ഇ.യു മധ്യസ്ഥതയ്ക്ക് തയാറെന്ന് കശ്മിര്‍ സന്ദര്‍ശിച്ച എം.പിമാര്‍
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ആവശ്യമാണെങ്കില്‍ യൂറോപ്യന്‍ യൂനിയന്‍ മധ്യസ്ഥത വഹിക്കാമെന്ന് യൂറോപ്പിലെ തീവ്രവലതുപക്ഷ പാര്‍ലമെന്റംഗങ്ങള്‍. മോദി സര്‍ക്കാരിന്റെ ക്ഷണപ്രകാരം കശ്മിര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സംഘം നിലപാട് വ്യക്തമാക്കിയത്.
കശ്മിരിന്റെ പേരില്‍ പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ കാരണം നൂറുകണക്കിനാളുകള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇതു മേഖലയുടെ സാമ്പത്തികരംഗത്തെ കൂടി ബാധിക്കുകയാണ്. കൂടാതെ അപകടകരമായ ഭീകരസംഘടനകള്‍ക്ക് മേഖലയില്‍ സ്വാധീനം വര്‍ധിച്ചിട്ടുമുണ്ട്. ഭീകരപ്രവര്‍ത്തനം ഏതു നിലയ്ക്കും ഇല്ലായ്മ ചെയ്യണം- സംഘത്തിലെ സിംന്യോക് പറഞ്ഞു.
പ്രശ്‌നത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിക്കുമ്പോഴാണ് ഇന്ത്യ നേരത്തെ തള്ളിയ വാഗ്ദാനവുമായി സംഘം രംഗത്തുവരുന്നത്. പ്രശ്‌നത്തില്‍ ഇരുകക്ഷികള്‍ക്കും സമ്മതം ആണെങ്കില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒന്നിലധികം തവണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ത്യ അതു തള്ളുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ക്ഷണപ്രകാരം കശ്മിരിലെത്തിയ വലതുപക്ഷ എം.പിമാരും അതേ നിലപാട് ആവര്‍ത്തിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും വസ്തുതകള്‍ കണ്ടെത്താനാണ് കശ്മിരില്‍ എത്തിയതെന്നും സംഘത്തിലെ മറ്റൊരംഗം പറഞ്ഞു. തങ്ങള്‍ ശ്രീനഗറില്‍ വന്നിറങ്ങിയ ദിവസം തന്നെ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം അപലപനീയമാണ്.
ഇന്ത്യയെ പോലെ തന്നെ യൂറോപ്പും ഭീകരപ്രവര്‍ത്തനത്തിന്റെ ഇരയാണ്. കശ്മിരികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതും സംസ്ഥാനത്തെ അഴിമതിയും ചര്‍ച്ച ചെയ്‌തെന്നും അംഗങ്ങള്‍ വ്യക്തമാക്കി. ശാശ്വത സമാധാനത്തിനും ഭീകരത അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയെ പിന്തുണക്കുന്നുവെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തിലും സംഘം വ്യക്തമാക്കി.
എന്നാല്‍ 370ാം വകുപ്പ് റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാല്‍ യൂറോപ്യന്‍ യൂനിയന് തങ്ങള്‍ ഈ സന്ദര്‍ശനത്തെക്കുറിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിക്കില്ലെന്നും പ്രതിനിധി സംഘം അറിയിച്ചു. എം.പിമാര്‍ തങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ അല്ലെന്ന് നേരത്തെ യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."