യു.എ.പി.എയ്ക്ക് പിന്നിലെ നിഗൂഢ ലക്ഷ്യങ്ങള്‍
സി.പി.എം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ഥികളെ മാവോയിസ്റ്റ് അനൂകൂല ലഘുലേഖകള്‍ സൂക്ഷിച്ചുവെന്നാരോപിച്ച് അതീവ ഗുരുതര വ്യവസ്ഥകളുള്ള യു.എ.പി.എ (നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖകള്‍ ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തുവെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ തങ്ങളുടെ വീടുകളില്‍നിന്ന് അത്തരം ലഘുലേഖകള്‍ പൊലിസിന് കിട്ടിയില്ലെന്നും പൊലിസ് കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളാണ് ഇതൊക്കെയെന്നും അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികള്‍ കൂടിയായ അലന്‍ ഷുഹൈബും താഹ ഫസലും വിളിച്ചു പറയുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെടും മുന്‍പ് പൊലിസ് താഹയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ വിഡിയോ പുറത്തുവന്നിട്ടുണ്ട്. കുറ്റം സമ്മതിച്ചില്ലെങ്കില്‍ കഞ്ചാവ് കേസില്‍ കുടുക്കുമെന്നാണ് ഇതില്‍ പറയുന്നത്.
അറസ്റ്റിനെതിരേ സി.പി.എം പ്രാദേശിക നേതൃത്വവും ജില്ലാ സെക്രട്ടറി പി. മോഹനും പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വരാജ് എം.എല്‍.എയും ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇതില്‍നിന്നു തന്നെ അറസ്റ്റിന് പിന്നില്‍ എന്തൊക്കെയോ നിക്ഷിപ്ത താല്‍പര്യം ഉണ്ടെന്ന് വേണം കരുതാന്‍. മാവോയിസ്റ്റ് ആകുക എന്നത് ഒരു പൗരന്റെ അവകാശമാണെന്നത് സുപ്രിംകോടതി വിധിയും ലഘുലേഖകള്‍ കൈവശം വച്ചു എന്നതിന്റെ പേരില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന നയവും നിലനില്‍ക്കെ ഇതെല്ലാം മറികടന്ന് കോഴിക്കോട്ട് നടന്ന അറസ്റ്റ് ദുരൂഹതയുളവാക്കുന്നതാണ്. യു.എ.പി.എയ്‌ക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന സി.പി.എം ഭരണകൂടം യു.എ.പി.എ ചുമത്തി രണ്ടുപേരെ എങ്ങനെയാണ് അറസ്റ്റ് ചെയ്യുക. മുഖ്യമന്ത്രി കോഴിക്കോട്ടുള്ള സമയം തന്നെ ഇത്തരമൊരു കരിനിയമം ചുമത്തി രണ്ട് സി.പി.എം പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയില്‍ എടുക്കണമെങ്കില്‍ അതിന്റെ പിന്നിലെ നിഗൂഢ താല്‍പര്യമാണ് പുറത്തുവരേണ്ടത്.
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയ വെടിവയ്പ് തന്നെ ആയിരുന്നെന്ന് ഇതിനകം പൊതുസമൂഹം വിശ്വസിച്ച് കഴിഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ നാടകം ആയിരുന്നെന്ന് സ്ഥലം സന്ദര്‍ശിച്ച സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. അത് ഇന്നോ നാളെയോ മുഖ്യമന്ത്രിക്ക് കൈമാറാനിരിക്കുകയാണ് സി.പി.ഐ. ഏറ്റുമുട്ടലിന് തെളിവായി പൊലിസ് പ്രദര്‍ശിപ്പിക്കുന്ന വിഡിയോ വ്യാജമായി നിര്‍മിച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ചെരിഞ്ഞുകിടന്ന് എങ്ങനെയാണ് പൊലിസിന് വെടിവെക്കാനാകുക എന്ന പ്രകാശ് ബാബുവിന്റെ ചോദ്യം പ്രസക്തമാണ്. പൊതുസമൂഹവും മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയും മാവോയിസ്റ്റ് വേട്ടക്കെതിരേ നിലയുറപ്പിക്കുമ്പോള്‍, മാവോയിസ്റ്റ് തത്വങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവര്‍ പോലും അട്ടപ്പാടിയില്‍നടന്നത് കൂട്ടക്കൊലയാണെന്ന് ഉറപ്പിക്കുമ്പോള്‍ മുഖ്യമന്ത്രി മാത്രമാണ് അട്ടപ്പാടിയില്‍ നടന്നത് പൊലിസ് മാവോയിസ്റ്റ് ഏറ്റുമുട്ടലാണെന്ന് നിയമസഭയില്‍ പറഞ്ഞത്.
