കൊല്ലപ്പെടാന്‍ അവര്‍ ചെയ്ത കുറ്റമെന്ത്
''മാവോയിസ്റ്റായി എന്നതിന്റെ പേരില്‍ ആരും കൊല്ലപ്പെടില്ല.''
ഇതു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ്. അട്ടപ്പാടിയിലെ മഞ്ചക്കട്ടി ഊരിനടുത്ത കാട്ടില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ അടുത്തദിവസം നിയമസഭയിലാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. 'ഭരണകൂടം അടിച്ചമര്‍ത്തിയാല്‍ ഒരു പ്രസ്ഥാനവും തകര്‍ന്നുപോകില്ലെന്ന് ഈ സര്‍ക്കാരിനറിയാം' എന്നുകൂടി മുഖ്യമന്ത്രി പറഞ്ഞു.
പിന്നെന്തിന് അവശനും രോഗിയും വനിതയുമുള്‍പ്പെടെ നാലു മാവോയിസ്റ്റുകളെ അട്ടപ്പാടി വനത്തില്‍ വെടിവച്ചു കൊന്നു. കൊല്ലപ്പെടാന്‍ മാത്രം എന്തു കുറ്റമാണവര്‍ ചെയ്തത്.
അതിനും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ''ആ മാവോയിസ്റ്റുകള്‍ 'അയ്യാ... അല്‍പ്പം അരി തരണേ'യെന്നു കേണപേക്ഷിച്ച് ആദിവാസി ഊരുകള്‍ കയറിയിറങ്ങിയ പാവങ്ങളല്ല. ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളില്‍ പൊതുപ്രവര്‍ത്തകരെയുള്‍പ്പെടെ കൊന്നൊടുക്കിയ അതേ പ്രസ്ഥാനം തന്നെയാണിത്.''
അതായത്, അട്ടപ്പാടിയിലെയും വയനാട്ടിലെയും നിലമ്പൂരിലെയും കാടുകളില്‍ തെണ്ടിത്തിരിയുന്ന മാവോയിസ്റ്റുകള്‍ ഇതുവരെ ഒരാളെപ്പോലും കൊന്നിട്ടില്ലെങ്കിലും അവരുടെ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ ഛത്തിസ്ഗഡിലും ഒഡിഷയിലും മറ്റും സൈനികരെയും നാട്ടുകാരെയും കൊന്നവരായതിനാല്‍ ഇവരും ശിക്ഷയര്‍ഹിക്കുന്നുവെന്ന്! മരണത്തില്‍ കുറഞ്ഞ ശിക്ഷ അവര്‍ക്കു വിധിക്കാനാവില്ലെന്ന്!
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നിയമവ്യവസ്ഥയുള്ള രാജ്യമാണിത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റത്തിനു മാത്രമേ വധശിക്ഷ വിധിക്കാവൂ എന്നുണ്ട്. പരമോന്നത നീതിപീഠം വധശിക്ഷ വിധിച്ചാല്‍പ്പോലും ഈ രാജ്യത്തിന്റെ പ്രഥമപൗരനു മുന്നില്‍ ദയാഹരജിയുമായി പോകാനുള്ള അവകാശം ഏതു കൊടുംഭീകരനും അനുവദിക്കപ്പെട്ടതാണ്.
ഇതെല്ലാം തെറ്റിച്ച്, ഇന്നത്തെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ഗുജറാത്തില്‍ നടന്ന വ്യാജഏറ്റുമുട്ടല്‍ കൊലക്കെതിരേ രംഗത്തിറങ്ങിയവരാണ് ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍. ആ പ്രതിഷേധക്കൂട്ടായ്മയിലുണ്ടായിരുന്ന പ്രമുഖമായ രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളത്തിലാണ് കഴിഞ്ഞദിവസം നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. നിലമ്പൂരിലും വൈത്തിരിയിലും നേരത്തേ നടന്ന കൊലകള്‍ കൂടി കൂട്ടിയാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇതേ രീതിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഏഴാണ്.
മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണു വെടിവച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തീവ്രവാദീവേട്ടയില്‍ വിദഗ്ധപരിശീലനം സിദ്ധിച്ചവരും അത്യാധുനിക ആയുധങ്ങളുള്ളവരും എണ്ണത്തില്‍ തങ്ങളേക്കാളേറെയുള്ളവരുമായ തണ്ടര്‍ബോള്‍ട്ടിനെ നാടന്‍തോക്കുകൊണ്ടു നേരിട്ടാക്രമിച്ചു വിപ്ലവം വരുത്തിക്കളയാമെന്ന് അന്നമില്ലാതെ വനത്തില്‍ അലയുന്ന മാവോയിസ്റ്റുകള്‍ ചിന്തിച്ചിട്ടുണ്ടെങ്കില്‍ അവരെപ്പോലെ വിഡ്ഢികള്‍ ഈ ലോകത്തില്ലെന്നു പറയേണ്ടിവരും.
