ലോകബാങ്ക് സഹായം വകമാറ്റി; സഭയില്‍ ബഹളം, വാക്‌പോര്
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച ലോകബാങ്ക് ധനസഹായം വകമാറ്റിയെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഉപധനാഭ്യര്‍ഥന ബില്ലിലെ ചര്‍ച്ചക്കും മറുപടിക്കും ശേഷമാണ് എ.ഡി.ബി സഹായത്തെചൊല്ലി ബഹളവും പ്രതിപക്ഷ ഭരണപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോരുമുണ്ടായത്.
ലോക ബാങ്ക് നല്‍കിയ 1780 കോടി രൂപ സര്‍ക്കാര്‍ വകമാറ്റിയെന്ന് വി.ഡി സതീശനാണ് ആദ്യം ആരോപണമുന്നയിച്ചത്. ഈ തുക ട്രഷറി അക്കൗണ്ടില്‍ ഇല്ലെന്നും സര്‍ക്കാര്‍ നിത്യനിദാന ചെലവുകള്‍ക്കായി വിനിയോഗിച്ചെന്നും ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഖജനാവിലേക്ക് വരുന്ന പണം 'ഇന്ന ആവശ്യങ്ങള്‍ക്ക് മാത്രമെ'ന്ന് ചാപ്പ കുത്തി കെട്ടിവയ്ക്കുന്ന ഏര്‍പ്പാട് ഇല്ലെന്നും അവശ്യഘട്ടത്തില്‍ ചെലവഴിക്കുമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. തൃപ്തരാകാതിരുന്ന പ്രതിപക്ഷം വീണ്ടും എഴുന്നേറ്റു. തുടര്‍ന്നാണ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്. ലോകബാങ്ക് സഹായം ഇപ്പോള്‍ വിതരണം ചെയ്ത് തീര്‍ക്കാനുള്ളതല്ലെന്നും ദീര്‍ഘവീക്ഷണത്തോടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പണം ചെലവഴിക്കേണ്ട ഘട്ടത്തില്‍ അത് വിനിയോഗിക്കും. പണമൊക്കെ വേറെ വഴി പോയി എന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടി തുടരുന്നതിനിടെ പ്രതിപക്ഷം വീണ്ടും ബഹളംവച്ചു. ശബ്ദമുയര്‍ത്തിയിട്ട് കാര്യമില്ലെന്നും മറ്റെന്തിങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അത് പറഞ്ഞാല്‍ പോരെയെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ കാര്യങ്ങള്‍ വീണ്ടും കൈവിട്ടു.
ബഹളത്തിനിടെ സ്പീക്കര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വി.ഡി സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. പണം വകമാറ്റി ചെലവഴിച്ച ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നായിരുന്നു ക്രമപ്രശ്‌നം. ധനമന്ത്രി മറുപടി കഴിഞ്ഞുവെന്നും താനത് കേട്ടതാണെന്നും സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റു. സ്പീക്കര്‍ കക്ഷിചേരുന്നുവെന്നായിരുന്നു ആരോപണം. ഇതിനിടെ ഭരണപക്ഷവും എഴുന്നേറ്റു. സഭ പൂര്‍ണമായും ബഹളത്തിലമര്‍ന്നു. ഇതോടെ വീണ്ടും മുഖ്യമന്ത്രി എഴുന്നേറ്റു. പ്രതിപക്ഷം സ്പീക്കറെ അപമാനിക്കുന്നത് കേട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പിന്നിലിരുന്ന അംഗം ഭരണപക്ഷാംഗങ്ങളുടെ ഭാഗത്തേക്ക് ചൂണ്ടി സ്പീക്കറോട് 'താങ്കള്‍ ഇവിടയല്ല, അവിടെ പോയാണ് ഇരിക്കേണ്ടത് ' എന്ന് പറഞ്ഞത് താന്‍ കേട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ സ്വരാജും ഷംസീറും നടുത്തളത്തിലേക്കിറങ്ങി. കാര്യങ്ങള്‍ കൈവിടുമെന്ന് കണ്ടതോടെയാണ് പ്രതിപക്ഷ നേതാവ് എഴുന്നേറ്റ്, പിന്നിലിരുന്നയാള്‍ പറഞ്ഞത് കാര്യമാക്കേണ്ടെന്നും തങ്ങള്‍ സ്പീക്കറെ അപമാനിക്കില്ലെന്നുംവ്യക്തമാക്കിയത്. പിറകിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കാര്യമാക്കേണ്ടെന്ന് പറഞ്ഞ സാഹചര്യത്തില്‍ ഈ ചര്‍ച്ച അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി കൂടി വ്യക്തമാക്കിയതോടെയാണ് രംഗം ശാന്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."