റബര്‍ ഗവേഷണകേന്ദ്രത്തില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കും
കോട്ടയം :റബറുത്പന്നനിര്‍മ്മാണരംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ഇന്ത്യന്‍ റബര്‍ഗവേഷണ കേന്ദ്രത്തില്‍ ഒരു ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങാനാവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു.
കെ.എസ്.ഐ.ഡി.സിയുമായി ചേര്‍ന്ന് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍വെച്ച് റബ്ബര്‍ബോര്‍ഡ് നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍, ഉത്പന്നങ്ങളുടെ വാണീജ്യവത്കരണം, വിപണനം തുടങ്ങി സമസ്ത മേഖലകളിലും പുതിയ കണ്ടുപിടുത്തങ്ങളും വിവിധമേഖലകളെ ഏകോപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടായെങ്കില്‍ മാത്രമേ ആഗോളവത്കരിക്കപ്പെട്ട ലോകക്രമത്തില്‍ അതിജീവനക്ഷമത നേടുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ഏതു കാര്യത്തിലും മാറിച്ചിന്തിക്കുക എന്നതാണ് പുതിയ കണ്ടുപിടുത്തങ്ങളിലേക്കുള്ള വഴി. നമ്മുടെ ശക്തി സ്രോതസ്സുകള്‍ തിരിച്ചറിയുകയും പുറമെനിന്ന് ലഭിക്കാവുന്ന അറിവുകള്‍ മുഴുവനും പ്രയോജനപ്പെടുത്തുകയും ചെയ്‌തെങ്കിലേ വിജയം സാധ്യമാകൂ. വിലയിലെ ഏറ്റക്കുറച്ചിലുകള്‍ റബറിന്റെ സ്ഥിരസ്വഭാവമാണ്. തനതു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അതിനെ അതിജീവിക്കുകയാണു വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. അജിത് കുമാര്‍ ഉദ്ഘാടനയോഗത്തില്‍ അധ്യക്ഷനായി . മൂല്യവര്‍ദ്ധന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോജനപ്പെടുത്തല്‍, ഗുണമേന്‍മാവര്‍ദ്ധന, കയറ്റുുമതി തുടങ്ങിയ മേഖലകളില്‍ നിറയെ സാധ്യതകളാണുള്ളതെന്ന് അജിത്കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ് ,ജോയിന്റ് ഡയറക്ടര്‍ ഡോ. സിബി വര്‍ഗ്ഗീസ്
സംസാരിച്ചു.
തുടര്‍ന്ന് നടന്ന ടെക്‌നിക്കല്‍ സെഷനില്‍ ഇന്ത്യന്‍ റബര്‍വ്യവസായത്തില്‍ റീക്ലെയിംഡ് റബറിന്റെ ഉപയോഗം എന്ന വിഷയത്തെ അധികരിച്ച് ഗുജറാത്ത് റീക്ലെയിംസ് ആന്റ് റബ്ബര്‍ പ്രോഡക്ട്‌സ് മാനേജിങ് ഡയറക്ടര്‍ ആര്‍.വി. ഗാന്ധി സംസാരിച്ചു.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ റീക്ലെയിംഡ് റബര്‍വ്യവസായത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ അദ്ദേഹം ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണവികസനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
ടയറിതര വ്യവസായമേഖലയെക്കുറിച്ച് സിംകോ റബ്ബേഴ്‌സ് ആന്റ് പ്ലാസ്റ്റിക്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആര്‍.എസ്.ഡി.സി. ചെയര്‍മാനുമായ വിനോദ് സൈമണ്‍ സംസാരിച്ചു. നമ്മുടെ രാജ്യത്ത് ഉപഭോഗം ചെയ്യപ്പെടുന്ന റബ്ബറിന്റെ മൂന്നിലൊരു ഭാഗവും ഉപയോഗിക്കുന്ന ടയര്‍ മേഖലയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 36000 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി അദ്ദേഹം പറഞ്ഞു.
3.70 ലക്ഷം പേര്‍ക്ക് ഈ മേഖല തൊഴില്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചെറിയ യൂനിറ്റുകള്‍ പലതും അതിജീവനത്തിനായി കഷ്ടപ്പെടുന്നുണ്ടെന്നും സൈമണ്‍ പറഞ്ഞു.
കൃത്രിമറബ്ബര്‍പാല്‍ ഉത്പാദനമേഖലയെക്കുറിച്ച് അപ്‌കോടെക്‌സ് ഇന്‍ഡസ്ട്രീസ് സീനിയര്‍ ജനറല്‍ മാനേജര്‍ ഡോ. അശോക് പ്രഭു പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."