സി.ഡബ്ല്യു.ആര്.ഡി.എം-മുണ്ടിക്കല്‍താഴം റോഡ് നിര്‍മാണപ്രവൃത്തി പുനരാരംഭിച്ചു
കുന്ദമംഗലം: നഗരപാതവികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സി.ഡബ്ല്യു.ആര്.ഡി.എം-പനാത്തുതാഴം-ഗാന്ധി റോഡിന്റെ മുടങ്ങിക്കിടന്ന മുണ്ടിക്കല്‍താഴം മുതല്‍-സി.ഡബ്ല്യു.ആര്.ഡി.എം വരേയുള്ള ഭാഗത്ത് നിര്‍മാണപ്രവൃത്തി പുനരാരംഭിച്ചു.
കോട്ടാംപറമ്പ്-സി.ഡബ്ല്യു.ആര്.ഡി.എം റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന അഴുക്കുചാലിലെ വെള്ളം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം എതിര്‍പ്പുമായി രംഗത്തുവന്നതോടെ ഏറെക്കാലമായി നിര്‍മാണപ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു.
ഇവിടെനിന്നുള്ള മഴവെള്ളം കൊളായ്താഴത്തെ താഴ്ന്ന പ്രദേശത്തെ വെള്ളത്തിനടിയിലാക്കുമെന്നാരോപിച്ചായിരുന്നു നിര്‍മാണം തടസപ്പെടുത്തിയത്. കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന യോഗത്തിലാണ് റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ തീരുമാനമായത്.
ഈ റോഡിന്റെ ഭാഗമായ ഗാന്ധി റോഡ് മുതല്‍ മിനി ബൈപ്പാസ് വരേയുള്ള ഭാഗവും പനാത്തുതാഴം മുതല്‍ മുണ്ടിക്കല്‍ താഴം വരേയുമുള്ള ഭാഗവും വീതികൂട്ടിയിട്ടുണ്ട്.
അതേസമയം കോട്ടാംപറമ്പ് ടൗണിലെ തണല്‍മരം മുറിച്ചുമാറ്റിയില്ലെങ്കില്‍ നിര്‍മാണപ്രവൃത്തി വീണ്ടും മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മരം നിലനിര്‍ത്തി റോഡ് നിര്‍മാണം നടത്തുകയാണെങ്കില്‍ ഇനിയും 26 സെന്റ് സ്ഥലം അക്വയര്‍ ചെയ്യേണ്ടിവരും. മരം മുറിച്ചുമാറ്റാനുള്ള സര്‍വകക്ഷി യോഗതീരുമാനം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."