പോരടിച്ച് ബി.ജെ.പിയും ശിവസേനയും , കളവ് പറയുന്നവരുമായി ചര്‍ച്ചക്കില്ലെന്ന് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിനിടെ ബി.ജെ.പിയുടെയും ശിവസേനയുടെയും ബന്ധം കൂടുതല്‍ വഷളായി. സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ രാജിവച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശിവസേനയെ വിമര്‍ശിച്ചതാണ് ഇരു പാര്‍ട്ടികളുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്.
ഈ വര്‍ഷം ആദ്യത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിപദം പങ്കിടാമെന്ന് ഉറപ്പുനല്‍കിയെന്ന താക്കറെയുടെ പ്രസ്താവന കള്ളമാണെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ച നടന്നിരുന്നില്ല. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ നൂറുശതമാനവും കാരണക്കാര്‍ ശിവസേനയാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു. ഇതിനെതിരേയാണ് ഉദ്ധവ് താക്കറെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. താക്കറെ കുടുംബത്തെ നുണയന്മാരെന്ന് വിളിച്ചവരോട് ഇനി ചര്‍ച്ചക്കില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
ഇതാദ്യമായാണ് താക്കറെ കുടുംബത്തെ ഒരാള്‍ നുണയന്മാരെന്ന് വിളിക്കുന്നത്. അവരുമായി ചര്‍ച്ച നടത്താന്‍ മനഃസാക്ഷി അനുവദിക്കുന്നില്ല. അധികാരങ്ങള്‍ തുല്യമായി പങ്കിടുന്നതില്‍ അമിത്ഷായുമായി ധാരണയിലെത്തിയതാണ്. ദേശീയ തെരഞ്ഞെടുപ്പിന് മുന്‍പാണ് ചര്‍ച്ച നടന്നത്. ഞാനൊരു ബി.ജെ.പിക്കാരനല്ല. ഞാന്‍ ഒരിക്കലും നുണ പറയാറില്ല. മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയില്ലെന്ന് പറഞ്ഞത് കള്ളമാണെന്ന് പറയാത്തിടത്തോളംകാലം നിലപാടുകളില്‍നിന്ന് സേന പിന്നോട്ടുപോകില്ല. ഞാന്‍ സത്യമാണ് പറയുന്നതെങ്കില്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കില്ല. തങ്ങള്‍ക്ക് മുഖ്യമന്ത്രി പദത്തിലെത്താന്‍ ബി.ജെ.പിയുടെ ആവശ്യമില്ല.
ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ എല്ലാ സമയത്തും തുറന്നിട്ടു. എന്നാല്‍ ഇത്ര മോശം ആളുകളോട് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതിനെ ഓര്‍ത്തു ദുഃഖിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച ഫഡ്‌നാവിസിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നതില്‍ ഭയന്ന് മുംബൈയിലെ ഹോട്ടലിലില്‍നിന്ന് ശിവസേന എ.എല്‍.എമാരെ ഉത്തര മുംബൈയിലെ ദ്വീപിലേക്ക് ഇന്നലെ മാറ്റി.
എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസും ഇന്നലെ തീരുമാനിച്ചു. ജയ്പൂരിലെത്താനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരായതിനാല്‍ സുരക്ഷിതമാണെന്നാണ് പാര്‍ട്ടി കരുതുന്നത്. കൂറു മാറ്റത്തിനായി 25 മുതല്‍ 50 കോടിവരെ വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."