ഇത്തരം ഒരു അവസ്ഥയില്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടത് ഭരണകൂടത്തിന് അത്യന്താപേഷികമാണ്. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപപ്പെട്ട അനുകൂല ജനവികാരം പെട്ടെന്ന് നഷ്ടപ്പെട്ട് പോകുമോയെന്ന വേവലാതി ഇതിനകം തന്നെ ഇടത് സര്‍ക്കാരിനെ ഗ്രസിച്ചുകഴിഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് വേട്ടക്കെതിരേ ഇടതുമുന്നണിയില്‍നിന്നു തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സ്ഥിതിക്ക് അതിനെ മറികടക്കാന്‍ നടത്തിയ നാടകമാണ് കോഴിക്കോട്ടെ അറസ്റ്റ് എന്ന് കരുതുന്നതില്‍ തെറ്റില്ല. മാവോയിസ്റ്റ് വേട്ടക്കെതിരേ പ്രതിഷേധിക്കുന്നവര്‍ പാര്‍ട്ടി സഖാക്കള്‍ ആണെങ്കില്‍ പോലും കരുതിയിരുന്നോ, അല്ലെങ്കില്‍ ഇതായിരിക്കും അനന്തര ഫലമെന്ന സന്ദേശമാണോ താഹ ഫസലിന്റെയും അലന്‍ ഷുഹൈബിന്റെയും അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.
സമീപ കാലത്ത് സി.പി.എമ്മില്‍നിന്നു യുവാക്കള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. മറ്റേതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയെയും പോലെ സി.പി.എമ്മും അധഃപതിച്ചിരിക്കുന്നു എന്ന തിരിച്ചറിവില്‍ മാവോയിസ്റ്റ് ചിന്തകളില്‍ ആകൃഷ്ടരായി യുവാക്കള്‍ വഴിതെറ്റി പോകുന്നു എങ്കില്‍ അവരെ തിരികെ കൊണ്ടുവരേണ്ട ശ്രമമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഭരണം നയിക്കുന്ന സി.പി.എം തന്നെയാണ് സമ്പന്നര്‍ക്കും ക്വാറി മാഫിയകള്‍ക്കും വേണ്ടി നിലകൊള്ളുന്നത് എന്ന ധാരണ ഇതിനകം തന്നെ സി.പി.എം അണികളില്‍ പടര്‍ന്നുകഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ളവര്‍ കമ്മ്യൂണിസത്തിന്റെ ഇതര മേഖലകള്‍ അന്വേഷിച്ചു പോകുക സ്വാഭാവികം. അങ്ങനെ ആരെങ്കിലും തീരുമാനിക്കുന്നുണ്ടെങ്കില്‍ സി.പി.എം തന്നെ നഖശിഖാന്തം എതിര്‍ക്കുന്ന യു.എ.പി.