തൊഴിലില്ലാതെ 37 ലക്ഷം പേര്‍
തിരുവനന്തപുരം: വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നീ മേഖലകളില്‍ ഒന്നാമതാണെന്ന് അവകാശപ്പെടുന്ന മൂന്നേകാല്‍ കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 37 ലക്ഷം പേര്‍ തൊഴിലില്ലാതെ അലയുന്നു.
അതും എന്‍ജിനീയറും ഡോക്ടറന്മാരും ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ യുവതി യുവാക്കള്‍. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്ന് സര്‍ക്കാര്‍ തന്നെ കണക്കുകള്‍ സഹിതം സമ്മതിക്കുന്നു. വികസനം നാടുനീളെ നടത്തി എന്ന് അവകാശപ്പെടുമ്പോഴാണ് തൊഴിലില്ലാപ്പടയുടെ എണ്ണം കൂടിക്കൂടി വരുന്നത്. 6.1 ശതമാനമാണ് തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി. ഇതിനെക്കാളും മുന്നിലാണ് കേരളം എന്ന കൊച്ചു സംസ്ഥാനം. 36,25,852 പേരാണ് ഒരു തൊഴിലു കിട്ടാന്‍ സര്‍ക്കാരിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ഓഗസ്റ്റ് 31 വരെയുള്ള രജിസ്ട്രി പ്രകാരമാണ് തൊഴിലില്ലായ്മയുടെ ആഴം വ്യക്തമാക്കുന്നത്. ഇവരില്‍ തന്നെ 23,00,139 പേരും സ്ത്രീകളാണ്.13,25,713 പേര്‍ പുരുഷന്മാരും.
7,303 ഡോക്ടര്‍മാര്‍ക്ക് പണിയില്ല. 44,559 എന്‍ജിനീയര്‍മാര്‍ക്കും, നഴ്‌സിങ് ബിരുദധാരികളായ 12,006 പേര്‍ക്കും ജോലിയില്ല. എം.ബി.ബി.എസ്, ബി ടെക്, എം.ബി.എ, എം.സി.എ, എല്‍.എല്‍.ബി അങ്ങനെ പ്രഫഷണല്‍ ബിരുദമുള്ള തൊഴിരഹിതര്‍ 1,43,453 പേര്‍. ജോലിയില്ലാതെ നില്‍ക്കുന്നവരില്‍ 3,31,192 ബിരുദധാരികളും 94,590 ബിരുദാനന്തര ബിരുദധാരികളും ഉള്‍പ്പെടുന്നു. തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി 6.1 ആണ്. ദേശീയ തലത്തില്‍ കേരളത്തെക്കാള്‍ മുന്നില്‍ ത്രിപുരയും സിക്കിമുമുണ്ട്. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.
ഏറ്റവും താഴ്ന്ന തസ്തികകളിലേയ്ക്ക് മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി താല്‍ക്കാലിക നിയനം നല്‍കുന്നുള്ളു. കഴിഞ്ഞ വര്‍ഷം ഇങ്ങനെ 5,750 പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയിട്ടുള്ളത്.
ഉയര്‍ന്ന തസ്തികകളിലേയ്ക്ക് ഇവിടെ നിന്നും നിയമനമില്ല. മാത്രമല്ല എസ്.എസ്.എല്‍.സി യോഗ്യതയില്‍ കൂടുതലുണ്ടെങ്കില്‍ അതിനും നല്‍കണം സത്യവാങ്ങ്മൂലം. അതേസമയം, തൊഴിലില്ലായ്മ പരിഹരിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതര്‍ക്ക് ബാങ്കുകളുമായി ബന്ധപ്പെട്ട് സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ഒരു ലക്ഷം രൂപയില്‍ കവിയാത്ത വരുമാനമുള്ളവര്‍ക്ക് ഈ പദ്ധതി വഴി സ്വയം തൊഴില്‍ തുടങ്ങാന്‍ വായ്പ ലഭ്യമാക്കുകയും വായ്പ തുകയുടെ 20 ശതമാനം സബ്‌സിഡി നല്‍കുകയും ചെയ്യുന്നുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ എത്ര പേര്‍ക്ക് വായ്പ ലഭ്യമാക്കി എന്ന ചോദ്യത്തിന് ഉത്തരമില്ല.
കൂടാതെ വനിതകള്‍ക്കായുള്ള ശരണ്യ, ഭിന്ന ശേഷിക്കാര്‍ക്കായുള്ള കൈവല്യ എന്നീ പദ്ധതികള്‍ വഴി സ്വയം തൊഴില്‍ നടത്താന്‍ ബാങ്കുകളില്‍ നിന്നും വായ്പ ലഭ്യമാക്കി നല്‍കിയിട്ടുണ്ടത്രേ. എന്നാല്‍ ഇതിനും കണക്കില്ല. പക്ഷേ ഈ പദ്ധതികള്‍ വഴി സ്വയം തൊഴില്‍ ചെയ്യാന്‍ സഹായം നല്‍കിയിട്ടാണ് 37 ലക്ഷം പേര്‍ ഇപ്പോഴും തൊഴിലിനു വേണ്ടി അലയുന്നത്.x
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."