എട്ടുപവനും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസില്‍ തുമ്പില്ലെന്നു പറഞ്ഞ് പൊലിസ് തടിയൂരി
മഞ്ചേരി: എളങ്കൂറില്‍ വീട്ടില്‍ നിന്നുംഎട്ടുപവന് സ്വര്‍ണാഭരണവും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസില്‍ തുമ്പില്ലെന്നു പറഞ്ഞ് പൊലിസ് തടിയൂരി.
രണ്ടുവര്‍ഷം മുമ്പ് മഞ്ഞപ്പറ്റയില്‍ അധ്യാപകന്റെ വീടിന്റെ പൂട്ടുപൊളിച്ചാണ് സ്വര്‍ണം,വെളളി ആഭരണങ്ങളും പണവും മോഷ്ടിച്ചത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് സംഭവം.
മഞ്ചേരി പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും മോഷ്ടാവിനെ പിടികൂടിയില്ല. കളവുനടന്ന് ഏറെനേരം കഴിയുന്നതിന് മുന്പുതന്നെയാണ് വീട്ടുകാര്‍ പൊലിസില്‍ പൊലിസില്‍ അറിയിച്ചത്. എന്നാല്‍ ഡോഗ്സ്ക്വാഡിനെ ഉപയോഗിച്ചതുപോലുമില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പലതവണ പരാതിക്കാര്‍ പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും കിട്ടിയാല്‍ വിവരം അറിയിക്കാമെന്നുപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എസ്.പിക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസമാണ് തുമ്പുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് പരാതിക്കാരന് നോട്ടിസ് നല്‍കിയത്. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്ന ആവശ്യവുമായി എസ്.പിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് പരാതിക്കാര്‍.
അധ്യാപകന്റെ വീട്ടില്‍ മോഷണം നടന്ന് ഒരുമാസം തികയും മുന്‍പെ മഞ്ഞപ്പറ്റ കളത്തിങ്ങല്‍ അഷ്റഫിന്റെ വീട്ടില്‍ നിന്നും 16 ലക്ഷം രൂപയും നാലുപവന് സ്വര്‍ണാഭരണവും കവര്‍ന്നു. ഇതിനും ഒരു വര്‍ഷം മുന്‍പ് മഞ്ചേരി പൊലീസ് സ്റ്റേഷന് പരിധിയിലുളള കോഴിത്തലയില്‍ സുനിലിന്റെ വീട്ടില്‍ നിന്നും 18 പവന് സ്വര്‍ണവും 3000 രൂപയും കവര്‍ന്നു. കാരാപറമ്പില്‍ അധ്യാപകന്റെ വീട്ടില്‍ നിന്നും 50 പവനും മോഷ്ടിച്ചു. ഈ കവര്‍ച്ചകളെല്ലാം സമാനമായ രീതിയിലായിരുന്നു. മറുനാടന്‍ തൊഴിലാളികളെയടക്കം പൊലിസ് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഇക്കാലത്ത് പയ്യനാട് പൊലിസ് ദമ്പതികളുടെ വീട്ടില്‍ നിന്നും 17 പവന് കവര്‍ന്ന കേസിലെ പ്രതിയെ രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."