അപൂര്‍വ ദേശാടന പക്ഷി വെള്ളക്കറുപ്പന്‍ മേടുതപ്പി കേരളത്തിലെത്തി
പൊന്നാനി: അപൂര്‍വ ഇനത്തില്‍പ്പെട്ട ദേശാടന പക്ഷിയായ വെള്ളക്കറുപ്പന്‍ മേടുതപ്പിയെ പൊന്നാനി-തൃശൂര്‍ കോള്‍പാടങ്ങളിലെ പാടശേഖരങ്ങളില്‍ കണ്ടെത്തി. ശരീരത്തിന് വെള്ളയും കറുപ്പും ഇടകലര്‍ന്ന നിറമാണ്. പൈഡ് ഹാരിയര്‍ എന്ന് അറിയപ്പെടുന്ന ഈ പക്ഷിയുടെ കാലിന്റെ ഭാഗം വെള്ള നിറത്തിലാണ്. ചിറകുകള്‍ എണ്ണക്കറുപ്പും കണ്ണുകള്‍ തിളങ്ങുന്ന മഞ്ഞയും നിറമാണ്. പരുന്തുകളിലെ സുന്ദരന്‍മാര്‍ എന്നും വിളിപ്പേരുള്ള വെള്ളക്കറുപ്പന്‍ മേടുതപ്പി കോള്‍പാടത്തിലെത്തിയത് കൗതുകക്കാഴ്ചയായി.
കഴിഞ്ഞ ദിവസമാണ് പക്ഷി നിരീക്ഷകനായ കൃഷ്ണകുമാര്‍ അയ്യരും മനോജ് കരിങ്ങാമഠത്തിലും കോള്‍ മേഖലയില്‍പ്പെട്ട പാടശേഖരത്ത് ആണ്‍ വര്‍ഗത്തില്‍പ്പെട്ട വെള്ളക്കറുപ്പന്‍ മേടുതപ്പിയെ കണ്ടെത്തിയത്. ദേശാടനപക്ഷിയായ ഇവ വടക്കു കിഴക്കന്‍ ചൈന മുതല്‍ വടക്കന്‍ കൊറിയ വരെയുള്ള സ്ഥലങ്ങളില്‍നിന്നാണ് വരുന്നത്. 45 സെ.മി നീളവും 115 സെ.മി ചിറകു വിരിപ്പുമുള്ള ഈ പക്ഷി നെല്‍പ്പാടങ്ങളിലും ചതുപ്പിലുമാണ് ഇര തേടുക. ഹിമാലയത്തില്‍ അതിശൈത്യമാകുമ്പോള്‍ ഇവ ദേശാടനത്തിനായി ദക്ഷിണേന്ത്യയിലേക്കും ശ്രീലങ്കയിലേക്കും പറക്കും. ഇതിനു മുന്‍പ് ഒന്‍പതു തവണ മാത്രമാണ് കേരളത്തില്‍ ഇവയെ കണ്ടെത്തിയിട്ടുള്ളതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."