പരീക്ഷണശാലകളാകരുത് ക്ലാസ്മുറികള്‍
അധ്യാപകന്‍ അറിവിന്റെയും ആദരവിന്റെയും അലൗകിക ശക്തി കുടികൊള്ളുന്ന മാതൃകാസ്വരൂപമാണ്. ഉടുപ്പും നടപ്പും പെരുമാറ്റവും ഭാഷയുമെല്ലാം അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥി പകര്‍ത്തിയെടുക്കുന്നു. പഠിപ്പിക്കുക എന്നത് അധികാര പ്രയോഗത്തിന്റെ ഭാഷാന്തരമല്ല. ശാഠ്യങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍ ക്ലാസ്മുറികളെ തടവറകളാക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഒരുകാര്യം അറിയുകയില്ല എന്നത് കുറ്റകരമായ വസ്തുതയല്ല. അറിയാനുള്ള സ്വാതന്ത്ര്യത്തെ സന്തോഷത്തോടെ ഉപയോഗിക്കാനുള്ള അവസരമാണ്. അറിയുകയില്ല എന്നതിന്റെ പേരില്‍ അടി വാങ്ങേണ്ടി വരുന്ന വിദ്യാര്‍ഥിയുടെ സങ്കടം ആരാണോ പരിഹരിക്കുന്നത് ആ ആളിന്റെ പേരാണ് ഗുരു. വലിയ പാഠങ്ങള്‍ പകര്‍ന്നുകിട്ടുന്ന സന്ദര്‍ഭം വിദ്യാലയത്തിലാണെന്നു മാത്രം വിശ്വസിക്കരുത്.
ഔപചാരികമായ ഒരു വിഷയനിര്‍ണയത്തിന്റെ പാത മുന്‍കൂട്ടി നിശ്ചയിച്ച് അതുവഴി സഞ്ചരിക്കുക മാത്രമാണ് വിദ്യാഭ്യാസ പദ്ധതിയെങ്കില്‍ എല്ലാ മുന്‍നിശ്ചയങ്ങളെയും അപ്രതീക്ഷിതമായി അട്ടിമറിക്കുന്ന ജീവിതം അതിനപ്പുറമുണ്ടെന്ന തിരിച്ചറിവാണ് യഥാര്‍ഥ വിദ്യാബോധം. അങ്ങനെയൊരു ബോധം ആര്‍ജിക്കാന്‍ കഴിഞ്ഞ ആരെങ്കിലും ക്ലാസ്മുറിയില്‍ പ്രവേശിക്കുന്നുവെങ്കില്‍ ആ ക്ലാസിലെ വിദ്യാര്‍ഥികള്‍ ഭാഗ്യമുള്ളവരാണെന്ന് ഉറപ്പിച്ചു പറയാന്‍ എന്റെ അനുഭവം പ്രേരണയാകുന്നു. എങ്ങനെ നല്ല വിദ്യാര്‍ഥിയാകാമെന്ന ആശയത്തിനു മുന്നില്‍ എങ്ങനെ നല്ല അധ്യാപകരുണ്ടാകണമെന്ന ചിന്തയ്ക്ക് മുന്‍തൂക്കം കിട്ടുന്നുണ്ട്.
കണക്ക് എന്ന വിഷയം എന്റെ തലച്ചോറില്‍ പ്രവേശിക്കാത്ത സങ്കീര്‍ണമായ പ്രശ്‌നം. കണക്ക് പച്ചവെള്ളം പോലെ മനസിലാകുന്ന കുട്ടികളെ നോക്കി ഞാനത്ഭുതപ്പെട്ടു. ഇംഗ്ലിഷോ മലയാളമോ സയന്‍സോ എന്തുമാകട്ടെ എന്നെ തൊഴുതുനില്‍ക്കുന്നു. പോടാ.. പോ എന്നാണ് കണക്കിന്റെ ഭാവം. കണക്കുമാഷ് എന്ന അടിവീരന്‍... അഥവാ വടിവീരന്‍ (രണ്ടും കുട്ടികള്‍ ആരും കേള്‍ക്കാതെ പറഞ്ഞുനടക്കുന്നു).
ക്ലാസില്‍ പ്രവേശിക്കുമ്പോള്‍ ഞാന്‍ ഭയന്നു. വിയര്‍ത്തു ചിരിക്കാത്ത ഒരാള്‍... വടിയില്ലാതെ ക്ലാസില്‍ വരാത്തയാള്‍... എടാ.. എടീ.. പോടാ... പോടീ.. എന്നുമാത്രം വിദ്യാര്‍ഥികളെ വിളിക്കുന്ന ഒരാള്‍. ആ ആളിനെ ഞാന്‍ വല്ലാതെ ഭയന്നു. കണക്ക് എന്തുകൊണ്ട് രസകരമായി അനുഭവപ്പെടുന്നില്ല. ആ മാഷ് എന്തിനാണ് ഒരു മാടമ്പിയെ പോലെ വടിപ്രയോഗത്തില്‍ ആനന്ദം കണ്ടെത്തിയതെന്നത് ദുരൂഹം. ഇത്രയും ആമുഖം.
