തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയ അന്‍പത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ
വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിലെ അണ് എയ്ഡഡ് സ്കൂളില്‍ നിന്നു ഊട്ടിയിലേയ്ക്കു വിനോദ യാത്ര പോയ അന്‍പതോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റു.
തിരിച്ചു വരുമ്പോള്‍ മേട്ടുപ്പാളയത്തെ ഹോട്ടലില്‍നിന്ന് കഴിച്ച രാത്രി ഭക്ഷണത്തില്‍ നിന്നാണ് വിഷബാധായേറ്റതെന്ന് സൂചനയുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ വിനോദ യാത്രയ്ക്ക് കൊണ്ടുപോയത്.
തിങ്കളാഴ്ച തിരിച്ചുവരുമ്പോള്‍ മേട്ടുപ്പാളയത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചു മടക്കയാത്ര തുടരാനിരിക്കെ ചില കുട്ടികള്‍ക്കു വാഹനത്തില്‍ വച്ചു ഛര്‍ദ്ദില്‍ വരുകയും പുറത്തിറങ്ങി ഛര്‍ദ്ദിക്കുകയും ചെയ്തു.
കൂടുതല്‍ പേര്‍ക്ക് ഛര്‍ദ്ദിയും വയറു വേദനയും അനുഭവപ്പെട്ടതോടെ വാഹനം മണിക്കൂറുകളോളം നിര്‍ത്തിയിടേണ്ടി വന്നതായി പറയുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നേടി യാത്ര പുനരാരംഭിക്കുകയായിരുന്നു.എന്നാല്‍ നാട്ടിലെത്തിയിട്ടും വയറുവേദനയും ക്ഷീണവും വിട്ടുമാറിയില്ല. ഇതേതുടര്‍ന്ന് പ്രദേശത്തെ വിവിധ ആശുപത്രികളില്‍ കുട്ടികള്‍ ചികിത്സ തേടി. ഇതേതുടര്‍ന്ന് ഈ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും കഴിഞ്ഞിട്ടില്ല. ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ടെന്ന് തളിക്കുളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനോയ് പറഞ്ഞു.എന്നാല്‍ അത് വേര്തിരിച്ചറിഞ്ഞിട്ടില്ല.
ബസ് ഡ്രൈവര്‍മാര്‍ അവര്‍ക്ക് കമ്മിഷന് ലഭിക്കുന്ന ഹോട്ടലിലേയ്ക്ക് കുട്ടികളെ കൊണ്ടുപോവുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."