കുടിശിക ബില്ലുകളിലെ ജി.എസ്.ടി:നിര്‍മാണങ്ങള്‍ പ്രതിസന്ധിയിലേക്കെന്ന്
കണ്ണൂര്‍: പൊതുമരാമത്ത് പ്രവൃത്തികളുടെ കുടിശിക ബില്ലുകള്‍ ജി.എസ്.ടിയിലേക്ക് മാറ്റിയതോടെ വികസന നിര്‍മാണ പ്രവൃത്തികള്‍ പ്രതിസന്ധിയിലേക്കെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. ചരക്കു സേവന നികുതി നിലവില്‍ വന്നതോടെ കരാറുകാര്‍ പ്രവൃത്തി പൂര്‍ത്തിയാക്കേണ്ട സമയത്തിനില്‍ 18 ശതമാനം നികുതി അടക്കേണ്ട അവസ്ഥയാണ്. മൂല്യവര്‍ധിത നികുതി സമ്പ്രദായത്തില്‍ നാല് ശതമാനം നിരക്കില്‍ കോമ്പൗണ്ടിങ് നടത്തിയ പ്രവൃത്തികളുടെ ബില്ലുകള്‍ക്ക് ഇപ്പോള്‍ ജി.എസ്.ടി പ്രകാരം 18 ശതമാനം വരെ നികുതി നല്‍കേണ്ടിവരും. നാല് ശതമാനം നിലവിലുള്ളപ്പോള്‍ തന്നെ ഓവര്‍ഹെഡ് ചാര്‍ജായി അഞ്ച് ശതമാനം തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അധിക ചെലവ് വരുന്നതിനാല്‍ ത്രിതല പഞ്ചായത്തുകളില്‍ ടാറിങ് പ്രവര്‍ത്തികള്‍ക്കാവശ്യമായ ടാര്‍ പഞ്ചായത്ത് തന്നെ നേരിട്ട് വാങ്ങി നല്‍കാന്‍ തയാറാകണം. കരാറുകാരുടേതല്ലാത്ത കാരണത്താലുണ്ടാകുന്ന അധികബാധ്യത താങ്ങാനാകില്ലയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലക്ടരുടെ നേതൃത്വത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജനങ്ങളെ ബോധവത്കരിക്കാന്‍ അടുത്ത മാസം 16, 17 തിയതികളില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. 17ന് വൈകുന്നേരം മൂന്നിന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ജാഥ കണ്ണൂര്‍ ടൗണില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി. അബ്ദുല്‍കരീം, പി.എം ഉണ്ണികൃഷ്ണന്‍, കെ. രത്‌നാകരന്‍, ടി.യു ഉലഹന്നാന്‍, ഡി. ശശിധരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."