നബിദിന മതസൗഹാര്‍ദ സമ്മേളനം സംഘടിപ്പിച്ചു
കല്ലമ്പലം: നടയറ നൂറുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന നബിദിനാഘോഷം ഇന്നലെ സമാപിച്ചു. രാവിലെ വിദ്യാര്‍ഥികളുടെ നബിദിന ഘോഷയാത്രയും തുടര്‍ന്ന് അന്നദാനവും നടന്നു. വൈകിട്ട് 4.30ന് നടയറ ജങ്ഷനില്‍ മതസൗഹാര്‍ദ സമ്മേളനം അഡ്വ. വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മിലാദെ ശരീഫ് കമ്മിറ്റി ചെയര്‍മാന്‍ സി.എ ഷംസുദ്ദീന്‍ അധ്യക്ഷനായി. സമ്മേളനത്തില്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസയുടെ മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു. വിദ്യാര്‍ഥി പ്രതിഭകള്‍ക്കുള്ള കാഷ് അവാര്‍ഡുകളും നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാര മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
കല്ലമ്പലം: നബിദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ഡീസന്റ് മുക്ക് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നബിദിന സന്ദേശ റാലി നടത്തി. നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
ഇമാം പാലുവള്ളി അബ്ദുള്‍ ജബ്ബാര്‍ മൗലവി നേതൃത്വം നല്‍കി. തുടര്‍ന്ന് വാഹനാപകടത്തില്‍ ഇരുപതു വര്‍ഷത്തിനു മുന്‍പ് മരണപ്പെട്ട അയൂബിന്റെ സ്മരണാര്‍ഥം മിഫ്താഹുല്‍ ഉലും മദ്‌റസയിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ പ്രവാസികളുടെയും സുഹൃത്തുക്കളുടെയും വകയായി മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് അയൂബ് നഗറില്‍ വച്ച് പഠനോപകരണങ്ങളും, മധുര പലഹാരങ്ങളും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. തുടര്‍ന്ന് 11 വരെ ജമാഅത്തില്‍ പ്രത്യേക പ്രാര്‍ഥനകളും അന്നദാനവും നടന്നു.
കല്ലമ്പലം: ആലംകോട് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നബിദിന സന്ദേശ റാലി നടത്തി. നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ചീഫ് ഇമാം ഷിഹാബുദ്ദീന്‍ ആയ്ക്കു നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് നാസിം, ഷക്കീര്‍, പാറക്കാട്ടില്‍ താഹ, ഷാഹുല്‍ ഹമീദ്, ആലംകോട് എം.എച്ച് അഷ്‌റഫ്, മുഹ്‌സിന്‍, മുഹമ്മദ് റാഫി നേതൃത്വം നല്‍കി. ഇന്നലെ രാവിലെ ഏഴു മുതല്‍ 11 വരെ ജമാഅത്തില്‍ അന്നദാനം നടന്നു.
ആറ്റിങ്ങല്‍ ടൗണ്‍ ജുമാ മസ്ജിദ്, മണ്ണൂര്‍ ഭാഗം പള്ളി, വഞ്ചിയൂര്‍, നഗരൂര്‍ തുടങ്ങിയ പള്ളികളിലും പ്രത്യേക പ്രാര്‍ഥനകളും അന്നദാനവും നടന്നു. ആലംകോട് മുതല്‍ പള്ളിമുക്ക് വരെ നബിദിനാഘോഷത്തിന്റെ ഭാഗമായി റോഡിനിരുവശവും വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചു.
വെഞ്ഞാറമൂട്: ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. നബിദിന സന്ദേശ റാലി, മദ്‌റസാ വിദ്യാര്‍ഥികളുടെ കലാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
ജമാഅത്ത് പ്രസിഡന്റ് നീര്‍ച്ചാലില്‍ ബഷീര്‍, ചീഫ് ഇമാം നാസറുദ്ദീന്‍ മന്നാനി കുന്നിക്കോട്, ജനറല്‍ സെക്രട്ടറി മൈലയ്ക്കല്‍ സാലി, എ.എ റഷീദ്, മൈലയ്ക്കല്‍ നൗഷാദ്, വെഞ്ഞാറമൂട് ഷാജി, അബ്ദുല്‍ റഹിം മന്നാനി, എം.ആര്‍ ഷാജി, എം.ടി സലിം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."