കേരളം കേരവൃക്ഷങ്ങളുടെ നാട്: എന്നാല്‍ ചൂലെത്തുന്നതോ തമിഴ്‌നാട്ടില്‍ നിന്ന്
പത്തിരിപ്പാല: കേരളത്തിന്റെ മുറ്റമടിക്കാനുള്ള ചൂല്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്ന്. കേരവൃക്ഷങ്ങളുടെ നാടായതിനാലാണ് കൈരളിക്ക് കേരളമെന്ന് പേര് വീണതെന്നത് പഴങ്കഥ.
കേരളത്തിലുള്ളതിനേക്കാള്‍ നാലിരട്ടി തെങ്ങാണ് തമിഴ്‌നാട്ടിലുള്ളത്. ചികിരിയും ചിരട്ടയും പട്ടയുമെല്ലാം ഇവിടത്തുകാര്‍ കത്തിക്കാനും മറ്റും ഉപയോഗിക്കുമ്പോള്‍ തമിഴ്‌നാട്ടുകാര്‍ക്ക് ഇതെല്ലാം വരുമാനമാര്‍ഗമാണ്.
മുമ്പ് ഈര്‍ക്കിലിയെടുത്ത് കെട്ടാക്കിയാണ് വീടിനകത്തും പുറത്തുമെല്ലാം വൃത്തിയാക്കുന്നതിനുള്ള ചൂലായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴും മുറ്റമടിക്കാന്‍ മലയാളി അമ്മമാര്‍ക്ക് ഈര്‍ക്കിലി ചൂലുതന്നെയാണ് പഥ്യം. ഈ സാഹചര്യം കച്ചവടതന്ത്രമാക്കി മാറ്റി വിപണി കൈയടക്കി ലാഭം കൊയ്യുകയാണ് തമിഴ്‌നാട്ടിലെ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘം.
വാഹനത്തിലാണ് ഇവര്‍ അതിര്‍ത്തി കടന്ന് ഒരുപറ്റം ചൂലുകളുമായി ഇവിടേക്കെത്തുന്നത്. ഒരു നല്ല ചൂലിന് നൂറുരൂപയും 150 രൂപയും വരെ ഇവര്‍ വില ഈടാക്കുന്നു. ഓരോ സെന്ററുകളിലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് കച്ചവടം. രാവിലെ എത്തുന്നവര്‍ ഉച്ചയോടുകൂടി ചൂലുകള്‍ വിറ്റഴിച്ച് മടങ്ങും. തമിഴ്‌നാട്ടിലെ നാളികേര തോട്ടങ്ങളില്‍ നിന്നും ഉണങ്ങിവീഴുന്ന പട്ടകള്‍ വാങ്ങിയാണ് ഇത്തരം സംഘം ചൂലുണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."