ക്രഷര്‍ യൂനിറ്റിലേക്കുള്ള ലോറി സമരക്കാര്‍ തടഞ്ഞു; പൊലിസ് ലാത്തി വീശി ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരുക്ക്. 30 പേര്‍ക്കെതിരെ പൊലിസ് കേസ്.
കൊണ്ടോട്ടി: പുളിക്കല്‍ അരൂരില്‍ ക്രഷര്‍ എം-സാന്‍ഡ് യൂനിറ്റിലേക്കു ലോറിയില്‍ എത്തിച്ച സാധനങ്ങള്‍ തടഞ്ഞ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പൊലിസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ അരൂര്‍ ചണ്ടംപിലാക്കല്‍ സഫിയ, കൊളക്കാട്ടില്‍ ആരിഫ, സുലൈഖ, ഖദീജ, കൊളക്കാട്ടില്‍ മുഹമ്മദ് കുട്ടി, മകള്‍ രണ്ടുവയസുകാരി ഫാത്തിമ ഹന്ന, പാട്ടെയില്‍ അബൂബക്കര്‍, കൊളക്കാട്ടില്‍ അബ്ദുളള, കാരിക്കാട്ടുകുഴി നിസാര്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു കണ്ടാലറിയുന്ന 30 പേര്‍ക്കെതിരേ കൊണ്ടോട്ടി പൊലിസ് കേസെടുത്തു.
അരൂര്‍ ആക്കോട് റോഡിലെ പാട്ടയില്‍ കരിക്കാട്ട കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിനു സമീപം ഇന്നലെ രാവിലെ 11നാണു സംഭവം. ക്രഷര്‍ യൂനിറ്റിനെതിരേ പ്രദേശവാസികള്‍ മാസങ്ങളായി സമരത്തിലാണ്. ഇതിനിടെയാണ് ഇവിടേക്കു പൊലിസ് വാഹനങ്ങളുടെ അകമ്പടിയോടെ രണ്ടു ലോറികളിലായി യന്ത്രസാമഗ്രികള്‍ എത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണു വാഹനങ്ങള്‍ക്കു സുരക്ഷ നല്‍കിയതെന്നു പൊലീസ് പറഞ്ഞു.
സാധനങ്ങളുമായി എത്തിയ ലോറി ക്രഷറിനു മുന്നില്‍ എത്തിയപ്പോള്‍ സമരപ്പന്തലിലുണ്ടായിരുന്ന സ്ത്രീകള്‍ തടയുകയായിരുന്നു. പൊലിസ് ഇവരെ മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഇവര്‍ പിന്മാറിയില്ല. തുടര്‍ന്നു പൊലിസ് ഇവരെ വിരട്ടിയോടിക്കാനായി ലാത്തിവീശുകയായിരുന്നു. സംഭവത്തില്‍ 40 വയസുകാരിയുടെ കൈയുടെ എല്ലുകള്‍ പൊട്ടിയതായും രണ്ടര വയസുകാരിക്കു പരുക്കേറ്റതായും നാട്ടുകാര്‍ പരാതിപ്പെട്ടു. വിവരമറിഞ്ഞു കൂടുതല്‍ പേര്‍ എത്തിയതോടെ പൊലിസ് ഇവര്‍ക്കു നേരേയും ലാത്തിവീശി.
മുന്‍പഞ്ചായത്തു ഭരണസമിതിയാണു ക്രഷറിനു നിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നത്. പുതിയ ഭരണസമിതി നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു വിഷയം പഠിക്കുന്നതിനായി ഉപസമിതിയെ നിയോഗിച്ചു. ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനു സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചെങ്കിലും സെക്രട്ടറി ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്നു റദ്ദാക്കുകയായിരുന്നു. പിന്നീടു ഭരണസമിതി യോഗം ചേര്‍ന്നു നിര്‍ത്തിവെക്കാനായി തീരുമാനിച്ചെങ്കിലും നടപടികളായിരുന്നില്ല. കഴിഞ്ഞ മാസം 27നു പ്രശ്‌നം സംബന്ധിച്ചു കത്തു സര്‍ക്കാറിനയച്ചിട്ടുണ്ട്. 15 ദിവസത്തിനകം സര്‍ക്കാറില്‍ നിന്നു മറുപടി ലഭിച്ചില്ലെങ്കില്‍ ക്രഷറിനു സ്റ്റോപ്പ് മെമ്മോ നല്‍കാനാണു പുളിക്കല്‍ പഞ്ചായത്ത് ഒരുങ്ങുന്നത്.
ക്രഷറിനെതിരേ സമരപന്തലൊരുക്കിയാണു നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. നേരത്തെ പഞ്ചായത്ത് ഓഫിസ് പരിസരത്തേക്കു സമരം മാറ്റിയിരുന്നെങ്കിലും അനുകൂല നിലപാടുണ്ടാകുമെന്ന് ഉറപ്പിന്മേല്‍ ഇവര്‍ പിന്മാറി. എന്നാല്‍ കോടതി ഉത്തരവില്‍ സാധനങ്ങളുമായി പൊലിസ് സംരക്ഷണത്തിലാണ് ഇന്നലെ ക്രഷറിലേക്കു സാമഗ്രികളെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."