'ചൈന ബില്‍ എന്ന വ്യാജബില്ലുകള്‍' നികുതി വെട്ടിപ്പ് തടയാന്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്നു 'ചൈന ബില്‍' എന്നറിയപ്പെടുന്ന വ്യാജബില്ലുകള്‍ ഉപയോഗിച്ച് കേരളത്തിലേക്ക് നികുതിയടക്കാതെ ഗ്രാനൈറ്റ് കടത്തുന്നത് തടയാന്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ ഡി.ജി.പി ബി.എസ് മുഹമ്മദ് യാസീന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.
നഞ്ചന്‍കോടുനിന്നു കയറ്റുന്ന ഗ്രാനൈറ്റ് ലോഡിന് മൂന്നുശതമാനം നികുതി കൊടുത്താല്‍ ബംഗളൂരുവിനടുത്തുള്ള മകിടിയിലുള്ള നികുതിയടച്ച ബില്‍ ലോറിക്കാര്‍ക്ക് ലഭിക്കും. എന്നാല്‍ മരിച്ചയാളുടെ പേരിലുള്ള ടിന്‍ ഉപയോഗിച്ച ബില്ലാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഇതോടൊപ്പം വ്യാജ ഇ-വേ ബില്ലും ഉപയോഗിച്ചാണ് ഗ്രാനൈറ്റ് കടത്തുന്നത്.
'ചൈന ബില്‍' എന്നറിയപ്പെടുന്ന ഇത്തരം വ്യാജ ബില്ലുകള്‍ വഴി ഗ്രാനൈറ്റ് കടത്തുന്നതിനാല്‍ സര്‍ക്കാരിന് ദിവസേന നികുതിയിനത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ബന്ധപ്പെട്ട വകുപ്പുകള്‍ ശരിയായ വിധത്തില്‍ പരിശോധന നടത്തുന്നില്ലെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
സംസ്ഥാന വ്യാപകമായി 30 ടീമായി തിരിഞ്ഞായിരുന്നു മിന്നല്‍ പരിശോധന.
പരിശോധനയില്‍ നിരവധി വാഹനങ്ങളുടെ ഇ-വേ ബില്‍ സെയില്‍ ടാക്‌സ് വിഭാഗം പരിശോധിച്ച് അനുമതി നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി.
ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലെ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ബില്‍ ഇല്ലാതെയും നികുതി അടക്കാതെയും അമിതഭാരം കയറ്റിയും വന്ന വാഹനവും, അലമാരയുള്‍പ്പെടെ കയറ്റിവന്ന വാഹനവും പിടികൂടി.
വിജിലന്‍സ് പരിശോധിച്ച് കൈമാറിയ ചില വാഹനങ്ങള്‍ കൂടുതല്‍ തുക സര്‍ക്കാരിലേക്ക് അടക്കാന്‍ തയാറാവുകയും സെയില്‍ ടാക്‌സ് സ്‌ക്വാഡ് എത്തി തുടര്‍നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. കൂടാതെ പാലക്കാട് നടത്തിയ പരിശോധനയില്‍ ഇ-വേ ബില്ലില്‍ കാണിച്ചതിനെക്കാള്‍ കൂടുതല്‍ ഗ്രാനൈറ്റ് കടത്തിക്കൊണ്ടുവന്നതായും വിജിലന്‍സ് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."