സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കര്‍ശന നിബന്ധനകള്‍
കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്നുള്ള 2020ലെ ഹജ്ജ് സര്‍വിസ് നടത്തുന്ന സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കര്‍ശന നിബന്ധനകള്‍. നാളെ മുതല്‍ നവംബര്‍ 30 വരെയാണ് സ്വകാര്യ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നത്. 2019 മുതല്‍ 2023 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് തയാറാക്കിയ ഹജ്ജ് പോളിസി അടിസ്ഥാനമാക്കിയാണ് സ്വകാര്യ ഗ്രൂപ്പുകളുടെ അപേക്ഷ ക്ഷണിച്ചത്. സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ 50,000 സീറ്റുകളാണ് വിതരണം ചെയ്യുക.
സിവില്‍ ഏവിയേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇത്തവണയും ഹജജ് സീറ്റുകള്‍ അനുവദിക്കുന്നത്. സ്റ്റാര്‍ കാറ്റഗറി, ഒന്നാം കാറ്റഗറി, രണ്ടാം കാറ്റഗറി എന്നിങ്ങനെ തരം തിരിച്ചാണ് ഓരോ ഗ്രൂപ്പുകള്‍ക്കും ക്വാട്ട വീതം വെക്കുക. കഴിഞ്ഞ 12 വര്‍ഷം ഹജ്ജ്-ഉംറ സര്‍വിസ് നടത്തിയ പരിചയ സമ്പത്തും അഞ്ച് കോടി വാര്‍ഷിക വരുമാനവുമുളള ഗ്രൂപ്പുകളെയാണ് സ്റ്റാര്‍ വണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക. ഏഴ് വര്‍ഷവും അതില്‍ കൂടുതലും ഹജ്ജ് ലൈസന്‍സ് ലഭിച്ചവര്‍ ഒന്നാം കാറ്റഗറിയായും അല്ലാത്ത ഗ്രൂപ്പുകളെ രണ്ടാം കാറ്റഗറിയായുമാണ് ക്വാട്ട വീതിക്കുക.
സ്റ്റാര്‍ വണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 120 മുതല്‍ 150 വരെ സീറ്റുകള്‍ ലഭിക്കും. ഒന്നാം കാറ്റഗറിയിലുള്ളവര്‍ക്ക് 100-125 സീറ്റുകള്‍ ലഭിക്കും. രണ്ടാം കാറ്റഗറിയിലുള്ളവര്‍ക്ക് 55-60 വരെ സീറ്റുകളാണ് ലഭിക്കുക.
കേസുകളിലും മറ്റും പെട്ടവരുടേയും മതിയായ രേഖകള്‍ ഹാജരാക്കാത്തവരുടെയും അപേക്ഷകള്‍ തിരസ്‌കരിക്കും. നേരത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും പരിഗണിക്കുന്നതല്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് 706 സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ഹജ്ജ് ക്വാട്ട ലഭിച്ചിരുന്നു. ഇവയില്‍ 97 ഗ്രൂപ്പുകള്‍ കേരളത്തില്‍ നിന്നുള്ളവയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."