തങ്ങളുടെ മുന്‍ഗാമികള്‍ പണ്ടു തലശേരിയിലും തൃശ്ശിലേരിയിലും കോങ്ങാട്ടും മറ്റും നടത്തിയ അത്തരം അബദ്ധങ്ങളില്‍നിന്ന് മാവോയിസ്റ്റുകള്‍ പാഠം പഠിച്ചിരിക്കണമല്ലോ. അതുകൊണ്ടാണല്ലോ 1981നു ശേഷം ഇതുവരെ അത്തരം ആക്രമണവിഡ്ഢിത്തങ്ങളൊന്നും കേരളത്തിലുണ്ടാകാതിരുന്നത്. വിപ്ലവമുണ്ടാക്കാനുള്ള ജനകീയാടിത്തറയില്ല എന്നു മനസിലാക്കിത്തന്നെയായിരിക്കണം അവര്‍ വനപ്രദേശത്തിനടുത്ത നാട്ടിന്‍പുറങ്ങളില്‍ പോസ്റ്ററൊട്ടിച്ചും മറ്റും കഴിഞ്ഞുകൂടുന്നത്.
ചാരുമജൂംദാരുടെയും കനു സന്യാലിന്റെയും മറ്റും നേതൃത്വത്തില്‍ നക്‌സല്‍ബാരിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ച തീവ്രകമ്മ്യൂണിസ്റ്റുകള്‍ മുതല്‍ ഉത്തരേന്ത്യയില്‍ സുരക്ഷാസൈന്യവുമായി ഒളിപ്പോരു നടത്തുകയും പശ്ചിമഘട്ടവനങ്ങളില്‍ അലഞ്ഞുതിരിയുകയും ചെയ്യുന്ന നവമാവോയിസ്റ്റുകള്‍ വരെയുള്ളവര്‍ അടിസ്ഥാനപരമായി വിശ്വസിക്കുന്നതു കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നുവെന്നു പറയുന്ന മാര്‍ക്‌സിസം ലെനിനിസത്തില്‍ തന്നെയാണ്.
മാര്‍ക്‌സോ ഏംഗല്‍സോ ലെനിനോ മാവോയോ ബൂര്‍ഷ്വാജനാധിപത്യവ്യവസ്ഥയില്‍ വിശ്വസിച്ചവരല്ല എന്നതിനാല്‍ തങ്ങളും അതിനെ തള്ളിക്കളഞ്ഞു തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിനായുള്ള പോരാട്ടം നടത്തുന്നുവെന്നാണു മാവോയിസ്റ്റുകളുടെ നിലപാട്. ബംഗാളിലെ തൊഴിലാളികള്‍ കടുത്ത ചൂഷണത്തിനു വിധേയരാകുന്നുവെന്ന് ആരോപിച്ചായിരുന്നല്ലോ അക്കാലത്തു സി.പി.എം പ്രവര്‍ത്തകരായിരുന്ന ചാരുമജൂംദാരുടെയും മറ്റും നേതൃത്വത്തില്‍ നക്‌സല്‍ബാരിയില്‍ ഭൂവുടമകള്‍ക്കെതിരേ പോരാട്ടം നടത്തിയത്. കേരളത്തിലും അതേകാര്യം ഉന്നയിച്ചായിരുന്നല്ലോ കുന്നിക്കല്‍ നാരായണനും വര്‍ഗീസും എ. വാസുവുമെല്ലാം ഇവിടെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയത്. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ പറയുന്നതും അതേ കാരണമാണ്.
അവരുടെ വാക്കിന്റെയും പ്രവൃത്തിയുടെയും ശരി തെറ്റുകളെന്തായാലും അതു തീരുമാനിക്കേണ്ടതും ഇവിടത്തെ നിയമവ്യവസ്ഥയാണ്. കണ്ണില്‍ച്ചോരയില്ലാത്ത അക്രമകാരികളാണ് അവരെങ്കില്‍ തീര്‍ച്ചയായും നിയമം അനുശാസിക്കുന്ന കടുത്തശിക്ഷ അവര്‍ക്കു നല്‍കണം. തിരുനെല്ലിയിലും തൃശിലേരിയിലും കോങ്ങാട്ടുമൊക്കെ നടന്ന അക്രമങ്ങള്‍ക്കു നിയമം അങ്ങനെയാണു മറുപടി നല്‍കിയത്. അതല്ലാതെ, വളഞ്ഞവഴിയിലൂടെ വര്‍ഗീസിനെ കശാപ്പു ചെയ്തവര്‍ക്കെതിരേ വൈകിയാണെങ്കിലും നിയമത്തിന്റെ കുരുക്കു മുറുകിയിട്ടുമുണ്ട്.
