ജില്ലയില്‍ രണ്ടു ദിവസം പെരുന്നാള്‍ ആഘോഷം
കാഞ്ഞങ്ങാട്: കര്‍ണാടകയിലെ ബട്ക്കലില്‍ കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഭൂരിഭാഗം മഹല്ലുകളിലും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു. ജില്ലയിലെ പ്രമുഖ സംയുക്ത ജമാഅത്തുകളായ കാസര്‍കോട്,കാഞ്ഞങ്ങാട്,കീഴൂര്‍,കുമ്പള,ഉപ്പള,പള്ളിക്കര എന്നിവയുടെ പരിധിയില്‍ വരുന്ന മുന്നൂറ്റി അന്‍പതിലധികം മഹല്ലുകളിലും നീലേശ്വരത്തും ഇന്നലെ പെരുന്നാള്‍ ദിനമായിരുന്നു.
നീലേശ്വരം കാര്യങ്കോട് പുഴയുടെ വടക്കേ അറ്റം വരെയുള്ള പ്രദേശങ്ങളിലാണ് ഇന്നലെ കാസര്‍കോട് ജില്ലയില്‍ പെരുന്നാള്‍ ആഘോഷിച്ചത്. തൃക്കരിപ്പൂര്‍ മേഖലകളില്‍ ഇന്നാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതിനു പുറമേ കര്‍ണാടകയിലെ ബട്ക്കല്‍,കുന്ദാപുര,ഉഡുപ്പി,ബെല്‍ത്തങ്ങാടി, മൂഢബിദ്രി , മംഗളൂരു സംയുക്ത ജമാഅത്ത്,ദക്ഷിണ കന്നഡ ജില്ലയിലെ ഭൂരിഭാഗം മഹല്ലുകള്‍, ഉള്ളാള്‍ പരിധിയിലെ മുപ്പത് മഹല്ലുകള്‍ എന്നിവിടങ്ങളില്‍ ഇന്നലെ പെരുന്നാള്‍ ആയിരുന്നു.
കാസര്‍കോട് ജില്ലയിലെ ഏണിയാടി, മൂന്നാം കടവ്, കാട്ടിപ്പാറ, മരുതടുക്കം,കരിവേടകം,കുണ്ടക്കുഴി, മുനമ്പം എന്നിവിടങ്ങളിലും, ഉള്ളാളിലെ രണ്ടു മഹല്ലുകളിലും പെരുന്നാള്‍ ഇന്നാണ്. കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള ഈ മഹല്ലുകളുടെ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കൂറ) ആണ്. ബട്ക്കലില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പെരുന്നാള്‍ പ്രഖ്യാപനം നടത്താത്തതാണ് ഈ മഹല്ലുകളില്‍ പെരുന്നാള്‍ ഇന്നലെ ഇല്ലാതെ വന്നത്. ഇതേ തുടര്‍ന്ന് കാസര്‍കോട്,കീഴൂര്‍ സംയുക്ത ജമാഅത്തുകളില്‍പ്പെട്ട മഹല്ലുകളുമായി തൊട്ടു കിടക്കുന്ന ഈ ഏഴു മഹല്ലുകളില്‍ പെരുന്നാള്‍ ഇന്നാണ്.
അതേ സമയം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖാസി സ്ഥാനം വഹിക്കുന്ന ഉള്ളാള്‍ ദര്‍ഗ ഉള്‍പ്പെടുന്ന കേന്ദ്ര പള്ളി പരിധിയില്‍ ഇന്ന് പെരുന്നാളാഘോഷിച്ചു. തൊട്ടടുത്ത പ്രദേശത്തെ അദ്ദേഹത്തിന്റെ രണ്ടു മഹല്ല് പരിധിയിലും പെരുന്നാള്‍ ഇന്നാണ്.
