സ്‌കൂളുകളില്‍ കര്‍ശന പരിശോധന; അധ്യാപകരുടെ മൂല്യമളക്കും
എടച്ചേരി: പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ കര്‍ശന പരിശോധന നടത്തും. എ.ഇ.ഒ മുതല്‍ ഡി.ഡി.ഇ വരെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് അറിയിപ്പുകള്‍ ലഭിച്ചു കഴിഞ്ഞു. പരിശോധനയുടെ ഭാഗമായി വിദ്യാര്‍ഥികളെ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ നിലവാരം ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തും. സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരെ ഇത്തരത്തില്‍ നിരന്തരം പരിശോധിക്കുന്നതിനുള്ള പദ്ധതി വിദ്യാഭ്യാസ വകുപ്പാണ് രൂപം നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ തലത്തില്‍ നടത്തുന്ന വിലയിരുത്തല്‍ ഡി.പി.ഐ ഓഫിസ് വരെയെത്തുന്ന ക്രമത്തിലാണ് പദ്ധതി. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലേക്കും അയച്ചിട്ടുണ്ട്.
ഓരോ സ്‌കൂളിലെയും പ്രധാനാധ്യാപകരാണ് അധ്യാപകരുടെ വിലയിരുത്തല്‍ ആദ്യം നടത്തേണ്ടത്. ആഴ്ചയില്‍ കുറഞ്ഞത് എല്‍.പിയില്‍ രണ്ട്, യു.പിയില്‍ മൂന്ന്, എച്ച്.എസ് വിഭാഗത്തില്‍ അഞ്ച് അധ്യാപകരുടെയെങ്കിലും ക്ലാസ് പൂര്‍ണമായും പ്രധാനാധ്യാപകന്‍ വിലയിരുത്തണം. റിസോഴ്‌സ് ഗ്രൂപ്പില്‍ ഇതിന്റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അധ്യാപകരുടെ മികവുകള്‍ക്ക് പ്രോത്സാഹനവും പോരായ്മകള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയും വേണം. എ.ഇ.ഒ, ഡി.ഇ.ഒ എന്നിവര്‍ മാസത്തില്‍ 10 സ്‌കൂളെങ്കിലും സന്ദര്‍ശിക്കണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരും മാസത്തില്‍ 10 സ്‌കൂളിലെങ്കിലും അക്കാദമിക് മോണിറ്ററിങ് നടത്തണം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പല മേഖലകളായി തിരിച്ച് മോണിറ്ററിങ് ടീമുകള്‍ക്ക് ഡി.പി.ഐ രൂപം നല്‍കും. ഈ ടീമും പ്രതിമാസം 10 സ്‌കൂളിലെങ്കിലും പരിശോധന നടത്തണം. പ്രധാനാധ്യാപകന്‍ നല്‍കുന്ന റിപ്പോര്‍ട്ട് എ.ഇ.ഒ, ഡി.ഇ.ഒ മുതല്‍ ഡി.പി.ഐ വരെ വിലയിരുത്തപ്പെടും. സ്‌കൂളുകളിലെ പ്രഗത്ഭരായ അധ്യാപകരെ ഉള്‍പ്പെടുത്തി റിസോഴ്‌സ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയാണ് വിലയിരുത്തല്‍ സംഘത്തിലേക്ക് വിദ്യാഭ്യാസ ജില്ലാ തലത്തില്‍ നിയോഗിക്കുക.
ജില്ലാ-സംസ്ഥാന തലത്തില്‍ സ്‌കൂളില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ മാതൃകയായി അവതരിപ്പിക്കുകയും അംഗീകാരം നല്‍കുകയും ചെയ്യണം. അധ്യാപകര്‍ക്ക് ടീച്ചിങ് മാന്വല്‍ നിര്‍ബന്ധമാക്കും. സ്‌കൂള്‍ വാര്‍ഷിക പദ്ധതി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ പ്രധാനാധ്യാപകന്‍ രൂപപ്പെടുത്തണം. സ്‌കൂള്‍ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സ്വയംവിലയിരുത്തല്‍ രേഖ പ്രധാനാധ്യാപകന്‍ എല്ലാ മാസവും നല്‍കണം. സ്‌കൂള്‍ സന്ദര്‍ശനത്തിന് പുറമെ ഡി.ഇ.ഒ താഴെത്തട്ടില്‍ നടക്കുന്ന അക്കാദമിക് മോണിറ്ററിങ് പ്രവര്‍ത്തനം ക്രോഡീകരിക്കുകയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് മാസവും ഡി.പി.ഐക്ക് നല്‍കുകയും വേണം. സംസ്ഥാനതല ഏകോപനം മേഖല തിരിച്ചുള്ള മോണിറ്ററിങ് ടീമുകള്‍ക്കായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
പുതിയ പാഠ്യപദ്ധതിയില്‍ വിദ്യാര്‍ഥികളുടെ പതിവ് മൂല്യനിര്‍ണയത്തിന് പുറമെ സാമൂഹിക-വൈജ്ഞാനിക പരിശോധനയും നിഷ്‌കര്‍ഷിക്കുന്നുണ്ട്. സ്‌കൂള്‍ തലത്തില്‍ ചേരുന്ന റിസോഴ്‌സ് ഗ്രൂപ്പില്‍ ഓരോ വിദ്യാര്‍ഥിയെയും കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്താണ് സാമൂഹിക-വൈജ്ഞാനിക മേഖലകളിലെ കുട്ടിയുടെ അറിവിനെക്കുറിച്ചുള്ള മൂല്യനിര്‍ണയം നടത്തേണ്ടത്. അതേസമയം അധ്യാപകരെ വിലയിരുത്തുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും അത് ഏതുരീതിയില്‍ വേണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്ന് അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഓരോ വിഷയവും പഠിപ്പിക്കുന്നത് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ വിലയിരുത്തുന്നതിനേക്കാള്‍ മെച്ചം വിദഗ്ധര്‍ വിലയിരുത്തുന്നതാണ്. അധ്യാപകരില്‍നിന്ന് തന്നെയുള്ള വിദഗ്ധരെ അതിനായി ഉപയോഗപ്പെടുത്താമെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."