52 റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 70 കോടി അനുവദിച്ചു
ആലപ്പുഴ : അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അഞ്ച് പഞ്ചായത്തുകളിലായി 52 റോഡുകള്‍ പുനര്‍നിര്‍മിച്ച് ആധുനിക രീതിയില്‍ നിര്‍മിക്കുന്നതിന് 70 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
ആകെ 46.67 കി.മീറ്റര്‍ റോഡുകളാണ് ഈ രീതിയില്‍ പുനര്‍നിര്‍മിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് പോലും നടന്ന് പോകാന്‍ കഴിയാത്ത തരത്തിലാണ് പല റോഡുകളും. ആലപ്പുഴ - അമ്പലപ്പുഴ റോഡ് നെറ്റ് വര്‍ക്ക് എന്ന പ്രവൃത്തി അടിയന്തിരമായി ലെവല്‍സ് പൂര്‍ത്തീകരിച്ച് അടുത്ത മാസം തന്നെ പ്രവൃത്തി ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
മണ്ഡലത്തില്‍ എസ്.എന്‍ കവല, കഞ്ഞിപ്പാടം റോഡ് നബാര്‍ഡില്‍ ഉള്‍പ്പെടുത്തി 14 കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കളര്‍കോട് മുതല്‍ പുറക്കാട് അയ്യന്‍കോയിക്കല്‍ ജങ്ഷന്‍ വരെയുള്ള തീരദേശ റോഡ് 20 കോടി രൂപയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. കളര്‍കോട് മുതല്‍ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ വടക്കേ നടവരെയുള്ള പഴയനടക്കാവ് റോഡ് 20 കോടി രൂപ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുകയാണ്.ഇതിന് പുറമെ പൊതുമരാമത്ത് വകുപ്പ് റോഡുകളും ആലപ്പുഴ നഗരത്തിലെ മുഴുവന്‍ റോഡുകളും കേരള റോഡ് ഫണ്ട് ബോര്‍ഡ് 246 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.
ഇതിന് പുറമെ എം.എല്‍.എ ഫണ്ടും ആസ്ഥിവികസന ഫണ്ടും ഉപയോഗിച്ച് ചെറിയ റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, കംപ്യൂട്ടറുകള്‍, വായനശാലകള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയും നിര്‍മാണം പൂര്‍ത്തീകരിക്കുന്ന അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."