ഹിസ്ബുല്‍ തലവന്‍ സലാഹുദ്ദീന്‍ ആഗോള ഭീകര പട്ടികയില്‍
വാഷിങ്ടണ്‍: പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു. വൈറ്റ്ഹൗസില്‍ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ നടപടി. ഇന്ത്യക്ക് അനുകൂലവും പാകിസ്താന് തിരിച്ചടിയുമാണ് യു.എസ് തീരുമാനം.
പാകിസ്താനില്‍ താവളമുറപ്പിച്ച് കശ്മിരില്‍ പ്രശ്‌നമുണ്ടാക്കുന്ന ഭീകര സംഘടനയാണ് ഹിസ്ബുല്‍ മുജാഹിദീന്‍. ഇതു എടുത്തുപറഞ്ഞാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് സലാഹുദ്ദീനെ ഭീകരപട്ടികയില്‍ പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ പ്രീതി നേടുകയെന്ന ലക്ഷ്യവും ഇക്കാര്യത്തില്‍ യു.എസ് ഉന്നംവയ്ക്കുന്നുണ്ട്. കശ്മിരിലേക്ക് ചാവേറുകളെ പരിശീലിപ്പിച്ച് അയക്കുക, കശ്മിര്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കുക, കശ്മിര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കുക തുടങ്ങിയ കുറ്റങ്ങള്‍ സലാഹുദ്ദീന്‍ ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാവിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവര്‍ മോദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. ഭീകരതയും ഭീകരവിരുദ്ധ പോരാട്ടവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഇരുവരും മോദിയുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."