ചിദംബരത്തിന്റെ ആരോഗ്യം പരിശോധിക്കാന്‍ ഹൈക്കോടതി സമിതി രൂപീകരിച്ചു
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്)ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഹൈദരാബാദിലെ ഡോക്ടര്‍ നാഗേശ്വര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് എയിംസിലെ ഡീനിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇടക്കാല ജാമ്യം തേടി ചിദംബരം നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് സുരേഷ്‌കുമാര്‍ കെയ്തിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് നടപടി. ഐ.എന്‍.എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന് ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് ഹൈദരാബാദില്‍ പോകാന്‍ ആറുദിവസത്തെ ജാമ്യം തേടിയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദില്‍ പോകാന്‍ അനുവദിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, ചിദംബരം ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് എയിംസില്‍ വിദഗ്ധ ചികിത്സയാണ് ലഭിക്കുന്നതെന്ന് ചൂïിക്കാട്ടി. രാജ്യത്ത് ആയിരക്കണക്കിന് തടവുകാര്‍ക്ക് അവശ്യ ചികിത്സ പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എയിംസിലെ ചികിത്സ പോരെന്ന് പരാതിപ്പെടുന്ന ചിദംബരത്തിന്റെ പ്രശ്‌നം എന്താണെന്നും കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."