ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരേ ജാമ്യമില്ലാ കേസ്
തളിപ്പറമ്പ്: കാറിന് അരികു കൊടുത്തില്ലെന്ന് ആരോപിച്ച് കാന്‍സര്‍ രോഗിയെയും സഹോദരനെയും മര്‍ദിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റിനും സംഘത്തിനുമെതിരേ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി ഗംഗാധരന്, രഞ്ജിത്ത്, സുരേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേയാണ് കേസ്.
തളിപ്പറമ്പ് പൂക്കോത്തുനടയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെ അക്രമത്തിനിരയായ തലശ്ശേരി ബ്രണ്ണന്‍ കോളജ് മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ (24) യുടെ മൊഴിയനുസരിച്ചാണ് കേസെടുത്തത്. ഗോകുല്‍ കൃഷ്ണയെയും സഹോദരനെയും തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ രഞ്ജിത്ത്, ഗംഗാധരന്, സുരേഷ് എന്നിവരാണ് തങ്ങളെ അടിച്ചതെന്നും സത്യപ്രകാശ് അക്രമികള്‍ക്ക് സൗകര്യാര്‍ഥം തങ്ങളെ തടഞ്ഞുനിര്‍ത്തിയെന്നുമാണ് ഗോകുലും സഹോദരനായ അര്‍ജുനും മൊഴി നല്‍കിയത്.
നട്ടെല്ലിനും അരക്കെട്ടിനും ട്യൂമര്‍ ബാധിച്ച ഗോകുല്‍ കൃഷ്ണയ്ക്ക് ബസ് യാത്ര സാധ്യമല്ലാത്തതിനാല്‍ കാറില്‍ അനുജന് അര്‍ജുനോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സത്യപ്രകാശിന്റെ ഇന്നോവ കാറിന് വളപട്ടണം പാലം മുതല്‍ അരിക് കൊടുത്തില്ലെന്ന് ആരോപിച്ച് പൂക്കോത്ത് നടയില്‍ വച്ച് തടഞ്ഞ് മര്‍ദിച്ചത്. കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞിട്ടും മര്‍ദനം നിര്‍ത്തിയില്ലെന്ന് ഗോകുലും അര്‍ജുനും മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."