജനങ്ങള്‍ പ്രതികൂല സാഹചര്യത്തിലും രണ്ടാംതവണയും അദ്ദേഹത്തെ കൈവിട്ടില്ല. വയനാട്ടില്‍ വികസനത്തിന്റെ കൊടിപ്പടം നാട്ടാന്‍ സാധിച്ച എം ഐ കടമ്പകളെയെല്ലാം പുഷ്പങ്ങളായി മറികടക്കുന്നു; ഒരിക്കല്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങളെപ്പോലും അവഗണിച്ചും അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു. 1056 കോടി രൂപയുടെ വികസനമാണ് ആദ്യ അഞ്ചു വര്‍ഷം കൊണ്ട് ഷാനവാസ് മലയോര മേഖലയിലെത്തിച്ചത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതല്‍ കൈമുതലായ നയതന്ത്ര മിടുക്ക് എക്കാലവും അദ്ദേഹം കാത്തുവെച്ചു. 197273 കാലഘട്ടത്തില്‍ കാലിക്കറ്റ് യുണിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനായാണ് പൊതുരംഗത്ത് സാന്നിധ്യം അറിയിച്ചത്. 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി; 1983 ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജോയ്ന്റ് സെക്രട്ടറി സ്ഥാനം മുതല്‍ നിരവധി സ്ഥാനങ്ങള്‍. പിന്നീട് ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റും ഉള്‍പ്പെടെ ഉന്നതമായ പദവികളാണ് അദ്ദേഹത്തെ തേടിയെത്തിയത്. എല്ലാ സാമുദായിക നേതാക്കളുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ച അദ്ദേഹം ന്യൂനപക്ഷാവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിലും തെളിഞ്ഞുനിന്നു.
മികച്ച പാര്‍ലമെന്റേറിയനും അറിയപ്പെടുന്ന പ്രാസംഗികനുമായ എം ഐ ഷാനവാസ് എന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിസന്ധി നിവാരണ ചുമതലക്കാരന്‍ കൂടിയാണ്. ആണവക്കരാര്‍ ഉള്‍പ്പെടെ അഴിയാകുരുക്കുകളായ ഏത് വിഷയവും ഇഴകീറി പഠിച്ച് അവതരിപ്പിക്കാന്‍ എം ഐ ഷാനവാസിന് സാധിച്ചതിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്. കോണ്‍ഗ്രസ് ഭാഗം വാദിച്ചുജയിക്കുന്ന മികച്ച അഭിഭാഷകന്റെ റോളില്‍ നിന്ന് പ്രസ്ഥാനത്തിന്റെ നായകരിലൊരാളെന്ന പരിവേഷത്തിലേക്ക് മാറിയതിനിടെയാണ് അപ്രതീക്ഷിതമായ് ആ യാത്രയ്ക്ക് വിരാമം കുറിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."