ജില്ലാ യുവജനോത്സവങ്ങളില്‍ പരാതിപ്രളയം
സുനി അല്‍ഹാദി#
കൊച്ചി: പ്രളയാനന്തരം നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ആര്‍ഭാടങ്ങളൊന്നുമില്ലെങ്കിലും വിധിനിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വടംവലിയും തകൃതി. സ്റ്റേജും പന്തലുമൊന്നും കെട്ടാതെ ചെലവുകള്‍ ചുരുക്കി നടത്തുന്ന കലോത്സവങ്ങള്‍ക്ക് വന്‍തുക കോഴവാങ്ങി 'സമ്മാനം നല്‍കാന്‍' ഇത്തവണയും ഏജന്റുമാര്‍ സജീവമായി രംഗത്തുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ നടന്ന വിവിധ റവന്യൂ ജില്ലാ കലോത്സവവേദികളില്‍ അരങ്ങേറിയതും ഇതിന്റെ ശേഷിപ്പുകളാണ്. ഭരതനാട്യം, കുച്ചുപ്പുടി ഉള്‍പ്പെടെ മൂന്ന് നൃത്തഇനങ്ങളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ പിതാവിന്റെയടുത്ത് ഏജന്റ് നേരിട്ടെത്തി പണം തന്നാല്‍ സമ്മാനം ഉറപ്പിച്ച് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിത്തരാം എന്നായിരുന്നു വാഗ്ദാനം. ഇത്തരക്കാര്‍ ഫോണിലൂടെയല്ലാതെ നേരിട്ടാണ് എത്തുന്നത്. പലപ്പോഴും മത്സരാര്‍ഥികളുടെ രക്ഷിതാവിന്റെ അടുത്ത സുഹൃത്തുവഴിയോ ബന്ധുക്കള്‍ വഴിയോ ആണ് ബന്ധപ്പെടുന്നത്. കേസ് നല്‍കിയാല്‍ അടുത്ത ബന്ധുക്കള്‍ കുടുങ്ങുമെന്ന കാരണത്താല്‍ പലരും ഇത്തരം ഏജന്റുമാരുടെ ഇടപെടല്‍ പുറംലോകത്തെ അറിയിക്കാതെ ഇരിക്കുകയാണ്. ഒന്നിലേറെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെയാണ് ഇടനിലക്കാര്‍ സമീപിക്കുന്നത്. രണ്ട് വ്യവസ്ഥകളുമായാണ് ഇവര്‍ എത്തുന്നത്. നിശ്ചിത തുക നല്‍കിയാല്‍ ഒരെണ്ണത്തിന് സമ്മാനം ഉറപ്പിക്കാം. ഇല്ലെങ്കില്‍ വന്‍തുക നല്‍കി ജഡ്ജിമാരെ ഇവര്‍ക്കുതന്നെ നിയമിക്കാമെന്നും പറയുന്നു. വിവിധ ജഡ്ജിങ് പാനലുകള്‍ ഇപ്രകാരം 'വില്‍ക്കപ്പെടുന്നു'ണ്ടെന്നും വ്യാപകമായ പരാതി ഉയരുന്നുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലാ കലോത്സവങ്ങളില്‍ ചില ഇനങ്ങളില്‍ വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്നുപറഞ്ഞ് രക്ഷിതാക്കള്‍ ജഡ്ജിമാരെ തടഞ്ഞുവച്ച സംഭവവും സംഘര്‍ഷവുമൊക്കെയുണ്ടായി. ആലപ്പുഴയില്‍ ഒപ്പന മത്സരത്തിന്റെ വിധിനിര്‍ണയവും എറണാകുളത്ത് കേരളനടന മത്സരത്തിന്റെ വിധി നിര്‍ണയവുമാണ് ഏറെ വിവാദം സൃഷ്ടിച്ചത്. ഇതില്‍ കേരളനടന മത്സരത്തിന്റെ ഫലപ്രഖ്യാപനത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള അപ്പീലുകളുടെ എണ്ണവും കുറവല്ല. എറണാകുളം ജില്ലയില്‍ ഹൈസ്‌കൂള്‍ തലത്തില്‍മാത്രം അന്‍പതിലേറെ അപ്പീലുകളാണ് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."