ഇടുക്കി, മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു തമിഴ്‌നാട്ടില്‍ മഴ ശക്തം
തൊടുപുഴ: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലത്തെ കണക്കുപ്രകാരം 126.60 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. സെക്കന്റില്‍ 1463 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1500 ഘനയടി തമിഴ്‌നാട് ഒഴുക്കിക്കൊണ്ട് പോകുന്നുണ്ട്. വൃഷ്ടിപ്രദേശമായ പെരിയാറില്‍ 12.2 ഉം തേക്കടിയില്‍ 55 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. പതിനാറാം കനാല്‍, പി.ടി.ആര്‍ കനാല്‍ എന്നിവയിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ ജലം കൃഷി ആവശ്യത്തിനായി കൊണ്ടുപോയിരുന്നെങ്കിലും രണ്ടുദിവസമായി തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നെടുക്കുന്ന ജലത്തിന്റെ അളവ് കുറച്ചു. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ ഡാമില്‍ നിലവില്‍ 63 അടി വെള്ളമുണ്ട്. 71 അടിയാണ് പൂര്‍ണ സംഭരണ ശേഷി. കനത്ത മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ മധുര, തേനി, ദിണ്ടുക്കല്‍ തുടങ്ങി വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2380.84 അടിയായി ഉയര്‍ന്നു. സംഭരണ ശേഷിയുടെ 74.71 ശതമാനമാണിത്. ഇത്രയും വെള്ളം കൊണ്ട് 1636.331 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2387.6 അടിയായിരുന്നു ജലനിരപ്പ് (82.563 ശതമാനം).
തിങ്കളാഴ്ച 0.012 സെ.മീ മഴ പദ്ധതിപ്രദേശത്ത് ലഭിച്ചപ്പോള്‍ 6.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. 1.775 ദശലക്ഷം യൂനിറ്റായിരുന്നു ഇതേസമയത്തെ മൂലമറ്റം പവര്‍ ഹൗസിലെ ഉല്‍പാദനം. ഇടുക്കിയിലെ ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഒരെണ്ണം വാര്‍ഷിക അറ്റകുറ്റപ്പണിയിലും രണ്ടെണ്ണം നവീകരണ ജോലിയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."