പൊലിസുകാരനോട് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവി
കോഴിക്കോട്: യു.എ.പി.എ നടപടികളെ വിമര്‍ശിക്കുന്ന സിനിമാ രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പൊലിസുകാരനോട് വിശദീകരണം ആവശ്യപ്പെട്ട് കമ്മിഷണര്‍ കത്തയച്ചു.
പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദങ്ങള്‍ നടക്കുമ്പോള്‍ 'കാടുപൂക്കുന്ന നേരം' എന്ന സിനിമയിലെ സംഭാഷണം ഷെയര്‍ ചെയ്ത കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലിചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനോടാണ് കമ്മിഷണര്‍ വിശദീകരണം ആവശ്യപ്പെട്ടത്.
ഒരു ഉത്തരവാദപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ പൊലിസ് സേനാംഗങ്ങള്‍ പാലിക്കേണ്ട സംസ്ഥാന പൊലിസ് മേധാവിയുടെ 4515 സര്‍ക്കുലറിന് വിരുദ്ധമാണെന്നും അഞ്ചു ദിവസത്തിനുള്ളില്‍ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് ഉമേഷിന് നോട്ടിസയച്ചത്.
നവംബര്‍ മൂന്നിനാണ് സിനിമയുടെ പോസ്റ്ററിനൊപ്പം സിനിമയുടെ സംവിധായകന്‍ കൂടിയായ ഡോ.ബിജു എഴുതിയ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത്.
ഏറുമാടത്തില്‍ ഇരിക്കുന്ന സ്ത്രീയോട് പൊലിസുകാരന്‍ 'നിങ്ങളെങ്ങനെ മാവോയിസ്റ്റായി' എന്ന് ചോദിക്കുമ്പോള്‍ 'ഞാന്‍ മാവോയിസ്റ്റാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന്' തുടങ്ങുന്ന സിനിമയിലെ സംഭാഷണമാണ് ബിജു പങ്കുവച്ചത്.
കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ ഏറ്റവും ആകര്‍ഷിച്ച ഭാഗങ്ങളിലൊന്ന് ഈ സംഭാഷണമായിരുന്നു.
മൂന്നു വര്‍ഷം കഴിയുമ്പോഴും അത് കേരളത്തിന്റെ നെഞ്ചില്‍ കത്തി നില്‍ക്കുന്നു എന്ന തലക്കെട്ടോടെയാണ് ഉമേഷ് വള്ളിക്കുന്ന് റീപോസ്റ്റ് ചെയ്തത്.
മുമ്പ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എസ്.എം സ്ട്രീറ്റില്‍ വച്ചുണ്ടായ സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവിയെ സമൂഹമാധ്യമങ്ങള്‍ വഴി വിമര്‍ശിച്ചതിന് ഉമേഷ് വകുപ്പുതല നടപടി നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."