ഉത്തരേന്ത്യയില്‍ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവങ്ങളും മാവോയിസ്റ്റുകള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച സംഭവങ്ങളും എത്രയോ ഉണ്ടായിട്ടുണ്ട്. ഒഡിഷയിലെ മല്‍ക്കന്‍ഗിരി ജില്ലയില്‍ പ്ലീനറി സമ്മേളനത്തിനെത്തിയ 24 മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടിട്ട് മാസങ്ങള്‍ അധികമായില്ല. അതു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന ആരോപണമുണ്ടായെങ്കിലും ഗൗനിക്കപ്പെട്ടില്ല.
എന്നാല്‍, കേരളത്തിലെ നക്‌സലൈറ്റുകളോ പില്‍ക്കാലത്തെ മാവോയിസ്റ്റുകളോ ഏതാണ്ട് നാലു പതിറ്റാണ്ടു കാലത്തിനിടയില്‍ ഒരാളെപ്പോലും കൊന്നതായി അറിയില്ല. പിന്നെന്തിന് അവരെ കണ്ട മാത്രയില്‍ വെടിവച്ചു വീഴ്ത്തുന്നു. ഈ ചോദ്യം തീര്‍ച്ചയായും ഭരണകൂടത്തില്‍നിന്ന് ഉത്തരം ആവശ്യപ്പെടുന്നതാണ്. നിലമ്പൂരില്‍ വെടിയേറ്റു മരിച്ച കുപ്പുദേവരാജ് രോഗാധിക്യത്താല്‍ കിടപ്പിലായിരുന്നെന്നും വൈത്തിരിയില്‍ മരിച്ച ജലീലിന്റെ തലയുടെ പിന്നിലാണു വെടിയേറ്റതെന്നുമുള്ള സത്യം പിന്നീടു പുറത്തുവന്നു. എന്നിട്ടും, 'ഏറ്റുമുട്ടല്‍' കൊലകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
ഒരു പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരില്‍ ചിലര്‍ കൊല നടത്തിയതിന്റെ പേരില്‍ ആ പ്രസ്ഥാനത്തിലുള്ളവരെല്ലാം ശിക്ഷിക്കപ്പെടണമെന്നാണ് വാദമെങ്കില്‍, ഈ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ എത്രയെണ്ണത്തിന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും നിരത്തിനിര്‍ത്തി വെടിവയ്‌ക്കേണ്ടി വരുമായിരുന്നു. 51 വെട്ടും വയല്‍വരമ്പില്‍ പൊരിവെയിലത്തു നിര്‍ത്തി മണിക്കൂറുകളോളം വിചാരണ ചെയ്തുള്ള ആള്‍ക്കൂട്ടക്കൊലയും ഇരട്ടക്കൊലപാതകങ്ങളുമൊക്കെയായി പാടത്തെ പണിക്കു വരമ്പത്തു കൂലി കൊടുത്തു മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ പല പ്രസ്ഥാനങ്ങളും. ആ കൊടുംപാതകങ്ങള്‍ ചെയ്ത ആരെയെങ്കിലും ഈ ന്യായത്തില്‍ ഇതേപോലെ വെടിവച്ച് കൊന്നിട്ടുണ്ടോ.
കുറച്ചുനാള്‍ മുമ്പ് വാര്‍ത്തയില്‍ വന്നപോലെ ഇടനെഞ്ചില്‍ തറയ്ക്കുന്ന വിലാപം തന്നെയായിരുന്നു മഹാരാജാസ് കോളജ് അങ്കണത്തില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ മാതാവിന്റെ കണ്ഠത്തില്‍ നിന്നുയര്‍ന്നത്. 'നാന്‍ പെറ്റ മകനേ' എന്ന ആര്‍ത്തനാദം ഇപ്പോഴും മാനുഷികത വറ്റിയിട്ടില്ലാത്ത മനസുകളില്‍ പ്രതിധ്വനിക്കുന്നുണ്ട്.
അതേ മനസോടെ തന്നെ കേള്‍ക്കേണ്ടതുണ്ട്, അതേ തീവ്രതയോടെ നെഞ്ചില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്... മഞ്ചക്കട്ടി വനത്തില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദീനരോദനം. അവരും നെഞ്ചുപൊട്ടിക്കരയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."