തിരിച്ചുപിടിക്കണം പനിച്ചൂടില്ലാത്ത പ്രഭാതങ്ങള്‍
''ചുക്കുകാപ്പി കഴിച്ച് നല്ലോണം പുതച്ച് കിടന്നാ മതി, പനിയൊക്കെ പമ്പ കടക്കും...'' വിദൂരമല്ലാത്ത ഭൂതകാലത്തില്‍ മഴയോടൊപ്പമെത്തുന്ന പനിയെ പ്രതിരോധിക്കാന്‍ പഴമക്കാര്‍ പറയുന്ന ഓറ്റമൂലിയായിരുന്നു ഈ വാക്കുകള്‍. ദിവസങ്ങള്‍ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന ഇത്തരം പനികളില്‍ നിന്നു രൂപവും ഭാവവും മാറി പുതിയകാലത്ത് വിവിധ പേരുകളില്‍ പനി മലയാളിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഡെങ്കി, എച്ച്‌വണ്‍ എന്‍വണ്‍, ഡിഫ്തീരിയ തുടങ്ങി മനുഷ്യ ജീവന് തന്നെ ഭീഷണിയായി മഹാമാരികള്‍ നാടാകെ വ്യാപിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും പരസ്പരം പഴിചാരാനുള്ള ഉദ്യോഗസ്ഥ വര്‍ഗത്തിന്റെ പതിവ് ശൈലികള്‍ക്കുമപ്പുറം ദിവസവുമെന്നോണമുള്ള പനി മരണങ്ങള്‍ തടയേണ്ടത് ജനങ്ങളുടെ തന്നെ ആവശ്യമായി മാറിയിരിക്കുകയാണ്. മഴക്കാലമെത്തുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. സാധാരണ ജലദോഷപ്പനിയുടെ രൂപത്തില്‍ പ്രകടമായി കാര്യമായ ശ്രദ്ധനല്‍കിയില്ലെങ്കില്‍ മരണത്തിലേക്ക് വരെ നയിക്കുന്ന ഈ രോഗത്തിന്റെ പ്രാരംഭഘട്ടം മുതലുള്ള പ്രത്യേകതകളും സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും പറ്റി വിശദീകരിക്കുകയാണ് സംസ്ഥാനത്തെ മുതിര്‍ന്ന മെഡിക്കല്‍ അധ്യാപകനും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടറുമായ ഡോ. പി.പി വേണുഗോപാലന്‍.
ശ്രദ്ധിക്കുക, ആരും സ്വയം ഡോക്ടര്‍മാരാവരുത്
രോഗമെന്താണെന്നും രോഗലക്ഷണങ്ങളെന്താണെന്നും ഒരു പരിധിവരെ മനസ്സിലാക്കിയ മലയാളികളോട് ആദ്യം അഭ്യര്‍ഥിക്കുന്നു, ദയവു ചെയ്ത് ആരും സ്വയം ചികിത്സ നടത്തരുത്. പനിയോ ജലദോഷമോ വന്നാല്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ പോയി മരുന്ന വാങ്ങിക്കഴിക്കുന്നതാണ് ശരാശരി മലയാളിയുടെ ശീലം. എന്നാല്‍, പനി മരണങ്ങള്‍ അനുദിനം നടക്കുന്ന സാഹചര്യത്തിലെങ്കിലും മറ്റുള്ളവര്‍ പറയുന്ന ഉപദേശങ്ങള്‍ കേട്ടോ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്നു വാങ്ങി കഴിച്ചോ സ്വയം ഡോക്ടര്‍മാരായി ചികിത്സ നിര്‍ണയിക്കുന്ന രീതി ഒഴിവാക്കണം. ഡെങ്കിപ്പനി ബാധിച്ചവര്‍ ഇത്തരത്തില്‍ മരുന്ന് കഴിച്ചാല്‍ അത് മരണത്തിന് വരെ ഇടയാക്കും. നോണ്‍ സ്‌റ്റെറോയ്ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഡ്രഗ്‌സ്(എന്‍.എസ്.എ.ഐ.ഡി) വിഭാഗത്തില്‍പ്പെട്ട മെഫ്താല്‍, ഒവ്രാന്‍, ആസ്പിരിന്‍ ഗുളികകളാണ് ഇത്തരത്തില്‍ കഴിക്കുന്നത്. ഇതുമൂലം രക്തസ്രാവത്തിനുള്ള സാധ്യത കൂടുകയും രോഗം കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും.
