പാലായില്‍ ശൗചാലയങ്ങളുടെ അഭാവം ജനത്തെ വലക്കുന്നു
പാലാ: പൊതുശൗചാലയങ്ങളുടെ അഭാവം പാലാ നഗരത്തിലെത്തുന്നവരെ വലയ്ക്കുന്നു. ജനത്തിരക്കേറിയ പാലാ ടൗണ്‍ സ്റ്റാന്‍ഡിലോ, ളാലം ജങ്ഷനിലോ, ആശുപത്രി ജങ്ഷനിലോ കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഇല്ലത്ത അവസ്ഥയാണ്. ഇതോടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ മൂത്രശങ്കയ്ക്ക് പരിഹാരം കാണാതെ നെട്ടോട്ടം ഓടുന്ന സ്ഥിതിയാണ്.
ടൗണ്‍ സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷനോ മൂത്രപുരകളോ ഇല്ലാത്തത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ പണം മുടക്കി ഉപയോഗിക്കുന്ന മൂത്രപ്പുര പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഒരു മാസത്തോളമായി പൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ ദൂരദേശങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കാര്യം സാധിക്കാനാകാതെ നട്ടം തിരിയുകയാണ്.
പലര്‍ക്കും മീനച്ചിലാറാണ് ആശ്രയം. എന്നാല്‍ ഇത്തരം നടപടികള്‍ മീനച്ചിലാറിനെ മലിനമാക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലുകളില്‍ കയറി മൂത്രശങ്ക തീര്‍ക്കാമെന്നു വിചാരിച്ചാലും നടക്കില്ല. കാരണം പ്രദേശത്തെ ഹോട്ടലുകളിലൊന്നും മൂത്രപ്പുരകളില്ല. മൂത്രമൊഴിക്കാന്‍ ഹോട്ടലില്‍ കയറുന്നവര്‍ക്ക് ചായ കുടിച്ച് നിരാശരായി മടങ്ങാനാണ് വിധി.
റിവര്‍വ്യൂ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന നഗരസഭയുടെ വിശാലമായ കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചു നീക്കി ഇവിടെ റോഡ് നിര്‍മിച്ചിരുന്നു. റോഡ് പൂര്‍ത്തിയാകുന്നതോടെ കംഫര്‍ട്ട് സ്റ്റേഷനും പുതുക്കി നിര്‍മിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും വാഗ്ദാനം പാഴായി. റോഡും കംഫര്‍സ്റ്റസ്റ്റേഷനും ഉപേഷിച്ച നിലയിലാണ്. നിലവില്‍ നഗരസഭയ്ക്ക് കുരിശുപള്ളി ചാപ്പല്‍ റോഡില്‍ ഇരുനിലകളിലായി ആറു ടോയ്‌ലറ്റുകളോട് കൂടിയ കംഫര്‍ട്ട് സ്റ്റേഷന്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമായുള്ളത്. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് കണ്ടെത്താനാവാത്ത സ്ഥലത്താണ് എന്ന ആക്ഷേപവുമുണ്ട്.
കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വൃത്തിഹീനമായ സാഹചര്യമാണുള്ളത്. ആവശ്യത്തിന് വെള്ളമോ ജോലിക്കാരുടെ അഭാവം മൂലം വൃത്തിയായി സൂക്ഷിക്കാനുള്ള സാഹചര്യമോ ഇല്ല. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ അവസ്ഥയും വിപരീതമല്ല. പുരുഷന്മാര്‍ക്കായി ഷെഡില്‍ പ്രവര്‍ത്തിക്കുന്ന മൂത്രപ്പുരയാണുള്ളത്. സ്ത്രീകളുടെ കംഫര്‍ട്ട് സ്റ്റേഷന്‍ ദുര്‍ഗന്ധപൂരിതമാണ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂത്രപ്പുരകള്‍ നിര്‍മിച്ച് നല്‍കുന്നതിന് നഗരസഭ പദ്ധതി തയാറാക്കിയതിന്റെ ഭാഗമായി ളാലം പാലം ജങ്ഷനില്‍ നാല് ഇ-ടോയ്‌ലറ്റുകളും ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു ഇ-ടോയ്‌ലറ്റും വലിയ പാലത്തിന് താഴെയായി കംഫര്‍ട്ട് സ്റ്റേഷനും നിര്‍മിച്ചു. ഒരു മാസം പോലും ഈ സംവിധാനവും പ്രവര്‍ത്തിക്കാത്തത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ടൗണ്‍ സ്റ്റാന്‍ഡിലെ ടോയിലറ്റ് ലേലത്തില്‍ നല്‍കാന്‍ നഗരസഭ നടത്തിയ നീക്കം കഴിഞ്ഞദിവസങ്ങളില്‍ പരാജയപ്പെട്ടിരുന്നു. ഒരു വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതാണ് കാരണം. ടൗണ്‍ സ്റ്റാന്‍ഡില്‍ ദിവസേന എത്തുന്ന നൂറുകണക്കിന് യാത്രക്കാരും വ്യാപാരികളും പ്രാഥമിക ആവശ്യം നിറവേറ്റാന്‍ സൗകര്യമില്ലാതെ വലയുമ്പോഴാണ് പൂട്ടിക്കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ ലേലം ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാനുള്ള അധികാരികളുടെ നടപടി.
ജൂണ്‍ 14 നാണ് ലേലത്തീയതി നിശ്ചയിച്ചിരുന്നത്. ആദ്യതവണ ആരും ലേലത്തിന് എത്താതിരുന്നതിനാല്‍ വീണ്ടും ലേലം നടത്തുമെന്നാണ് മുനിസിപ്പല്‍ സെക്രട്ടറി ജയ്ക്ക് ജോസഫ് പ്രതികരിച്ചത്. ടൗണ്‍ ബസ്റ്റാന്‍ഡില്‍ ആകെയുണ്ടായിരുന്ന ഈ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചു പൂട്ടിയതിനെതിരേ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനങ്ങള്‍ പരാതി കൊടുത്തതാണ്.
എത്രയും വേഗം കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും മറ്റ് അധികാരികളും നഗരസഭാ അധികാരികളോട് രേഖാമൂലം ആവശ്യപ്പെടുകയും ഇത്രയും കാലം ഇത് അടച്ചുപൂട്ടിയതിന് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
10 ലക്ഷം രൂപ മുടക്കി പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ നിര്‍മിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അന്നൊക്കെ മുനിസിപ്പല്‍ ഭരണാധികാരികള്‍ ഉയര്‍ന്ന അധികാരികള്‍ക്ക് മറുപടി നല്‍കിയിരുന്നത്.
നഗരസഭാ അധികാരികള്‍ ഇക്കാര്യത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് യാത്രക്കാരും ടൗണ്‍ സ്റ്റാന്‍ഡിലെ വ്യാപാരികളും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."