വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
മൃതദേഹം കുറ്റിക്കാട്ടില്‍ കുഴിച്ചിട്ടു
സ്വന്തം ലേഖകന്‍
തലശേരി: പാചകത്തൊഴിലാളിയായ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട നിലയില്‍. തലശ്ശേരി ചാലില്‍ മാക്കോച്ചന്‍ വീട്ടില്‍ നിര്‍മല (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വടകര അഴിയൂര്‍ സ്വദേശി കുഞ്ഞിമൊയ്തീന്‍ എന്ന കുഞ്ഞഹമ്മദിനെ (58) തലശേരി പൊലിസ് അറസ്റ്റുചെയ്തു.
അഴിയൂര്‍ ചുങ്കത്ത് വിവാഹ സല്ക്കാരത്തിനു ഭക്ഷണം പാചകം ചെയ്യാന്‍വേണ്ടി കഴിഞ്ഞ ശനിയാഴ്ചയാണു നിര്‍മല വീട്ടില്‍ നിന്നു പോയത്. ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്നു പറഞ്ഞെങ്കിലും വീട്ടിലെത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ തലശേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടെ പൊലിസ് നിര്‍മലയുടെ കൂടെ ജോലി ചെയ്തുവരുന്ന കുഞ്ഞുമൊയ്തീനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തുവരുന്നത്. നിര്‍മലയുടെ കഴുത്തിലെ മാലയും കമ്മലും ഉള്‍പ്പെടെ ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയാണു കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊല നടത്തിയതെന്നാണു പ്രതി പൊലിസിനു നല്കിയ മൊഴി. പ്രതിയില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം ചോമ്പാലയിലെ ഒരുകുറ്റിക്കാട്ടില് കുഴിച്ചിട്ടതായി പ്രതി സമ്മതിച്ചതിനെ തുടര്‍ന്നു തലശ്ശേരി സി.ഐ കെ.സനല്‍കുമാര്‍, എസ്.ഐ ബിനു മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ തിരച്ചില്‍ നടത്തിയാണു മൃതദേഹം കണ്ടെത്തിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൃത്യത്തില്‍ വേറെ പ്രതികളുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. പരേതനായ തിലകന്റെ ഭാര്യയാണു നിര്‍മല. മക്കള്‍: നിഷ, പരേതയായ നിവേദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."