എന്തുകൊണ്ട് ജാഗ്രത പുലര്‍ത്തണം
മറ്റ് വൈറസ് രോഗങ്ങളെപ്പോലെ തന്നെ ഡെങ്കിപ്പനിക്ക് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ രോഗികള്‍ക്ക് മരുന്ന് നല്‍കി ആശ്വാസമേകാന്‍ ഈ രോഗാവസ്ഥയില്‍ കഴിയില്ല. അശ്രദ്ധമായി വലിച്ചെറിയുന്ന ഒരു ചിരട്ടപോലും നമ്മുടെ ജീവനെടുക്കാന്‍ പ്രാപ്തിയുള്ള കൊതുകുകള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യമൊരുക്കും. ഈഡിസ് കൊതുകിന്റെ ലാര്‍വകള്‍ 7 മുതല്‍ 12 ദിവസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും. അനുകൂല സാഹചര്യത്തില്‍ ഒരു വര്‍ഷം വേണമെങ്കിലം ഇതിന്റെ ലാര്‍വകള്‍ നശിക്കാതെ നില്‍ക്കും. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് കൊതുകിന്റെ ആക്രമണം രൂക്ഷമാകുന്നത്. ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ബാധിക്കുന്ന രോഗം പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയുമാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. 1779ല്‍ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചതായി അറിയുമ്പോഴാണ് ഈ രോഗത്തിന്റെ പഴക്കം നമ്മളെ അദ്ഭുതപ്പെടുത്തുക. ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 1945ല്‍ കൊല്‍ക്കത്തയിലാണ്.
പനി വന്നാല്‍ പരിഭ്രാന്തി വേണ്ട
ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പനി, ശക്തമായ തലവേദന, സന്ധി, പേശി,കണ്ണ് എന്നിവിടങ്ങളിലുണ്ടാകുന്ന വേദന, ഛര്‍ദ്ദി എന്നിവയാണ് സാധാരണയായി ഡെങ്കിപ്പനിക്കുണ്ടാകുന്ന ലക്ഷണങ്ങള്‍. എന്നാല്‍, പനി വന്ന ഉടന്‍ തന്നെ ഡെങ്കിയാണെന്ന പരിഭ്രാന്തി വേണ്ട. ആദ്യത്തെ മൂന്ന് ദിവസം കാത്തുനിന്നതിനു ശേഷം മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടെ പനി തുടരുകയാണെങ്കിലാണ് ചികിത്സ തേടേണ്ടത്. എ,ബി,സി,ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. ഇതില്‍ ടൈപ്പ് എ രോഗം ബാധിച്ചവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ടാകാറില്ലെങ്കിലും ടൈപ്പ് ബി വിഭാഗത്തിലുള്ള ഡെങ്കിപ്പനി ഗുരുതരമായി ബാധിക്കും. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും മൂന്ന് തവണ വരെ ഡെങ്കിപ്പനി വരാന്‍ സാധ്യതയുണ്ട്. അങ്ങനെ രോഗം വരികയാണെങ്കില്‍ അത് രോഗിയുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും.
അടിയന്തര ചികിത്സ എപ്പോള്‍
നിര്‍ത്താതെയുള്ള ഛര്‍ദി, കഠിനമായ വയറുവേദന, പനിയെത്തുടര്‍ന്നുള്ള ശരീരോഷ്മാവിലുണ്ടാകുന്ന വ്യതിയാനം(ശരീരം പെട്ടെന്ന് തണുക്കുക), ബോധം നഷ്ടമാകുക, രക്തസമ്മര്‍ദ്ദം കുറയുക തുടങ്ങിയ അവസ്ഥയുണ്ടാവുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കണം. സാധാരണയുണ്ടാകുന്ന പനിയില്‍ തുടങ്ങി ഒന്നു മുതല്‍ ആറു ദിവസത്തിനുള്ളില്‍ ചിലപ്പോള്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം. ഡെങ്കിപ്പനിയുടെ ഏറ്റവും സങ്കീര്‍ണമായ ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയിലാണ് ഇത്തരം ലക്ഷണങ്ങളുണ്ടാകുക. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയുന്ന ഈ അവസ്ഥയില്‍ എത്രയും പെട്ടെന്ന് ഇത് പൂര്‍വസ്ഥിതിയിലാക്കുകയാണ് ഏക പോംവഴി.
ഇതിനായി കോംബോണെന്റ് തെറാപ്പിയാണ് സാധാരണയായി ചെയ്തുവരുന്നത്. ഡെങ്കി ഷോക്ക് സിന്‍ഡ്രോം കൂടുതല്‍ സങ്കീര്‍ണമായാല്‍ അത് തലച്ചോറിനെയും ഹൃദയത്തെയും ശ്വാസകോശത്തെ വരെയും ദോഷകരമായി ബാധിക്കും. മനുഷ്യശരീരത്തില്‍ ഒരു മില്ലി ലിറ്റര്‍ രക്തത്തില്‍ 4 ലക്ഷത്തിലധികം പ്ലേറ്റ്‌ലെറ്റുകളാണ് ഉണ്ടാവേണ്ടത്. ഡബ്ല്യു.എച്ച്.ഒയുടെ മാനദണ്ഡമനുസരിച്ച് പ്ലേറ്റ്‌ലെറ്റ് കൗണ്ട് 10000ത്തില്‍ താഴുകയാണെങ്കില്‍ രോഗിയെ നിര്‍ബന്ധമായും കോംബോണെന്റ് തെറാപ്പിക്ക് വിധേയനാക്കണം.
എന്നാല്‍, സംസ്ഥാനത്തെ ആശുപത്രികളില്‍ ഇത് 20,000 വരെയാണ് കണക്കാക്കുന്നത്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ കുറഞ്ഞാലും രോഗിയെ ദോഷകരമായി ബാധിക്കും. ഈ അവസ്ഥ ഹെമറാജിക് ഫീവര്‍ എന്നാണറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."