ഇനി വിഷയത്തിലേക്ക് വരാം. ഒരുനാള്‍ കണക്കുമാഷ് ചിരിയില്ലാ പ്രതിമ പോലെ വടിചുഴറ്റി ക്ലാസില്‍ പ്രവേശിക്കുന്നു. ഹോംവര്‍ക്കുകള്‍ നോക്കി കണക്കിനു പ്രഹരമേല്‍പ്പിച്ചും ശാസിച്ചും സമയം നീങ്ങുന്നു. ബോര്‍ഡിലേക്ക് തിരിഞ്ഞ് എന്തോ എഴുതാന്‍ തുടങ്ങുമ്പോള്‍ ബോര്‍ഡില്‍ ഒരു ചിത്രം കാണുന്നു. ഏതോ വിദ്യാര്‍ഥിയുടെ ചിത്രകലാബോധം വികലമായി വാര്‍ന്നു വീണതാണ്.
'ആരെടാ ഇതു വരച്ചത്'
ഗര്‍ജനം ക്ലാസില്‍ നടുക്കമുണ്ടാക്കി. എല്ലാവരും കുനിഞ്ഞിരുന്നു. നിശബ്ദത. 'കേട്ടില്ലെടോ.. ആരുമില്ലെങ്കില്‍ എല്ലാത്തിനും കിട്ടും സമ്മാനം'. അയ്യോ .. ഞാനറിയാതെ വിതുമ്പി. തേങ്ങല്‍ നെഞ്ചിലൊതുക്കി. തെറ്റുചെയ്യാതെ അടികൊള്ളേണ്ടി വരുമല്ലോ എന്നോര്‍ത്ത്. അതും പത്തു കിലോ തൂക്കമുള്ള ഉഗ്രന്‍ അടിയാണ്. ചിലപ്പോള്‍ ചെവിക്കുപിടി അകമ്പടിയായി വന്നുവെന്ന് വരാം. കണ്ണു ചുവപ്പിച്ച് എല്ലാവരെയും നോക്കി.
'നേരു പറഞ്ഞോ.. നേരു പറഞ്ഞാ അടിയില്ല. മാപ്പു തരും. ആരാടാ ബോര്‍ഡില്‍ പടം വരച്ചത്'. ചോദ്യം ആവര്‍ത്തിക്കുന്നു. സത്യം പറയുന്നവനെ അടിക്കില്ല. എന്തൊരു സന്‍മനസ്സ്. തെറ്റ് ആര്‍ക്കും പറ്റാം. ഏറ്റു പറയുന്നതാണ് മഹത്തരം. ഗാന്ധിജിയെക്കുറിച്ചുള്ള പാഠത്തില്‍ അതു പഠിക്കാനുണ്ട്.
എല്ലാവരെയും ഉഴിഞ്ഞുനോക്കി മാഷ് ക്ലാസില്‍ തെക്കുവടക്ക് നടന്നു. ആരും ശ്വാസം വിടുന്നില്ല. ഏതായാലും അടികിട്ടുകയില്ല. പിന്നെ ചിത്രകാരനാരായാലും സത്യം പറഞ്ഞുകൂടേ. ചെയ്യാത്ത കുറ്റം ഏറ്റെടുത്താലോ എന്നാലോചിച്ചു. അടി കിട്ടുകയില്ലെന്നുറപ്പല്ലേ. അധ്യാപകന്റെ വാക്കല്ലേ... വിശ്വസിക്കാം. പിന്‍ബെഞ്ചില്‍ ഒരു കുട്ടി പതുക്കെ എഴുന്നേല്‍ക്കുന്നു. വിങ്ങിവിറക്കുന്ന ശബ്ദം കേട്ട് മുന്‍ബെഞ്ചുകാരെല്ലാം തിരിഞ്ഞുനോക്കി.
'ഞാനാണ്, ഞാന്‍... '
പറഞ്ഞു തീരുംമുന്‍പേ കൊടുങ്കാറ്റു പോലെ മാഷ് പാഞ്ഞുചെന്ന് അവനെ പിടിച്ചിറക്കി. വലിച്ചിഴച്ച് ബോര്‍ഡിനടുത്തു കൊണ്ടുവന്ന് നിര്‍ത്തി.
'തുടക്കെടാ... ഉം..'
