ബസ് നിര്‍മാണ കമ്പനികളിലെ ഡ്രൈവര്‍മാരെ നിയമിക്കുവാനുള്ള നടപടി കെ.എസ്.ആര്‍.ടി.സി ഉപേക്ഷിക്കണം: ഐ.എന്‍.ടി.യു.സി
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി നിരത്തിലിറക്കുവാന്‍ പോകുന്ന സ്‌കാനിയ, കോറോണ, വോള്‍വോ എന്നീ കമ്പനികളിലെ ഡ്രൈവര്‍മാരെ നിയമിച്ചു കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുവാനുള്ള നടപടികള്‍ ഉപേക്ഷിക്കണമെന്നു കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) വാര്‍ഷിക സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പി.എസ്.സി അഡൈ്വസ് മെമ്മോ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നല്‍കാത്ത മാനേജ്‌മെന്റ് നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം ആരോപിച്ചു.
കാസര്‍കോടു നിന്നു കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമായ മര്‍ക്കാറയിലേക്കു സര്‍വിസ് ആരംഭിച്ചിട്ടു പതിമൂന്നു വര്‍ഷമായെങ്കിലും പ്രസ്തുത സര്‍വിസ് ഓടാതെ നില്‍ക്കുകയാണ്. തീര്‍ഥാടന കേന്ദ്രമായ കര്‍ണാടകയിലെ ധര്‍മ്മസ്ഥല, സുബ്രഹ്മണ്യ എന്നീ മേഖലകളിലെയും എന്‍ഡോസള്‍ഫാന്‍ മേഖലയായ വാണിനഗറിലേക്കുള്ള സര്‍വിസുകളും നിലച്ചിട്ട് വര്‍ഷങ്ങളായി. ഇത്തരം സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വേണുഗോപാലന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബിജു ജോണ്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പി.വി ഉദയകുമാര്‍, എ.എന്‍ രാജേഷ്, എം.പി വിജയന്‍, കൃഷ്ണഭട്ട്, ഗംഗാധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."