കശ്മിരിലെ ഭരണ പ്രതിസന്ധി
ജമ്മുകശ്മിര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് കശ്മിര്‍ നിയമസഭ പിരിച്ചുവിട്ടതോടെ ഒരിക്കല്‍കൂടി കശ്മിര്‍ പ്രക്ഷുബ്ധമാവുകയാണ്. പി.ഡി.പി സഖ്യത്തില്‍നിന്ന് ബി.ജെ.പി പിന്മാറിയതോടെ മെഹബൂബാ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംപതിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 19 മുതല്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു കശ്മിര്‍.
ഗവര്‍ണര്‍ ഭരണത്തിന്റെ തണലില്‍ മെഹബൂബാ മുഫ്തിയുടെ പി.ഡി.പിയില്‍ പിളര്‍പ്പുണ്ടാക്കി വീണ്ടും അധികാരത്തില്‍ വരാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പി മെനഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
എന്നാല്‍ ബി.ജെ.പിയുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തുന്ന നീക്കമാണ് കശ്മിരില്‍ പിന്നീടുണ്ടായത്. വിശാല സഖ്യമെന്നപേരില്‍ പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒന്നിച്ചു. ഇതിനു പിന്നാലെയാണ് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശ വാദവുമായി പി.ഡി.പി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത്. എന്നാല്‍ ഗവര്‍ണര്‍ കത്തിനു മറുപടി നല്‍കാതെ നിശബ്ദത പാലിച്ചു.
പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ഗനിലോണ്‍ ബി.ജെ.പി പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ സന്ദര്‍ശിച്ചു. രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള ഗനിലോണിന് ബി.ജെ.പിയുടെ സഹായത്തോടെ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ അതുവഴി പി.ഡി.പിയില്‍നിന്ന് എം.എല്‍.എമാരെ ചോര്‍ത്തി ബി.ജെ.പിക്ക് ഭരണത്തില്‍ തുടരാമെന്നായിരുന്നു ബി.ജെ.പി നേതൃത്വം കണക്കുകൂട്ടിയിരുന്നത്.
ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഈ നീക്കത്തിന് നിശബ്ദ പിന്തുണ നല്‍കുകയും ചെയ്തു. മന്ത്രിസഭയുണ്ടാക്കാന്‍ വിശാല സഖ്യത്തെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് മെഹബൂബാ മുഫ്തി ട്വീറ്റില്‍ പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. വിശാല സഖ്യത്തിലെ മൂന്നു നേതാക്കളും ഇന്നലെ ഗവര്‍ണറെ നേരിട്ടു കണ്ട് മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശം ഉന്നയിക്കാന്‍ തീരുമാനിച്ചതായിരുന്നു. അതിന് മുമ്പേ നിയമസഭ പിരിച്ചുവിട്ടുകൊണ്ട് ഗവര്‍ണര്‍ ഉത്തരവാകുകയായിരുന്നു. കുതിരക്കച്ചവടത്തിന് സാധ്യതയുണ്ട് എന്ന കാരണമാണ് ഗവര്‍ണര്‍ പറഞ്ഞത്.
ആറു മാസത്തെ കേന്ദ്രഭരണ കാലാവധി അടുത്ത മാസം 19ന് അവസാനിക്കാനിരിക്കെയാണ് പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സംയുക്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം നടത്തിയത്. ഭരിക്കാന്‍ 44 അംഗങ്ങളുടെ പിന്തുണ മതിയാകും. പി.ഡി.പിക്ക് 29ഉം നാഷനല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം സീറ്റുകളുള്ളപ്പോള്‍ ബി.ജെ.പിയെ പുറത്തിരുത്തി ഭരണം നടത്താന്‍ വിശാല സഖ്യത്തിന് കഴിയുമായിരുന്നു.
എന്നാല്‍ കേന്ദ്രഭരണം കൈയിലുള്ളതിന്റെ ഹുങ്കില്‍ ജനാധിപത്യ രീതിയില്‍ അധികാരമേല്‍ക്കാനുള്ള ഒരു മുന്നണിയുടെ സാധ്യതകളെയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഭരണഘടനയുടെ 53-ാം വകുപ്പ് ഉപയോഗപ്പെടുത്തി ഇല്ലാതാക്കിയത്.
ബി.ജെ.പി പുലര്‍ത്തിപ്പോരുന്ന ഏകാധിപത്യ സ്വഭാവം കശ്മിരിലും ആവര്‍ത്തിച്ചിരിക്കുകയാണ്. ജനാധിപത്യത്തില്‍ സ്വീകാര്യമാവുന്ന ഭരണ നടപടികളെ ഇല്ലാതാക്കുന്ന ബി.ജെ.പി നയത്തിന്റെ ഭാഗമായിവേണം കശ്മിര്‍ നിയമസഭ പിരിച്ചുവിട്ടതിനെയും കാണാന്‍.
