ഹരിയാനയും മഹാരാഷ്ട്രയും നല്‍കുന്ന പാഠങ്ങള്‍
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ്? രണ്ടിടത്തും ബി.ജെ.പിക്ക് എറ്റവും കൂടുതല്‍ സീറ്റ് കിട്ടി; കേവല ഭൂരിപക്ഷമില്ലെങ്കിലും ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയെ കൂട്ടുപിടിച്ച് ഗവണ്‍മെന്റ് രൂപീകരിക്കാന്‍ സാധിച്ചു. മഹാരാഷ്ട്രയില്‍ ശിവസേന ഉയര്‍ത്തിയ അപ്രതീക്ഷിത വെല്ലുവിളികള്‍ മൂലം മന്ത്രിസഭ രൂപീകരണം നീണ്ടുപോകുന്നുണ്ടെങ്കിലും അന്തിമമായി ബി.ജെ.പി - സേനാ കൂട്ടു മന്ത്രിസഭ തന്നെ വന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. അങ്ങനെ നോക്കുമ്പോള്‍ ബി.ജെ.പിക്ക് സ്വയം ആശ്വസിക്കാമെങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകിത്തുടങ്ങി എന്നതിന്റെ സൂചനയാണെന്ന കാര്യത്തില്‍ സംശയമേയില്ല. എന്നാല്‍ കോണ്‍ഗ്രസ് തിരിച്ചു വരുന്നു എന്നൊട്ടുപറയാനും സാധിക്കുകയില്ല.
ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത് കൃത്യമായും നരേന്ദ്രമോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ പ്രഭാവത്തില്‍ ഊന്നി നിന്നുകൊണ്ടാണ്. തങ്ങള്‍ രണ്ടുപേരും വളരെ സുചിന്തിതമായി കൈക്കൊണ്ട സുപ്രധാനമായ പല തീരുമാനങ്ങളും നടപടികളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. ജമ്മുകശ്മിരിന്റെ 370-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതുമായിരുന്നു പ്രചാരണ രംഗത്തെ പാര്‍ട്ടിയുടെ തുരുപ്പ് ചീട്ട്. അതോടൊപ്പം രാജ്യത്തിന് മൊത്തത്തില്‍ ഒരു ഭാഷ എന്ന ആവശ്യമുയര്‍ത്തല്‍, ഏക സിവില്‍കോഡിനു മുന്നോടിയായുള്ള മുത്വലാഖ് നിരോധന നിയമം ഉയര്‍ത്തിപ്പിടിക്കല്‍- ഇങ്ങനെ ദേശാഭിമാന പ്രചോദിതമെന്ന് അവകാശപ്പെടാവുന്ന വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രചാരണം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ ബി.ജെ.പിയ്ക്ക് വളരെ എളുപ്പത്തില്‍ ജയിച്ചുകയറാന്‍ ഇതൊക്കെ ധാരാളമായിരുന്നു. അതുകൊണ്ടാണ് മാധ്യമ നിരീക്ഷകര്‍ ഏക സ്വരത്തില്‍ ബി.ജെ.പിയുടെ 'ക്ലീന്‍സ്വീപ്പ്' പ്രവചിച്ചത്. ഹരിയാനയില്‍ തൊണ്ണൂറില്‍ എഴുപത്തിയഞ്ച്, മഹാരാഷ്ട്രയില്‍ ഇരുന്നൂറ്റി എണ്‍പത്തിയെട്ടില്‍ ഇരുന്നൂറ്റി ഇരുപത്തിയഞ്ച്- ഇങ്ങനെ പോയി പ്രവചനങ്ങള്‍. ബി.ജെ.പിയും അതു വിശ്വസിച്ചു. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക തകര്‍ച്ചയോ വിലക്കയറ്റമോ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങളോ തങ്ങളുടെ ജൈത്രയാത്രയ്ക്ക് വിഘാതമായി നില്‍ക്കുകയില്ലെന്ന് അവര്‍ കണക്കു കൂട്ടി. അതായത് മതാധിഷ്ഠിത ദേശീയതക്ക് ജനങ്ങളുടെ ജീവിതാവശ്യങ്ങളെക്കാള്‍ മുന്‍തൂക്കം നല്‍കാന്‍ അവര്‍ ശ്രമിച്ചു. അന്ധമായ ദേശീയതക്ക് ഊന്നല്‍ നല്‍കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ കൃത്യമായ വഴിയാണിത്. ബി.ജെ.പിയുടേത് അതിനാല്‍ ഒരു പരീക്ഷണമായിരുന്നു. ജനാധിപത്യ വ്യവസ്ഥയെ തകര്‍ത്ത് ഹൈന്ദവ രാഷ്ട്രീയത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ഉദ്യമത്തിന്റെ ടെസ്റ്റ് ഡോസ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൈവരിച്ച വിജയം അവര്‍ക്ക് അതിയായ ആത്മവിശ്വാസം നല്‍കുകയും ചെയ്തിരുന്നു. ഈ ആത്മവിശ്വാസത്തെയാണ് ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും സമ്മതിദായകര്‍ തകര്‍ത്തു കളഞ്ഞത്, പല വഴികളിലൂടെയാണെങ്കിലും.
മാഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായി വീണ്ടും ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. അവരെ മുഖ്യമന്ത്രിമാരായി കഴിഞ്ഞ തവണ നിയോഗിക്കുക വഴി പാര്‍ട്ടി കൃത്യമായ ഒരു സന്ദേശമാണ് സമ്മതിദായകര്‍ക്ക് നല്‍കിയത് -മറാത്താ വികാരത്തേക്കാളും ജാട്ട് സമുദായ ബോധത്തേക്കാളും ഹിന്ദു ദേശീയതയാണ് തങ്ങളുടെ അടിസ്ഥാന വിഷയം; ഈ ദേശീയതാ വികാരത്തിലൂന്നിക്കൊണ്ട് ദലിതുകളും പിന്നാക്ക സമുദായക്കാരുമടക്കമുള്ള എല്ലാ ഹിന്ദുക്കളുടെയും ഐക്യനിര തങ്ങള്‍ക്ക് പടുത്തുയര്‍ത്താനാവുമെന്നും പാര്‍ട്ടി ആത്മാര്‍ഥമായും വിശ്വസിച്ചു. അതു കഴിഞ്ഞതവണ വിജയം കണ്ടെത്തുകയും ചെയ്തു. ഇത്തവണ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഈ സങ്കുചിത ദേശീയതാ ബോധത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്. ബി.ജെ.പിയുടെ ഹിന്ദു ദേശീയതയല്ല, പ്രാദേശികവും സാമുദായികവുമായ സ്വത്വബോധവും ദൈനംദിന ജീവിതത്തിന്റെ പ്രയാസങ്ങളുമാണ് തങ്ങള്‍ക്ക് പ്രധാനമെന്ന് ജനങ്ങള്‍ ചിന്തിച്ചു. ഈ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
ഹരിയാനയില്‍ ഹിന്ദു ദേശീയതയും ജാട്ട് സ്വത്വബോധവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. മനോഹര്‍ലാല്‍ ഖട്ടാര്‍ ഹിന്ദുത്വത്തിന്റെ പ്രതിരൂപമായി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ചുമതലയേല്‍പിച്ച ഭൂപീന്ദര്‍ സിങ് ഹൂഡ കോണ്‍ഗ്രസ് ആശയങ്ങളുടെ പേരിലല്ല വോട്ട് ചോദിച്ചത്. കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് അടിത്തറ ഇന്ത്യയിലെവിടെയും നെഹ്‌റു കുടുംബത്തിന്റെ വ്യക്തി പ്രഭാവമാണ്. ആ പ്രഭാവമായിരുന്നില്ല ഇത്തവണ ഹരിയാനയില്‍ ആയുധം. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിട്ടേയില്ല. രാഹുല്‍ഹാന്ധി പേരിന് ഒന്നു രണ്ടു തവണ തലകാണിച്ചതേയുള്ളൂ. ഭൂപീന്ദര്‍ സിങ് ഹൂഡ അന്തിമ ഘട്ടത്തിലാണ് രംഗത്തെത്തിയത്. പക്ഷേ അദ്ദേഹം ജാട്ട് സ്വത്വബോധത്തെ ഹിന്ദു ദേശീയതക്കെതിരായി ശക്തമായ പ്രതിരോധായുധമാക്കി. അതിന്റെ ഫലം കാണുകയും ചെയ്തു. കോണ്‍ഗ്രസ് ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാട്ടുകള്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്തു. ജെ.ജെ.പി ജയിക്കാന്‍ സാധ്യതയുള്ളേടങ്ങളില്‍ അവര്‍ക്കും.
അതോടൊപ്പം ദലിത്-മുസ്‌ലിം വോട്ടുകള്‍കൂടി പ്രതിപക്ഷത്തിന് സമാഹരിക്കാനായപ്പോള്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനാവാതെ വരികയായിരുന്നു. കോണ്‍ഗ്രസും ജെ.ജെ.പിയും ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ ബി.ജെ.പി മണ്ണുകപ്പിയേനെ. പക്ഷേ സംഭവിച്ചദുരന്തം മറ്റൊന്നാണ്. ഹിന്ദു ദേശീയതാ ബോധത്തെ പ്രതിരോധിച്ചുനിന്ന ഹരിയാനയിലെ ജാട്ട് സാമുദായിക ബോധവും ജെ.ജെ.പി ഉയര്‍ത്തിപ്പിടിച്ച പ്രാദേശിക വികാരവും നിലനില്‍ക്കെ തന്നെ ജെ.ജെ.പി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പാളയത്തിലേക്കുപോയി. തങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പാഠങ്ങള്‍ ഹരിയാനയിലെ പ്രാദേശിക രാഷ്ട്രീയം അധികാരത്തോടുള്ള ആര്‍ത്തി മൂത്ത് മറന്നു കളഞ്ഞു.
