എന്‍.ആര്‍.ഐ സീറ്റ്: ഫീസ് വര്‍ധനക്കെതിരേ പ്രതിഷേധമുയരുന്നു
റിയാദ്: കേരളസംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും കല്‍പിത സര്‍വകലാശാലയിലും എം.ബി.ബി.എസ്. പ്രവേശനത്തിന് എന്‍.ആര്‍.ഐ സീറ്റുകളിലെ വാര്‍ഷിക ഫീസ് 15 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി ഉയര്‍ത്തിയ നടപടിക്കെതിരേ പ്രതിഷേധമുയരുന്നു. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയുടെ ഉത്തരവിനെ തുടര്‍ന്ന് എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് അഞ്ചുലക്ഷമാണ് അധികമായി നല്‍കേണ്ടത് .
ഇതോടെയാണ് വിദേശ മലയാളികളെ കറവപ്പശുക്കളായി കാണുന്ന സ്ഥിതിയാണ് ഫീസ് വര്‍ദ്ധനവിലൂടെ കാണാന്‍ കഴിയുന്നതെന്ന വിമര്‍ശനം ഉയര്‍ന്നത്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ തികച്ചും അപ്രായോഗികമാണെന്നാണ് വിമര്‍ശനം.
വിദേശമലയാളികളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഉന്നത നിലയില്‍ കഴിയുന്നത്. അവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഭൂരിഭാഗം വിദേശമലയാളികളും സാധാരണ ജീവിതം നയിക്കുന്നവരാണ്. അവരുടെ കുട്ടികള്‍ക്ക് എന്‍.ആര്‍.ഐ സംവരണം എന്ന നിലയില്‍ മിതമായ ഫീസില്‍ സീറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിയ്‌ക്കേണ്ടതെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
നിലവിലെ അവസ്ഥയില്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും നേരിടുന്ന തൊഴില്‍ നഷ്ടത്തിനിടയില്‍ ഇപ്പോള്‍ ഉയര്‍ത്തിയ ഫീസ് പ്രവാസി കുടുംബങ്ങളുടെ വിദ്യാര്‍ഥികള്‍ക് ഉന്നത പഠനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിദേശ മലയാളികളെ ചൂഷണം ചെയ്യാന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അവസരം നല്‍കുന്ന ഈ ഫീസ് വര്‍ദ്ധന പിന്‍വലിയ്ക്കാന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം ഫീസ് നിര്‍ദേശങ്ങള്‍ക്കെതിരേ, പ്രവാസി സംഘടനകളും, പ്രവാസി സമൂഹവും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."