ബട്ക്കലില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കാന്തപുരം വിഭാഗത്തിന്റെ ജില്ലയിലെ മറ്റു ഖാസിമാരായ ഷിറിയ ആലിക്കുഞ്ഞി മുസ്ലിയാരുംബേക്കല്‍ ഇബ്രാഹിം മുസ്ലിയാരും ഇവരുടെ പരിധിയില്‍ കഴിഞ്ഞ ദിവസം തന്നെ ഇന്നലെ പെരുന്നാളായി പ്രഖ്യാപനം നടത്തിയിരുന്നു.
എന്നാല്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഈ മഹല്ലുകളില്‍ പെരുന്നാള്‍ ഇന്നാണെന്നു നിശ്ചയിക്കുകയായിരുന്നു. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഖാസിയായിട്ടുള്ള കര്‍ണാടകയിലെ ഉച്ചില, കെ.സി റോഡ്, തലപ്പാടി, ചിക് മംഗളൂരു, ഉഡുപ്പി ഭാഗങ്ങളിലൊക്കെയും കാന്തപുരം വിഭാഗം ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു. ഇതിന് പുറമേ ഷിറിയ ആലിക്കുഞ്ഞി മുസ്ലിയാര്‍ ഖാസിയായിട്ടുമുള്ള മഞ്ചേശ്വരം മേഖലയിലെ മഹല്ല് പരിധിയിലും ഇന്നലെ പെരുന്നാള്‍ ആയിരുന്നു.
അതേ സമയം ഉള്ളാള്‍ പ്രദേശത്തെ ഫസല്‍ കോയമ്മ തങ്ങള്‍ ഖാസിയായിട്ടുമുള്ള മൂന്നു മഹല്ലുകളില്‍ ഒരെണ്ണമായ പറപ്പു ജമാഅത്ത് പരിധിയില്‍ ഇന്നലെ പെരുന്നാള്‍ ആയിരുന്നു. എന്നാല്‍ ഹിറാ പ്രദേശത്ത് ഇന്നാണ് പെരുന്നാള്‍. ഇതോടെ ഒരേ ഖാസിക്ക് കീഴിലുള്ള ഒരു പ്രദേശത്തെ വിവിധ മഹല്ലുകളില്‍ പെരുന്നാള്‍ രണ്ടു ദിവസം ആകുകയും ചെയ്തു.
പെരുന്നാളിന്റെ വരവറിയിച്ച് ശനിയാഴ്ച രാത്രിയില്‍ പള്ളികളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഫിത്വിര്‍ സക്കാത്ത് നല്‍കുന്നതിലും വിശ്വാസികള്‍ ജാഗരൂകരായി. വ്രതാനുഷ്ഠാനത്തില്‍ സംഭവിച്ചുപോയ ന്യൂനത പരിഹരിക്കാനും കൂടിയുള്ളതായിരുന്നു ഫിത്വിര്‍ സക്കാത്ത് നല്‍കുന്നതിലൂടെ വിശ്വാസികള്‍ കൈവരിച്ചത്.
രാവിലെ മുതല്‍ തന്നെ പുത്തനുടുപ്പമണിഞ്ഞും സുഗന്ധം പൂശിയും കുട്ടികളും മുതിര്‍ന്നവരും പള്ളികളിലേക്ക് ഒഴുകിയെത്തി. വിവിധ ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്‌കാരം നടന്നു.
പെരുന്നാള്‍ നിസ്‌ക്കാരം കഴിഞ്ഞ ശേഷം പരസ്പരം സലാം പറഞ്ഞ് സ്‌നേഹോഷ്മളമായ ആലിംഗനത്തില്‍ മുഴുകിയും വിശ്വാസികള്‍ സൗഹൃദം പങ്കുവച്ചു.
കുടുംബവീടുകളും അയല്‍വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തിയും ബന്ധങ്ങള്‍ പുതുക്കിയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.
ശനിയാഴ്ച രാത്രിയും മഴയുണ്ടായിരുന്നുവെങ്കിലും പെരുന്നാള്‍ നിസ്‌കാര സമയങ്ങളില്‍ മാറി നിന്നതു ഗുണപ്രദമായി.
ജില്ലയിലെ പള്ളികളില്‍ പ്രമുഖ മതപണ്ഡിതര്‍ പെരുന്നാള്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."