തലസ്ഥാനത്തെ അക്രമം: രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തലസ്ഥാനത്തെ ബി.ജെ.പി ഓഫിസിന് നേരെ നടന്ന അക്രമം തടയാതിരുന്ന പൊലിസുകാര്‍ക്കെതിരെ നടപടി. രണ്ട് പൊലിസുകാരെ ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ആക്രമണം നടന്ന സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടിയെടുത്തത്.
ആക്രമണസമയത്ത് മൂന്ന് പൊലിസുകാരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഒരു പൊലിസ് ഉദ്യേഗസ്ഥന്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റു. മറ്റു രണ്ട് പേര്‍ കണ്ടുനില്‍ക്കുകയല്ലാതെ നടപടിയൊന്നും സ്വീകരിച്ചില്ല.
അതേസമയം, ആക്രമണമുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി. പാര്‍ട്ടി ഓഫിസുകളിലും ജില്ലയിലെ പ്രധാന ഭാഗങ്ങളിലും കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായാണ് തലസ്ഥാനത്ത് ആക്രമണങ്ങള്‍ ഉണ്ടായത്.ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നശിപ്പിച്ചു. ഓഫിസിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെയോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും കല്ലേറുണ്ടായി. വീടിനും കാറിനും കേടുപാടു സംഭവിച്ചു. പലയിടത്തും ഇരുപാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടെ വീടിനു നേരെയും ആക്രമണമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."