മെഹബൂബയുടെ തലതിരിഞ്ഞ നയമാണ് കശ്മിരിനെ ഇത്തരമൊരു പതനത്തില്‍ എത്തിച്ചത്. 2014 ലെ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ മന്ത്രിസഭയുണ്ടാക്കാന്‍ പി.ഡി.പിയെ തുണക്കാം എന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ ഇതു നിരസിച്ച മെഹബൂബ മുഫ്തി ബി.ജെ.പിയുടെ സഹായത്തോടെ മന്ത്രിസഭയുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവഴി കേന്ദ്രത്തിന്റെ സഹായത്തോടെ കശ്മിരില്‍ സമാധാനവും സംസ്ഥാനത്ത് വികസനവും കൊണ്ടുവരാമെന്നവര്‍ കരുതി. ആ വിചാരം അസ്ഥാനത്തായിരുന്നു. ബി.ജെ.പി അവസരം മുതലാക്കി കശ്മിരില്‍ ചുവടുറപ്പിക്കാനാണ് ശ്രമിച്ചത്. കശ്മിരില്‍ സൂചികുത്താന്‍ ഇടമില്ലാതിരുന്ന ബി.ജെ.പിയെ അധികാരത്തില്‍ പങ്കാളിയാക്കിയതോടെ കനത്തവിലയും നല്‍കേണ്ടിവന്നു. മെഹബൂബാ മുഫ്തി ബി.ജെ.പിയുടെ ആജ്ഞാനുവര്‍ത്തിയായി മാറുന്നതാണ് പിന്നീടു കണ്ടത്.
കത്‌വ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന പ്രതികള്‍ക്കനുകൂലമായി മെഹബൂബാ മുഫ്തിയുടെ മന്ത്രിസഭയിലെ അംഗങ്ങളും എം.എല്‍.എമാരും ജാഥ നടത്തി. ഭരണത്തില്‍നിന്നും അവരെ പുറത്താക്കിയെങ്കിലും ബി.ജെ.പിക്കു ഭരണം കിട്ടിയാല്‍ എന്തെല്ലാം അനര്‍ത്ഥങ്ങള്‍ കശ്മിരില്‍ ഉണ്ടാകുമെന്ന് കത്‌വ സംഭവത്തോടെ വെളിപ്പെടുകയും ചെയ്തു. കത്‌വ സംഭവത്തോടെയാണ് പി.ഡി.പി-ബി.ജെ.പി സഖ്യത്തില്‍ വിള്ളല്‍ വീണത്. ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെ മന്ത്രിസഭ വീഴുകയും ഗവര്‍ണര്‍ ഭരണം നടപ്പിലാവുകയും ചെയ്തു. നാലു വര്‍ഷക്കാലത്തെ ഭരണംകൊണ്ട് മെഹബൂബാ മുഫ്തിക്ക് സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ബി.ജെ.പി നേട്ടമുണ്ടാക്കുകയും ചെയ്തു. അതുവരെ അധികാരത്തിന്റെ നാലയലത്തുപോലും എത്താന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിഞ്ഞു. ഇതിന്റെയെല്ലാം കാരണക്കാരി മെഹബൂബാ മുഫ്തിയായിരുന്നു.
കശ്മിരില്‍ ഭരണം അവസാനിക്കാന്‍ ഒരു വര്‍ഷം ശേഷിച്ചിരിക്കെയാണ് വീണ്ടുമൊരു തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്. കശ്മിരില്‍ ആരു ഭരിച്ചാലും ജനങ്ങള്‍ക്ക് സൈ്വര്യവും സമാധാനപൂര്‍ണവുമായ ജീവിതം സാധ്യമല്ല എന്ന അവസ്ഥയാണുള്ളത്. അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം പുകയുന്നു. നിത്യേനയെന്നോണം പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തുന്നു. ഭീകരര്‍ കശ്മിരിലേക്കു നുഴഞ്ഞുകയറുന്നു. ഇതിന്റെയെല്ലാം തിക്തഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് കശ്മിര്‍ ജനതയാണ്.
പുതിയ തലമുറക്കു കശ്മിരിലെ ചേരിപ്പോരിലും തീവ്രവാദി ഭീകര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമില്ല എന്നതാണ് വസ്തുത. ഉയര്‍ന്ന വിദ്യാഭ്യാസം നേടുവാനും മെച്ചപ്പെട്ട ജീവിതാവസരം നേടിയെടുക്കാനുമാണ് യുവത ആഗ്രഹിക്കുന്നത്. എന്നാല്‍ കശ്മിരിലെ പട്ടാളവും പൊലിസും അവരെ അതിന് അനുവദിക്കുന്നില്ല എന്നതാണ് ഏറെ ദയനീയം.
ഇനിയൊരു തെരഞ്ഞെടുപ്പു വന്നാലും നാഷനല്‍ കോണ്‍ഫറന്‍സോ പി.ഡി.പിയോ അധികാരത്തില്‍ വന്നാലും കശ്മിരിന്റെ കണ്ണുനീര്‍ ഒഴികിക്കൊണ്ടേയിരിക്കും. മൗലികാവകാശ ലംഘനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കും. കലുഷവും അസ്വസ്ഥവുമായ അന്തരീക്ഷമാണ് ഭീകരവാദികള്‍ക്ക് അനുകൂലമായ സാഹചര്യം കശ്മിരില്‍ ഒരുക്കുന്നതെന്ന് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ക്കുന്നതു നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."