കുട്ടികളുടെ ഫോണ്‍ ദുരുപയോഗം നിയന്ത്രിക്കണമെന്ന് ഫയര്‍ഫോഴ്‌സ്
വടകര: കുട്ടികള്‍ ഫോണില്‍ കളിക്കുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ അത് അപകടത്തില്‍പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനു പ്രയാസം നേരിടുമെന്ന മുന്നറിയിപ്പുമായി ഫയര്‍ഫോഴ്‌സ്. അത്യാഹിതത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ ഫയര്‍സ്റ്റേഷനിലേക്കു ഫോണ്‍ ചെയ്താല്‍ കിട്ടാതെ പോകുന്ന സ്ഥിതി ആവര്‍ത്തിക്കുകയാണ്.
കഴിഞ്ഞദിവസം പരവന്തല കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിപ്പോയപ്പോള്‍ കൂട്ടുകാര്‍ ഉടന്‍ വടകര ഫയര്‍സ്റ്റേഷനില്‍ വിളിച്ചെങ്കിലും ഫോണ്‍ ദീര്‍ഘനേരം ബിസിയായിരുന്നു. ഒടുവില്‍ ബൈക്കില്‍ നേരിട്ടു പോയി ഫയര്‍സ്റ്റേഷനിലുള്ളവരെ വിവരം അറിയിക്കുകയാണ് ചെയ്തത്. ഇവര്‍ ഉടന്‍ സ്ഥലത്തെത്തി രണ്ടു മിനുട്ടുകൊണ്ടു വിദ്യാര്‍ഥിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഫയര്‍സ്റ്റേഷനു വളരെ അടുത്താണ് അപകടം നടന്ന സ്ഥലം.
ഫയര്‍സ്റ്റേഷനിലെ ഫോണ്‍ ബിസിയാവാന്‍ കാരണം പല വീടുകളില്‍ നിന്നും കൊച്ചുകുട്ടികള്‍ ഫോണില്‍ കളിക്കുന്നതു കൊണ്ടാണെന്നു പറയുന്നു. കുട്ടികള്‍ അറിയാതെ നമ്പര്‍ 101 അമര്‍ത്തുന്നു. ഫയര്‍സ്റ്റേഷനിലുള്ളവര്‍ അറ്റന്റ് ചെയ്ത് കുട്ടികളോട് ഫോണ്‍ താഴെ വെക്കാന്‍ പറഞ്ഞാലും അനുസരിക്കാറില്ല.
ഇക്കാരണത്താല്‍ ഫയര്‍സ്റ്റേഷനിലുള്ളവര്‍ ഫോണ്‍ റസീവറില്‍ വെച്ചാലും കട്ടാവാതെ നില്‍ക്കുകയും അത്യാവശ്യക്കാര്‍ വിളിച്ചാല്‍ കിട്ടാതെ പോവുകയും ചെയ്യുന്നു. ഇത് വിലപ്പെട്ട ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനു തടസമാവുകയാണെന്നും കുട്ടികള്‍ ഫോണില്‍ കളിക്കുന്നത് തടയണമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."