മഹാരാഷ്ട്രയില്‍ സംഭവിച്ചതും മറ്റൊന്നല്ല. ദേവേന്ദ്ര ഫഡ്‌നാവിസ് ബ്രാഹ്മണനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ദേവേന്ദ്ര ഫഡ്‌നാവിസിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ബി.ജെ.പിയുടെ എതിരാളികളായിരുന്നു മറാത്താ വംശാഭിമാന ബോധം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടിരിക്കുന്ന ശിവസേന. എന്നിട്ടും ഹിന്ദുത്വ ദേശീയതയില്‍ ഊന്നിനിന്ന ബി.ജെ.പിക്ക് ജയിക്കാന്‍ സാധിച്ചു. ശിവസേനയുടെ മറാത്താ ഐഡന്റിറ്റിയേക്കാള്‍ തങ്ങളുടെ ഇന്ത്യന്‍ ദേശീയതാ വികാരമാണ് വോട്ട് നേടുക എന്ന ഉറച്ച ബോധ്യത്തോടെ തന്നെയാണ് ശിവസേനയെ ബി.ജെ.പി കൂടെകൂട്ടിയത്. ഭരണ വിരുദ്ധ വികാരത്തെ മറികടക്കാന്‍ അതുപകരിക്കുമെന്ന ചിന്തയും രണ്ടു പേരും കൂടെ ചേരുമ്പോഴുണ്ടാകുന്ന വര്‍ധിത വീര്യം കോണ്‍ഗ്രസ് 'മുക്ത മറാത്ത' എന്ന ആഗ്രഹം സഫലീകരിച്ചു തരുമെന്ന വിശ്വാസവും ഈ സഖ്യ രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നു.
എന്‍.സി.പിയും കോണ്‍ഗ്രസ് തന്നെയാണല്ലോ. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന 'ജനാധിപത്യരാഷ്ട്രീയ'ത്തെ ഹിന്ദുത്വ ബോധത്തിന് പ്രാമുഖ്യം നല്‍കുന്ന സഖ്യംവഴി തുടച്ചു നീക്കാമെന്നായിരുന്നു അമിത്ഷാ-മോദി കൂട്ടുകെട്ടിന്റെ മോഹം. തങ്ങള്‍ക്കു മേല്‍ക്കൈ നേടാന്‍ കഴിയുമെന്ന് ഉറപ്പുള്ളതിനാല്‍ ശിവസേനയെ നിലയ്ക്ക് നിര്‍ത്താമെന്നും രണ്ടുപേരും കരുതി. പക്ഷേ ശരദ് പവാര്‍ ഏതാണ്ട് ഒറ്റയ്ക്ക് ഈ സഖ്യത്തെ നേരിട്ടു. ശരദ് പവാറിനെ തുണച്ചത് പ്രാദേശിക രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള ശക്തമായ വേരുകളാണ്. മറാത്തികള്‍ മാത്രമല്ല, ന്യൂനപക്ഷങ്ങളും ദലിതുകളുമെല്ലാം തന്നെ പവാര്‍ സാബിന്റെ കൂടെ നിന്നു. മഹാരാഷ്ട്രയില്‍ കണ്ടതും ഹിന്ദു രാഷ്ട്രീയത്തിനെതിരായുള്ള പ്രാദേശിക വികാരത്തിന്റെ ചെറുത്തു നില്‍പ്പാണ്.
ഈ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പാഠം ഏതായാലും രാജ്യം നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ പ്രതീക്ഷാജനകമാണ്. ഹിന്ദു ദേശീയതയുടെ മേല്‍ക്കോയ്മ ഇന്ത്യന്‍ ജനത തള്ളിക്കളയുന്നു എന്നതാണ് തെരഞ്ഞെടുപ്പിന്റെ പ്രഥമ പാഠം. ടെസ്റ്റ് ഡോസില്‍ മോദിയും അമിത്ഷായും പരാജയപ്പെട്ടു. പ്രാദേശികതയും സാമുദായികതയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് എളുപ്പത്തില്‍ അടര്‍ത്തിമാറ്റാവുന്ന ഒന്നല്ല. സൂക്ഷ്മ വിശകലനത്തില്‍ ഇത് ആരോഗ്യകരമായ രാഷ്ട്രീയ സൂചനയെല്ലെങ്കിലും, ഇന്ത്യാ മഹാരാഷ്ട്രത്തിന്റെ ബഹുസ്വരതയുടെയും വൈവിധ്യത്തിന്റേയും പശ്ചാത്തലത്തില്‍, ഇത്തരമൊരവസ്ഥ നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ ബലപ്പെടുത്തുകയേ ഉള്ളൂ. ഒരു മതത്തിനോ സങ്കുചിത ദേശീയതക്കോ കീഴ്‌പെടുത്താനാവാത്തതരത്തില്‍ ഇന്ത്യയുടെ ബഹുസ്വരതയെ പ്രാദേശികവും സാമുദായികവും ഉപദേശീയവുമായ സ്വതങ്ങളുടെ ബലത്താല്‍ പിടിച്ചു നിര്‍ത്തുകയും നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്ന അവസ്ഥയാണത്. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്ര പാഠം കൂടിയാണ്.
