സഊദിയില്‍ വീണ്ടും കനത്ത മഴ; രണ്ടു മരണം
റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കനത്ത മഴ. വിവിധ പ്രവിശ്യകളില്‍ മഴയില്‍ നാശനഷ്ടങ്ങളുണ്ടാവുകയും റോഡുകള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ഗതാഗതം താറുമാറാവുകയും ചെയ്തു. പടിഞ്ഞാറന്‍ നഗരികളെയാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമുണ്ടായ ശക്തമായ മഴ ബാധിച്ചത്. മക്ക, ജിദ്ദ, ത്വായിഫ്, അല്‍ഖസീം അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം ഇപ്പോഴും മൂടിക്കെട്ടി നില്‍ക്കുകയാണ്. ജിദ്ദയിലും മക്കയിലും ഏതാനും ഡിസ്ട്രിക്ടുകളില്‍ വൈദ്യുതി മുടങ്ങി. ഓള്‍ഡ് ജിദ്ദ-മക്ക റോഡ് ഭാഗികമായി അടച്ചു. മക്കയില്‍ കിങ് അബ്ദുല്‍ അസീസ് കിസ്‌വ ഫാക്ടറിക്കു സമീപം ഓവുപാലം തകര്‍ന്നതിനെ തുടര്‍ന്നാണ് റോഡ് അടച്ചത്. മക്ക വാദി ജലീലില്‍ നിരവധി കാറുകള്‍ ഒലിച്ചുപോയി. നഗരത്തിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.
മക്കയില്‍ പാറയിടിഞ്ഞു വീണ് 11കാരന്‍ മരിച്ചു. അല്‍നിഖാബ ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ കുഴിയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ഉത്തര ഖൈബറില്‍ ആടുകളെ മേയ്ക്കുന്നതിനിടെ മിന്നലേറ്റ് 30കാരനായ യുവാവ് മരിച്ചു. മക്കയിലെ വാദി ലൈത്തില്‍ രണ്ട് ഇന്ത്യക്കാരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. തീരദേശപാതയില്‍ പ്രളയത്തിലകപ്പെട്ട 11 പേരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."