അവന്‍ സ്വന്തം കലാസൃഷ്ടി തുടക്കുമ്പോള്‍ മുതുകില്‍ ചൂരല്‍ ആഞ്ഞുപതിച്ചു. ഒന്നല്ല, പല പ്രാവശ്യം. മേലാല്‍ ബോര്‍ഡില്‍ കുത്തിവരച്ചാല്‍ നിന്റെ പുറം ഞാന്‍ പൊളിക്കും. അവന്‍ നിലവിളിച്ചു. അവന്റെ നിലവിളി എന്റെ നെഞ്ചുപിളര്‍ത്തി പാഞ്ഞുപോയി. 'പൊയ്‌ക്കോ പോയിരിക്കെടാ... നിന്റെ പടംവര. മര്യാദക്ക് കണക്ക് പഠിക്കാന്‍ നോക്ക്'. അവനെ പിടിച്ചുതള്ളി. വീഴാതിരിക്കാന്‍ അവന്‍ എന്റെ തോളില്‍ പിടിച്ചു. അവന്റെ കണ്ണീര്‍ എന്റെ കൈയില്‍ വീണുപൊള്ളി.
അധ്യാപകന്‍ സത്യം ലംഘിച്ചിരിക്കുന്നു. അടിക്കുകയില്ലെന്ന് വാക്കു തന്നതല്ലേ. നേരു പറഞ്ഞാല്‍ ശിക്ഷ കിട്ടുമെങ്കില്‍ പറയരുതായിരുന്നു. ചെയ്തത് തെറ്റാണെന്ന് അധ്യാപകന്‍ കണ്ടെത്തുംവരെ അവനത് അറിയുമായിരുന്നില്ല. നേരു പറയാന്‍ പ്രേരിപ്പിച്ചതിനു ശേഷം കടുത്ത ശിക്ഷ നല്‍കിയതെന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. അന്നും ഇന്നും അതു വലിയ ചിന്താക്കുഴപ്പമായി അവശേഷിക്കുന്നു.
എനിക്ക് ക്ലാസ് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ജന്മനാ മുടന്തുള്ള ആ പാവം വിദ്യാര്‍ഥിയെ പൊതിരെ തല്ലിയ അധ്യാപകനോട് എനിക്ക് വെറുപ്പു തോന്നി. അദ്ദേഹത്തിന്റെ വാക്കുകളെ ഞാന്‍ അവിശ്വസിച്ചു. അദ്ദേഹത്തിന്റെ കണക്കുവിദ്യയെ ഞാന്‍ നിരാകരിച്ചു കൊണ്ടിരുന്നു. കണക്കിനെ മധുരമാക്കി പകര്‍ന്നു നല്‍കിയ എത്രയെങ്കിലും അധ്യാപകരെക്കുറിച്ച് പിന്നീട് വായിക്കാനിടയായപ്പോഴൊക്കെ ചിത്രകലയെ എതിര്‍ത്ത കണക്കുമാഷിനെ ഓര്‍ത്ത് സഹതാപം തോന്നിയിട്ടുണ്ട്.
നല്ല വിദ്യാര്‍ഥിയാകാന്‍ നല്ല അധ്യാപകരുണ്ടാകണം. മുന്‍വിധികളുടെ വേലിക്കെട്ടുകള്‍ കടന്ന് സ്‌നേഹവിശ്വാസങ്ങളുടെ മഹാലോകം കാണിച്ചുതരുന്ന വലിയ മനുഷ്യരായി വിദ്യാലയങ്ങളിലേക്ക് വരിക. ചരിത്രത്തിന്റെ താളുകള്‍ മറിച്ച് തലമുറകളുടെ തീരാത്ത യാത്രാപഥം കാണിച്ചുതരുക. യുദ്ധവും സമാധാനവും എന്തെന്നു പറഞ്ഞുതരുക. ശാസ്ത്രവും ജീവിതവും പരിശോധിക്കാന്‍ പ്രാപ്തി നല്‍കുക. ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്ന വാക്കുകള്‍ കൊണ്ട് പ്രളയങ്ങള്‍ക്കുമേല്‍ പാലം നിര്‍മിക്കുക. ഞങ്ങളില്‍ ചിലര്‍ തോറ്റെന്ന് പരീക്ഷ പറയും. ചിലര്‍ ജയിച്ചെന്ന് നിങ്ങള്‍ പരസ്യം ചെയ്യും. പക്ഷെ ആരാണ് ജയിച്ചതെന്നും തോറ്റതെന്നും നിര്‍ണയിക്കാന്‍ പരീക്ഷണശാല പിന്നെയും പിന്നെയും തുറന്നുകിടക്കുന്നു.
ഇതെഴുതുമ്പോള്‍ ഭാഷയും ആശയവും പകര്‍ന്നുതന്ന ഗുരുജനങ്ങള്‍ക്ക് വന്ദനം. പുസ്തകങ്ങള്‍ക്ക് സ്തുതി. അനുഭവങ്ങള്‍ക്ക് നമസ്‌കാരം. വരും കാലത്തിന്റെ പരീക്ഷണങ്ങളേ... വരുകാലം അവയത്രയും ഏല്‍പ്പിക്കുന്ന പ്രഹരവും കരുണയോടെ നല്‍കുന്ന പൂക്കളും സമചിത്തതയോടെ സ്വീകരിക്കാന്‍ എന്റെ വിദ്യാലയങ്ങളും അവിടുത്തെ മാതൃകാധ്യാപകരും പ്രാപ്തി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."