ഇനിയും പാഠം പഠിച്ചില്ല; വീണ്ടും ഹാമര്‍ അപകടം, എറിയുന്നതിനിടെ സ്ട്രിങ് പൊട്ടി മത്സരാര്‍ഥിക്ക് പരുക്ക്
സംഭവം കോഴിക്കോട് റവന്യൂ ജില്ലാ കായികമേളക്കിടെ
ഭാരം കൂടിയ ഹാമര്‍ നല്‍കിയെന്നും ആരോപണം
കോഴിക്കോട്: പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനിടെ വീണ്ടുമൊരു അപകടവാര്‍ത്ത കൂടി. എറിയാനുള്ള ശ്രമത്തിനിടെ ഹാമറിന്റെ സ്ട്രിങ് പൊട്ടിയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. കോഴിക്കോട് റവന്യൂ ജില്ലാ കായികമേളക്കിടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ഒളിപ്യംന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയുടെ രണ്ടാം ദിവസമായ ഇന്നലെയാണ് രാമകൃഷ്ണ മിഷന്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ഥി ടി.ടി മുഹമ്മദ് നിഷാന് പരുക്കേറ്റത്. ഭാരം കൂടിയ ഹാമര്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ട്.
സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഹാമര്‍ എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടുകയും നിഷാന്‍ കാലുതെറ്റി ഗ്രൗണ്ടില്‍ വീഴുകയുമായിരുന്നു. വീഴ്ചയില്‍ ഇടത് കൈയിലെ രണ്ട് വിരലുകള്‍ക്ക് പൊട്ടലുണ്ട്. നി യന്ത്രണം വിട്ട ഹാമര്‍ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്തേക്ക് തെറിച്ചു വീണതിനാലും മത്സര സ്ഥലത്ത് ആളുകള്‍ കുറവായതിനാലുമാണ് അപകടം ഒഴിവായത്. പരുക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
അഞ്ച് കിലോ ഭാരം എറിയേണ്ട നിഷാന് നല്‍കിയത് ഏഴര കിലോയുടെ ഹാമറാണെന്ന് മറ്റ് മത്സരാര്‍ഥികള്‍ പറയുന്നു. സാധാരണ ആണ്‍കുട്ടികളുടെ സീനിയര്‍, ജൂനിയര്‍ വിഭാഗം ഹാമര്‍ ത്രോയില്‍ അഞ്ച് കിലോ ഭാരമാണ് എറിയുന്നത്. എന്നാല്‍ അത് ഇല്ലാത്തതിനാലാണ് ഏഴര കിലോയുടെ ഹാമര്‍ നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചിരുന്നുവത്രെ. പരിശീലനത്തിനായി ആറ് കിലോ വരെ ഉപയോഗിച്ചിരുന്നെങ്കിലും ഏഴര കിലോ എറിയുന്നത് ആദ്യമായിട്ടാണെന്ന് നിഷാനും പറഞ്ഞു. അതിനിടെ, പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം ഹാമര്‍ ത്രോ മത്സരത്തിനിടയിലും വിദ്യാര്‍ഥിനിക്ക് പരുക്കേറ്റ സംഭവമുണ്ടായി. സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച കൂരാച്ചുണ്ട് സ്വദേശി ലുബീന ഷെറിനാണ് നിസാര പരുക്കേറ്റത്. മൂന്ന് കിലോയുടെ ഹാമര്‍ ഉപയോഗിക്കേണ്ടിടത്ത് നാലു കിലോയുള്ളത് നല്‍കിയതാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം.
അതേസമയം ഹാമര്‍ ത്രോ മത്സരത്തില്‍ പാകപ്പിഴകള്‍ വന്നിട്ടുണ്ടെന്ന് സെന്റ് മേരീസ് എച്ച്.എസ്.എസ് സ്‌കൂളിലെ കായികാധ്യാപകന്‍ ഷാജു സെബാസ്റ്റ്യന്‍ പറയുന്നു. സാധാരണ പുരുഷ വിഭാഗത്തിലുള്ളവരാണ് 7 കിലോ ഹാമര്‍ എറിയുന്നത്. സ്‌കൂള്‍ വിഭാഗത്തില്‍ 5 കിലോ ആണ് എറിയാറുള്ളത്. എന്നാല്‍ ഇവിടെ കുട്ടികള്‍ക്ക് താങ്ങാനാകുന്നതിനേക്കാള്‍ കൂടുതല്‍ ഭാരമാണ് എറിയാന്‍ കൊടുത്തതെന്നും അതിനാലാണ് അപകടം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. അതേസമയം ഹാമറിന്റെ ഭാരത്തില്‍ വ്യത്യാസമുണ്ടെന്നുള്ള പ്രചാരണം ശരിയല്ലെന്നും 5 കിലോ ഹാമര്‍ തന്നെയാണ് നല്‍കിയതെന്നും സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."