എ ചുമത്തി അകത്താക്കുമെന്ന സന്ദേശം കോഴിക്കോട്ടെ അറസ്റ്റിലൂടെ നല്‍കുമ്പോള്‍ ബാക്കിയുള്ളവരെ പാര്‍ട്ടിയില്‍ തന്നെ പിടിച്ചുനിര്‍ത്താം എന്നായിരിക്കാം ഭരണകൂടം കരുതുന്നത്. അല്ലായിരുന്നെങ്കില്‍ ശക്തനായ രാഷ്ട്രീയ നേതാവ് എന്നറിയപ്പെടുന്ന പിണറായി വിജയനെ ലംഘിച്ചുകൊണ്ട് ഒരു പൊലിസുകാരനും ചെറുവിരല്‍ പോലും അനക്കുകയില്ല. പൊലിസ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ അനുസരിക്കാത്ത പൊലിസുകാരാണ് ഉള്ളതെന്ന ധാരണ ശരിയല്ല. ബെഹ്‌റയോ അശോക് യാദവോ വിചാരിച്ചാല്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരേ പൊലിസിനെ ഇളക്കി വിടാനാവില്ല,
ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ഏക കമ്മ്യൂണിസ്റ്റ് ഭരണകൂടം കേരളത്തിലെ ഇടതുമുന്നണിയുടേതാണ്. ബി.ജെ.പി സര്‍ക്കാരിന്റെ അവസാന നോട്ടപുള്ളിയാണ് ഈ സര്‍ക്കാര്‍. ത്രിപുരയുടെയും ബംഗാളിന്റെയും മാതൃകയില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തുടച്ചുനീക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ആ ഭീഷണിയെ മറികടക്കാന്‍ കേരളത്തിലെ ഇടതുമുന്നണി ഭരണകൂടം കണ്ടെത്തിയ മാര്‍ഗമാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം അപ്പടി കേരളത്തിലും നടപ്പാക്കുക എന്നത്. അല്ലായിരുന്നെങ്കില്‍ യു.എ.പി.എയുടെ കടുത്ത വിമര്‍ശകരായ സി.പി.എം അതേ കരിനിയമം അവരുടെ തന്നെ രണ്ട് പാര്‍ട്ടി സഖാകള്‍ക്കെതിരേ പ്രയോഗിക്കുമായിരുന്നോ? സര്‍ക്കാരിന്റെ മവോയിസ്റ്റ് വേട്ട ബി.ജെ.പി നേതാക്കളായ രാജഗോപാലും എം.ടി രമേശും സ്വാഗതം ചെയ്തത് ഈ പ്രതലത്തിലൂടെ വേണം കാണാന്‍.
മാത്രവുമല്ല മാവേയിസ്റ്റ് ഭീഷണിയെ ചെറുക്കാന്‍ കേന്ദ്രത്തില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അതിഭീമമായ ഫണ്ട് നഷ്ടപെടുത്താതിരിക്കാനും ഇത്തരം വ്യാജ ഏറ്റമുട്ടലുകളും അറസ്റ്റുകളും ഉപകരിക്കും. മാവോയിസ്റ്റുകളായും യു.എ.പി.എ ചുമത്തപെട്ടവരായും പിടികൂടുന്നത് മുഴുവന്‍ ന്യൂനപക്ഷ സമുദായ അംഗങ്ങളും ദലിതുകളും ആദിവാസികളും ആണെന്നത് സവര്‍ണ താല്‍പര്യത്തെ സംരക്ഷിക്കാനും സി.പി.എമ്മിനും ഉപകാരപ്പെടുന്നുണ്ടാകണം. പണ്ടൊക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു സി.പി.എം ഭരണകൂടത്തിന്റെ അവസാന വാക്ക്. എന്നാല്‍ 2016ലെ ഇടത് സര്‍ക്കാരിന്റെ ആരോഹണത്തിലൂടെ ആ നിലപാടുകള്‍ക്കും മാറ്റം വന്നിരിക്കുന്നു. ഇപ്പോള്‍ ഭരണകൂടം പറയുന്നത് പാര്‍ട്ടി നിശബ്ദം അംഗീകരിച്ചുകൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."