ചരിത്രസ്പര്‍ശം; ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയില്‍ തൊട്ടു
കേപ് കനാവറല്‍: നാസയുടെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ആറുമാസംമുമ്പേ ഭൂമിയില്‍നിന്ന് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30 ന് ചൊവ്വയില്‍ ഇറങ്ങി. ചുവന്ന ഗ്രഹത്തിന്റെ ഇനിയുമറിയാത്ത രഹസ്യങ്ങളുടെ ചുരുളഴിയാനുള്ള കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.
ചൊവ്വയില്‍ ഇറങ്ങിയത് സ്ഥിരീകരിച്ചതായി നാസ പ്രതിനിധി അറിയിച്ചു. പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ശാസ്ത്രജ്ഞര്‍ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് പരസ്പരം ആലിംഗനം ചെയ്തു.
പേടകം വിക്ഷേപിച്ചതുമുതലുള്ള ഏഴുമാസത്തെ കാത്തിരിപ്പിനേക്കാള്‍ പിരിമുറുക്കമായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ 1.23 മുതല്‍ 1.30 വരെയുള്ള ഏഴ് മിനിറ്റ് സമയം. അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പ്രതലം തൊട്ട് പേടകത്തിന്റെ സൗരോര്‍ജ്ജ പാനലുകള്‍ നിവരുന്നതുവരെയുള്ള സമയം. ചൊവ്വാ ദൗത്യങ്ങളില്‍ 40 ശതമാനം മാത്രമാണ് ഇതുവരെ വിജയം കണ്ടിട്ടുള്ളത്.
54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തുന്നത്.
ഏതാണ്ട് 19,800 കിലോമീറ്റര്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം വാതകങ്ങളുമായുള്ള ഘര്‍ഷണത്തില്‍ ഏതാണ്ട് 500 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. നിലംതൊടാന്‍ മൂന്നുമിനിറ്റും ഏഴുസെക്കന്‍ഡുമുള്ളപ്പോള്‍ പേടകത്തില്‍ പിടിപ്പിച്ച പാരച്യൂട്ട് വിടര്‍ന്നു. അത് പേടകത്തിന്റെ വേഗം കുറച്ചു. തറയില്‍നിന്നും 11.26 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു അപ്പോള്‍.
മേയ് അഞ്ചിനാണ് ചൊവ്വാദൗത്യവുമായി ഇന്‍സൈറ്റ് പറന്നുയര്‍ന്നത്. 'ഇന്റീരിയല്‍ എക്‌സ്‌പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ്,ജിയോഡെസി ആന്‍ഡ് ഹീറ്റ് ട്രാന്‍സ്‌പോര്‍ട്ട്' എന്നതിന്റെ ചുരുക്കരൂപമാണ് ഇന്‍സൈറ്റ്. ചൊവ്വയുടെ ഉപരിതലത്തിനടിയിലേക്ക് ആഴത്തിലിറങ്ങി ആ ഗ്രഹത്തിന്റെ ഉള്ളറകളെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ബഹിരാകാശപേടകമാണ് ഇന്‍സൈറ്റ്.
ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."