ജലച്ചോര്‍ച്ച നില്‍ക്കുന്നില്ല; നാട്ടുകാര്‍ സമരത്തിലേക്ക്
എടച്ചേരി: മാസങ്ങളോളമായി എടച്ചേരി, പുറമേരി പഞ്ചായത്തുകളില്‍ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നതിന് ഇനിയും പരിഹാരമായില്ല. നിരവധി തവണ പഞ്ചായത്തുകളിലും ജല അതോറിറ്റി ഓഫിസിലും പരാതികള്‍ കൊടുത്തിട്ടും പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ല. മാസങ്ങള്‍ ഇടവിട്ട് ഒരു സ്ഥലത്ത് തന്നെയാണ് പൈപ്പ് പൊട്ടി ശുദ്ധവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത്. എടച്ചേരി പഞ്ചായത്തിലെ തലായിയിലും, പുറമേരി പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റി ഓഫിസിന് തൊട്ടടുത്തുള്ള മുബാറക് പള്ളിപ്പരിസരത്തുമാണ് ഇപ്പോള്‍ പൈപ്പ് പൊട്ടിയിരിക്കുന്നത്. എടച്ചേരി വേങ്ങോളി റോഡിലും ജലം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വാട്ടര്‍ അതോറിറ്റി ഓഫിസിന്റെ വിളിപ്പാടകലെ തലായി കാരക്കോത്ത് മുക്കിലെ പമ്പ് ഹൗസ് ജീര്‍ണിച്ച് ഏത് നിമിഷവും നിലംപൊത്തുന്ന മട്ടിലാണ്. അതിനിടയിലാണ് പമ്പ് ഹൗസിനുള്ളിലെ മെയിന്‍ പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്നത്. എടച്ചേരി, പുറമേരി പഞ്ചായത്തുകളിലെ അതിര്‍ത്തിയിലുള്ള ഈ പമ്പ് ഹൗസ് വഴിയാണ് ഇരുപഞ്ചായത്തുകളിലുമായി നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തുന്നത്. അധികൃതരുടെ മൂക്കിന്‍ തുമ്പിലാണ് കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുന്നതെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. തലായി പമ്പ് ഹൗസിന്റെ അപകടാവസ്ഥയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കശുമാവ് പൂര്‍ണമായും ഈ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് ചാഞ്ഞിരിക്കുകയാണ്. കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ചുവരുകള്‍ മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ജനലുകളുടെ കമ്പിയും, മരങ്ങളും ദ്രവിച്ചു തീര്‍ന്ന് പാളികള്‍ അടര്‍ന്ന മട്ടിലാണ്.
പുറമേരി വാട്ടര്‍ അതോറിറ്റിയില്‍ നിന്നു രാവിലെയും വൈകുന്നേരവും ജീവനക്കാരെത്തി വെള്ളം പമ്പു ചെയ്യുകയാണ് പതിവ്.
കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളിലെ ശുദ്ധജലം പാഴായിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ശക്തമായ സമരത്തിലേക്കിറങ്ങുകയാണ്.
ശുദ്ധ ജലവിതരണത്തിന് സ്ഥാപിച്ച കുഴലുകള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചു പോയതാണ് ഇടയ്ക്കിടെ പൊട്ടാന്‍ കാരണമെന്ന് പുറമേരി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവിലുള്ള ജി.ഐ പൈപ്പിന് പകരം ഡി.ഐ സ്ഥാപിച്ചാല്‍ ജലച്ചോര്‍ച്ചയ്ക്ക് ശാശ്വത പരിഹാരമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. കൈനാട്ടി-നാദാപുരം റോഡ് വികസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ പൈപ്പ് മാറ്റലും ഉണ്ടാകുമെന്നു ജീവനക്കാര്‍ പറഞ്ഞു. ഇതിനായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജല അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."