ബി.ജെ.പി ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെ ഗൗരവത്തിലെടുക്കുമെന്ന് തന്നെയാണ് അനുമാനിക്കേണ്ടത്. ഹിന്ദുത്വ മുദ്രാവാക്യങ്ങളുടെ മൂര്‍ച്ച കുറഞ്ഞിരിക്കുന്നു എന്നും മോദിയുടെ വ്യക്തി പ്രഭാവത്തിന് മങ്ങലേറ്റിരിക്കുന്നു എന്നും അമിത്ഷായുടെ തന്ത്രങ്ങള്‍ പാളുന്നു എന്നും പാര്‍ട്ടി തിരിച്ചറിയും എന്ന് തീര്‍ച്ച. അതിലേറെ തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസിനും പാഠമാണ്. ഹരിയാനയില്‍ 15 സീറ്റില്‍നിന്ന് 31 സീറ്റിലേക്കുള്ള പാര്‍ട്ടിയുടെ മുന്നേറ്റം 'ചക്ക വീണത് മൂലം കിട്ടിയ മുയല്‍' എന്ന നിലയിലേ കണക്കു കൂട്ടിക്കൂടൂ. മഹാരാഷ്ട്രയിലേതാകട്ടെ ശരദ്പവാറിന്റെ എന്‍.സി.പിയുടെ കരുത്തുകാട്ടല്‍ മാത്രം. രണ്ടിടത്തും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്.
ദേശീയതലത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന് നേതൃത്വമില്ല. പാര്‍ട്ടിക്ക് ശക്തിയുള്ളിടത്തു തന്നെയും ഗ്രൂപ്പ്‌പോരുകള്‍ മൂലം കടുത്ത പ്രതിസന്ധിയിലാണ് സംഘടനാ സംവിധാനം. മഹാരാഷ്ട്രയില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ പാര്‍ട്ടിക്ക് അധ്യക്ഷനില്ലായിരുന്നു. നേതാക്കന്‍മാരുടെ ഒഴിച്ചുപോക്കിനെ തടുത്തുനിര്‍ത്താന്‍ നേതൃത്വത്തിനു കഴിയുന്നേയില്ല. ഹരിയാനയില്‍ എങ്ങനെയോ ഭൂപീന്ദര്‍ ഹുഡയ്ക്ക് തന്റെ ജാട്ട് കാര്‍ഡ് പ്രയോഗിക്കാനായി എന്നു മാത്രം. രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലവും വിരല്‍ചൂണ്ടുന്നത് ഹൈക്കമാന്‍ഡല്ല, പ്രാദേശിക രാഷ്ട്രീയ നേതൃത്വമാണ് പാര്‍ട്ടിയുടെ വോട്ട് ബാങ്കിനെ നിലനിര്‍ത്തുന്നത് എന്ന അവസ്ഥയിലേക്കാണ്. അതിനാല്‍ കോണ്‍ഗ്രസിന്, ഒരു ഉയിര്‍ത്തെഴുന്നേല്‍പ് സാധ്യമാവണമെങ്കില്‍ പ്രാദേശിക നേതാക്കളുമായി നല്ലബന്ധം സ്ഥാപിക്കുക തന്നെ വേണം. പാര്‍ട്ടി വിട്ടുപോയ മമതാബാനര്‍ജി, ശരദ്പവാര്‍, ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവര്‍ തന്നെയായിരിക്കും ഇനിയും കോണ്‍ഗ്രസിന് ആശ്രയം. കോണ്‍ഗ്രസ് ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന അവരെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരിക പ്രയാസകരമാവാം. പക്ഷേ അവരെ കൂടെ നിര്‍ത്തുക എന്നത് പ്രധാനമാണ്. എക്കാലത്തും ഇന്ത്യയുടെ ബഹുസ്വരതയില്‍ വേരുകളൂന്നി നിന്ന ഈ പാര്‍ട്ടിക്ക് അത് മാത്രമായിരിക്കും ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."