കൊച്ചി മെട്രോ: യു.ഡി.എഫ് നേതാക്കളുടെ ജനകീയ യാത്രയ്ക്കെതിരേ കെ.എം.ആര്.എല്‍ നടപടിക്ക്
കൊച്ചി: മെട്രോയില്‍ യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ജനകീയ യാത്രയ്ക്കെതിരേ കെ.എം.ആര്.എല്‍ നടപടിക്ക്. എന്നാല്‍ പ്രവര്‍ത്തകര്‍ക്കെതിരേ എന്തു നടപടിയാണ് എടുക്കുക എന്ന കാര്യം കെ.എം.ആര്‍എല്‍ പറയുന്നില്ല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്ര മെട്രോ ചട്ടങ്ങള്‍ പാലിച്ചില്ലെന്നു കെ.എം.ആര്.എല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 2002 ലെ മെട്രോ ആക്ടിന്റെ പരസ്യലംഘനമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയതെന്നാണ് കെ.എം.ആര്.എല്‍ കണ്ടെത്തിയിരിക്കുന്നത്.
നൂറുകണക്കിന് പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും അകമ്പടിയോടെയാണ് കൊച്ചി മെട്രോയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ജനകീയയാത്ര നടത്തിയത്. യാത്ര ചട്ടങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പി.ടി തോമസ്, ഹൈബി ഈഡന്, മേയര്‍ സൌമിനി ജെയ്ന്‍, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളെ ബുദ്ധിമുട്ടിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ആലുവ ഏരിയ സെക്രട്ടറി വി സലീം കെ.എം.ആര്.എല്‍ എംഡിക്ക് കത്ത് നല്‍കിയിരുന്നു.
ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര. ട്രെയിനില്‍ കയറാന്‍ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് എടുത്ത് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടിയെ മുദ്രാവാക്യം വിളിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രവര്‍ത്തകരുടെ ആവേശം അണമുറിഞ്ഞതോടെ ഉമ്മന്‍ ചാണ്ടിക്കു സുരക്ഷ ഒരുക്കാന്‍ ജീവനക്കാര്‍ ഏറെ പാടുപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."