ഉദ്ഘാടനം കഴിഞ്ഞ് 16 മാസം; പ്രവര്‍ത്തനം തുടങ്ങാതെ ജില്ലാ ജയില്‍
മുട്ടം: ഉദ്ഘാടനം കഴിഞ്ഞ് 16 മാസം പിന്നിട്ടിട്ടും ഇടുക്കി ജില്ലാ ജയിലിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 2016 ഫെബ്രുവരി 29ന് അന്നത്തെ മന്ത്രി പി.ജെ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ച മുട്ടത്തുള്ള ജില്ലാ ജയിലിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനാകാത്തതാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നത്.
വൈദ്യുതീകരണം, കുടിവെള്ള സംവിധാനം, ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, ഉദ്യോഗസ്ഥ നിയമനം തുടങ്ങിയ കാര്യങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.
നിലവില്‍ ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മാണ ജോലികളാണ് നടക്കുന്നത്. തൊഴിലാളികളുടെ കുറവ് മൂലം പണികള്‍ ഒച്ചിഴയും വേഗത്തിലാണ്. സെല്ലുകള്‍ പലതും നിര്‍മിച്ചിട്ടില്ല. അധികൃതരുടെ നിസംഗതയാണ് ജില്ലാ ജയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനു കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
30 ലക്ഷം മുതല്‍മുടക്കില്‍ ജില്ലാ ജയിലിനായി മാത്തപ്പാറയില്‍ പണി കഴിക്കുന്ന കിണറും പമ്പ് ഹൗസും ഏകദേശ പണികള്‍ പൂര്‍ത്തീകരിച്ചെങ്കിലും പൈപ്പ് ഇടുന്ന പണികള്‍ ഇതുവരെ തീര്‍ന്നിട്ടില്ല.
മോട്ടോറുകളം എത്തിയിട്ടില്ല. വൈദ്യുതി കണക്ഷനും പൂര്‍ത്തീകരിച്ചിട്ടില്ല. ജയിലിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാന്‍ ഒരു ട്രാന്‍സ്‌ഫോമര്‍ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ജീവനക്കാരെയും നിയമിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ നിയമനകാര്യങ്ങളടക്കമുള്ളവയുടെ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണ്. 70 ഉദ്യോഗസ്ഥരാണ് ആവശ്യമുള്ളത്.
7.50 കോടി രൂപ വകയിരുത്തി പണിയുന്ന ജില്ലാ ജയിലില്‍ 168 പുരുഷ തടവുകാരെയും 27 വനിതാ തടവുകാരെയും പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളത്.
മൂവാറ്റുപുഴയടക്കമുള്ള ജയിലുകളില്‍ തടവുപുള്ളികള്‍ അധികമായതിനാല്‍ പുതുതായി എത്തുന്നവരെ താമസിപ്പിക്കാന്‍ കഴിയാതെ ജയിലധികൃതര്‍ ബുദ്ധിമുട്ടുമ്പോഴാണ് മുട്ടം ജയിലിന്റെ നിര്‍മാണം വൈകുന്നത്. ജില്ലാ ജയില്‍ യാഥാര്‍ഥ്യമായാല്‍ കോടതിയും ജയിലും തമ്മില്‍ 100 മീറ്റര്‍ മാത്രം അകലമേ ഉള്ളൂ. വനിതകളെ ഉള്‍പ്പെടെ 300 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ജില്ലാ ജയിലിലുണ്ടാകുക.
എന്നാല്‍ അടിയന്തര ഘട്ടത്തില്‍ ഇതിന്റെ ഇരട്ടി തടവുകാരെ പാര്‍പ്പിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നിലവില്‍ പുരുഷ തടവുകാരെ മൂവാറ്റുപുഴ സബ് ജയിലിലും വനിതാ തടവുകാരെ കാക്കനാട്ടുമാണ് പാര്‍പ്പിക്കുന്നത്. മുട്ടം ജില്ലാ ജയില്‍ യാഥാര്‍ഥ്യമായാല്‍ തടവുകാരുമായുള്ള യാത്ര ഒഴിവാക്കാനും കൂടുതല്‍ സുരക്ഷിതമായി ഇവരെ പാര്‍പ്പിക്കാനും പൊലിസിനു കഴിയും. ജില്ലയില്‍ ദേവികുളത്തും പീരുമേട്ടിലുമായി ഓരോ സബ് ജയിലുകളാണ് ഉള്ളത്.
കഞ്ഞിക്കുഴി, മുരിക്കാശേരി, ഇടുക്കി പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍പ്പെടുന്ന കേസുകളിലെ പ്രതികളെ മൂവാറ്റുപ്പുഴ സബ് ജയിലിലാണ് പാര്‍പ്പിക്കുന്നത്. മുട്ടത്ത് പത്തോളം കോടതികളും ഇടുക്കിയില്‍ മൂന്നു കോടതികളും നിലവിലുണ്ട്.
ഈ കോടതികളില്‍ നിന്ന് മൂവാറ്റുപുഴയില്‍ എത്തിക്കുന്ന പ്രതികളെ ജയിലില്‍ നിന്ന് മുട്ടം, ഇടുക്കി കോടതികളില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതും പൊലിസിന് ഏറെ ബുദ്ധിമുട്ടാണ്.
ഇതോടൊപ്പം നല്ലൊരു തുക ടി.എ ഇനത്തില്‍ സര്‍ക്കാരിനു നഷ്ടപ്പെടുകയും ചെയ്യും. പ്രതികള്‍ കോടതിയിലേക്കുള്ള വഴി പൊലിസിനെ വെട്ടിച്ചു രക്ഷപ്പെടുന്ന സംഭവങ്ങളും പലതവണ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."