എക്‌സല്‍ ഗ്ലാസ്: സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്കയോടെ തൊഴിലാളികള്‍
മണ്ണഞ്ചേരി: ജില്ലയിലെ പ്രമുഖ വ്യവസായശാലയായ എക്‌സല്‍ ഗ്ലാസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്തുന്നു. എന്നാല്‍ അധികൃതര്‍ തീരുമാനിച്ച കാര്യങ്ങള്‍ മനസിലാകാതെ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. സ്ഥാപനത്തിന്റെ ഉടമയായ സോമാനിയ ഗ്രൂപ്പില്‍ നിന്ന് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് ധനമന്ത്രി തന്നെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. സ്ഥാപനത്തിലെ തൊഴിലാളി സംഘടനാനേതാക്കളുടെ യോഗം ഔദ്യോഗിക വസതിയില്‍ വിളിച്ചുക്കൂട്ടിയായിരുന്നു സര്‍ക്കാര്‍ തീരുമാനം ധനമന്ത്രി നേരിട്ട് അറിയിച്ചത്.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളായ കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നിവര്‍ക്കാകും സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള ഉടമസ്ഥാവകാശമെന്നും ടി.എം തോമസ് ഐസക്ക് പറഞ്ഞിരുന്നു. നിലവില്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച തൊഴിലാളികള്‍ ഉള്‍പ്പെടെ 400 ഓളം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഡിസംബര്‍ 31ന് മുന്‍പുതന്നെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
രണ്ട് സ്ഥാപനങ്ങള്‍ക്കുമായി സോമാനിയ ഗ്രൂപ്പ് 40 കോടിയിലധികം രൂപ നിലവില്‍ നല്‍കാനുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാകും സ്ഥാപനം കെ.എസ്.ഐ.ഡി.സിയും കെ.എഫ്.സിയും ഏറ്റെടുക്കാന്‍ ശ്രമിക്കുക.കോടതി വ്യവഹാരത്തിലൂടെ നിലവില്‍ എക്‌സല്‍ ഗ്ലാസിന്റെ വസ്തുവകകളില്‍ 20 ഓളം അറ്റാച്ച്‌മെന്റ് നടപടി റവന്യൂ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. സോമാനിയ മാനേജ്‌മെന്റ് നിലവില്‍ ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇത്തരം നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ കാര്യത്തിലും സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുക്കേണ്ടിവരും. എന്നാല്‍ സിവില്‍ കേസുകള്‍ നിലവിലെ സാഹചര്യത്തില്‍ എത്രകാലം വേണമെങ്കിലും നീട്ടുക്കൊണ്ടുപോകാന്‍ മാനേജ്‌മെന്റിനു കഴിയുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. കമ്പനിയുടെ പൂര്‍ണമായ ഉടമസ്ഥാവകാശം നിലവില്‍ പ്രശാന്ത് സോമാനിയയ്ക്കാണ്. അങ്ങനെയെങ്കില്‍ സ്ഥാപനത്തിന്റെ ഏറ്റെടുക്കല്‍ നടക്കാതെ വരികയും തൊഴിലാളികള്‍ വീണ്ടും വഴിയാധാരമാകുകയും ചെയ്യുമെന്ന് നിയമപണ്ഡിതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നിലവിലെ ധനമന്ത്രി ഈ സ്ഥാപനം നില്‍ക്കുന്ന മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എക്‌സല്‍ ഗ്ലാസ്സസ് തുറന്ന് പ്രവര്‍ത്തിപ്പിക്കല്‍. സഭാ കാലയളവിന്റെ പകുതി പിന്നിട്ടിട്ടും വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അനുകൂല സംഘടനകള്‍ അടക്കം നിലവില്‍ സമരത്തിലായിരുന്നു.
തൊഴിലാളികള്‍ രാഷ്ട്രീയം നോക്കാതെ എക്‌സല്‍ ഗ്ലാസ്സസ് കൂട്ടായ്മ എന്ന സംഘടനയ്ക്ക് രൂപം നല്‍കി നിലവില്‍ പ്രത്യക്ഷസമരം നടത്തിവരുകയുമാണ്. കഴിഞ്ഞദിവസം ജീവനക്കാര്‍ ധനമന്ത്രിയുടെ ഓഫിസിനു മുന്നിലൂടെ കാലിപാത്രങ്ങളുമായി പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.നിലവിലെ സാഹചര്യത്തില്‍ ഏതുസമയത്തും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം നടക്കാം. ഇതുു മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള മന്ത്രിയുടെ തന്ത്രമാണോ എന്നാണ് തൊഴിലാളികളുടെ നിലവിലെ ആശങ്കയ്ക്ക് കാരണം. ഇതിനാകും ആറുമാസത്തിലേറെ സമയം ആനുകൂല്യങ്ങളുടെ വിതരണത്തിനായി തെരഞ്ഞെടുത്തതെന്നും തൊഴിലാളികള്‍ പറയുന്നു. തോമസ് ഐസക്ക് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എക്‌സല്‍ ഗ്ലാസ്സസ് എംപ്ലായിസ് അസോസിയേഷന്‍ (സി.ഐ.ടി.യു) പ്രസിഡന്റ് ആര്‍. നാസര്‍ പങ്കെടുത്തില്ല. ജി. സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ നാസര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതും തൊഴിലാളികളുടെ ഇടയില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. ഏതായാലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സി.ഐ.ടി.യു നേതാക്കള്‍ പത്രക്കുറിപ്പ് ഇറക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."